India Masters Champions: കരീബിയന്‍ കരുത്ത് നിഷ്പ്രഭമാക്കി റായിഡുവിന്റെ പഞ്ച്; സച്ചിനും സംഘത്തിനും മുന്നില്‍ മുട്ടുമടക്കി ലാറയും ടീമും; ഇന്ത്യ മാസ്റ്റേഴ്‌സിന് കിരീടം
International Masters League 2025 India Masters vs West Indies Masters Final: ഇന്ത്യ മാസ്റ്റേഴ്‌സിന് കിരീടം. ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെ ആറു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ് 20 ഓവറില്‍ 148 റണ്‍സ് നേടി. ഇന്ത്യ മാസ്‌റ്റേഴ്‌സ് 17.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. 50 പന്തില്‍ 74 റണ്‍സെടുത്ത അമ്പാട്ടി റായിഡുവാണ് മാന്‍ ഓഫ് ദ മാച്ച്

ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗില്‍ ഇന്ത്യ മാസ്റ്റേഴ്‌സിന് കിരീടം. ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെ ആറു വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 148 റണ്‍സ് നേടി. ഇന്ത്യ മാസ്‌റ്റേഴ്‌സ് 17.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. 50 പന്തില്‍ 74 റണ്‍സെടുത്ത അമ്പാട്ടി റായിഡുവാണ് കളിയിലെ താരം.
ഓപ്പണറായ ഡ്വെയ്ന്‍ സ്മിത്ത് ഒരു വശത്ത് അടിച്ചുതകര്‍ത്തെങ്കിലും സഹ ഓപ്പണറായ ക്യാപ്റ്റന്‍ ബ്രയാന്‍ ലാറയെയും, വില്യം പെര്‍ക്കിന്‍സിനെയും തുടക്കത്തില്‍ തന്നെ പുറത്താക്കാനായത് ഇന്ത്യ മാസ്റ്റേഴ്‌സിന് ആശ്വാസമായി. ആറു റണ്‍സ് വീതം നേടിയ ഇരുവരുടെയും വിക്കറ്റുകള്‍ വിനയ് കുമാറും, ഷഹ്ബാസ് നദീമും പങ്കിട്ടു.
തുടര്‍ന്ന് 35 പന്തില്‍ 45 റണ്‍സെടുത്ത സ്മിത്തിനെ പുറത്താക്കി നദീം വീണ്ടും വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു. തുടര്‍ന്നെത്തിയ ബാറ്റര്‍മാരില്‍ ലെന്‍ഡല്‍ സിമ്മന്‍സിന് മാത്രമാണ് തിളങ്ങാനായത് 41 പന്തില്‍ 57 റണ്‍സെടുത്ത സിമ്മന്‍സിനെ വിനയ് കുമാര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് പുറത്താക്കി.




മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഏഴ് വിക്കറ്റിന് 148 എന്ന നിലയില്‍ അവസാനിച്ചു. ഇന്ത്യ മാസ്‌റ്റേഴ്‌സിന് വേണ്ടി വിനയ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷഹ്ബാസ് നദീം രണ്ട് വിക്കറ്റും, പവന്‍ നേഗി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Read Also : IPL 2025: സഞ്ജുവിൻ്റെ പരിക്ക് ഭേദമായി; സൺറൈസേഴ്സിനെതിരായ ആദ്യ കളി തന്നെ കളിയ്ക്കുമെന്ന് റിപ്പോർട്ട്
മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മാസ്റ്റേഴ്‌സിന് ഓപ്പണര്‍മാരായ അമ്പാട്ടി റായിഡുവും, ക്യാപ്റ്റന്‍ സച്ചിന്‍ തെണ്ടുല്‍ക്കറും മികച്ച തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ബോര്‍ഡില്‍ 67 റണ്‍സ് എത്തിനില്‍ക്കവെയാണ് ഇന്ത്യ മാസ്‌റ്റേഴ്‌സിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 18 പന്തില്‍ 25 റണ്‍സെടുത്ത സച്ചിനെ പുറത്താക്കി ടിനോ ബെസ്റ്റാണ് ആദ്യ പ്രഹരം സമ്മാനിച്ചത്.
ഗുര്‍കീറത് സിങ് മാന്‍ (12 പന്തില്‍ 14), യൂസഫ് പത്താന്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. ആഷ്‌ലി നഴ്‌സാണ് ഇരുവരെയും പുറത്താക്കിയത്. റായിഡുവിന്റെ വിക്കറ്റ് സുലൈമാന്‍ ബെന്‍ സ്വന്തമാക്കി. നാലാം വിക്കറ്റില്‍ യുവരാജ് സിങും (11 പന്തില്‍ 13), സ്റ്റുവര്‍ട്ട് ബിന്നിയും (ഒമ്പത് പന്തില്‍ 16) പുറത്താകാതെ ഇന്ത്യ മാസ്റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചു.