5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Chess Olympiad: ബുഡാപെസ്റ്റിൽ ‘ബഡാ’ ഇന്ത്യ; ചെസ് ‌‌ഒളിമ്പ്യാഡിൽ ഇന്ത്യക്ക് കിരീടം

45th Chess Olympiad: ഓപ്പണ്‍ വിഭാഗത്തില്‍ സ്ലൊവേനിയൻ താരങ്ങൾക്കെതിരായ ഡി. ഗുകേഷിന്റെയും അര്‍ജുന്‍ എറിഗൈസിയുടെയും വിജയങ്ങളാണ് ഇന്ത്യയെ കിരീടത്തിലെത്തിച്ചത്. വനിതാ വിഭാ​ഗത്തിൽ ഹരിക ദ്രോണവല്ലി, ദിവ്യ ദേശ്മുഖ്, വന്തിക അഗര്‍വാള്‍ എന്നിവരുടെ പ്രകടനവും നിർണ്ണായകമായി.

Chess Olympiad: ബുഡാപെസ്റ്റിൽ ‘ബഡാ’ ഇന്ത്യ; ചെസ് ‌‌ഒളിമ്പ്യാഡിൽ ഇന്ത്യക്ക് കിരീടം
Credits : International Chess Federation
Follow Us
athira-ajithkumar
Athira CA | Updated On: 23 Sep 2024 06:21 AM

ബുഡാപെസ്റ്റ്: 45-ാം ലോക ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് ഇരട്ടിമധുരം. ചാമ്പ്യന്‍ഷിപ്പിന്റെ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ചാമ്പ്യന്മാരായാണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഇരുവിഭാ​ഗങ്ങളിലും ഇന്ത്യ സ്വർണം നേടുന്നത്. 21 പോയിന്റുമായാണ് ഓപ്പൺ വിഭാ​ഗത്തിൽ ഇന്ത്യ ജേതാക്കളായത്. വനിതാ വിഭാ​ഗത്തിൽ 19 പോയിന്റുമായാണ് ഇന്ത്യ ജേതാക്കളായത്.

അർജുൻ എറിഗൈസി, ഡി ഗുകേഷ്, ആര്‍. പ്ര​ഗ്നാന്ദ, വിദിത് ഗുജറാത്തി, പെൻ്റല ഹരികൃഷ്ണ, ശ്രീനാഥ് നാരായണൻ (ക്യാപ്റ്റൻ) എന്നിവരടങ്ങുന്ന ടീമാണ് ഓപ്പൺ വിഭാ​ഗത്തിൽ സ്വർണം നേടിയത്. കഴിഞ്ഞ ദിവസം തന്നെ ഇന്ത്യ ഓപ്പൺ വിഭാ​ഗത്തിൽ കിരീടം ഉറപ്പിച്ചിരുന്നു. ഫെെനൽ റൗണ്ടിൽ സ്ലൊവേനിയയെ തകർത്താണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: ഇന്ത്യ-3.5; സ്ലൊവേനിയ- 0.5. ടൂർണമെന്റിൽ രണ്ടാം സ്ഥാനത്തായിരുന്ന ചെെനയ്ക്ക് യുഎസിന് എതിരായ മത്സരത്തിൽ പോയിന്റ് നേടാൻ സാധിക്കാതെ വന്നതും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

“>

 

ഓപ്പണ്‍ വിഭാഗത്തില്‍ സ്ലൊവേനിയൻ താരങ്ങൾക്കെതിരായ ഡി. ഗുകേഷിന്റെയും അര്‍ജുന്‍ എറിഗൈസിയുടെയും വിജയങ്ങളാണ് ഇന്ത്യയെ കിരീടത്തിലെത്തിച്ചത്. അര്‍ജുന്‍ എറിഗൈസി യാന്‍ സുബെൽജിനെയും ഗുകേഷ് വ്ളാഡിമിര്‍ ഫെഡോസീവിനെയും പരാജയപ്പെടുത്തി. യാന്‍ സുബെൽജിനെതിരായ അർജുന്റെ വിജയത്തിന് പിന്നാലെ ഇന്ത്യക്ക് സ്വര്‍ണം ഉറപ്പിക്കാന്‍ ഒരു പോയിന്റ് മതിയായിരുന്നു. എന്നാൽ ​ഗുകേഷിന്റെ വിജയത്തോടെ ഇന്ത്യ കിരീടം സ്വന്തമാക്കി. ആര്‍. പ്ര​ഗ്നാന്ദയുടെ പ്രകടനവും ടൂർണമെന്റിൽ നിർണായകമായി.

വനിതാ വിഭാഗത്തില്‍ ഫെെനൽ റൗണ്ടില്‍ അസര്‍ബെയ്ജാനെ പരാജയപ്പെടുത്തിയാണ് സ്വർണം നേടിയത്. സ്കോർ: ഇന്ത്യ- 3.5; അസർബെയ്ജാൻ- 0.5. 19 പോയിന്റുമായി കീരിടം നേടിയ ടീമിൽ ഹരിക ദ്രോണവല്ലി, വൈശാലി രമേഷ്ബാബു, ദിവ്യ ദേശ്മുഖ്, വന്തിക അഗര്‍വാള്‍, താനിയ സച്ച്‌ദേവ്, അഭിജിത്ത് കുന്തെ എന്നിവർ ഉൾപ്പെടുന്നു. ഹരിക ദ്രോണവല്ലി, ദിവ്യ ദേശ്മുഖ്, വന്തിക അഗര്‍വാള്‍ എന്നിവര്‍ എതിരാളികളെ പരാജയപ്പെടുത്തിയപ്പോൾ വൈശാലി സമനില നേടി.

കോവിഡിനെ തുടർന്ന് 2020-ൽ ഓൺലെെനായി സംഘടിപ്പിച്ച ചെസ് ഒളിമ്പ്യാഡിലും ഇന്ത്യ ചാമ്പ്യന്മാരായിരുന്നു. അന്ന് റഷ്യയുമായി ഇന്ത്യ കിരീടം പങ്കിട്ടു. 2021-ൽ ഇന്ത്യ വെങ്കലം നേടിയിരുന്നു. കഴിഞ്ഞവർഷം ഓപ്പൺവിഭാഗത്തിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

Latest News