T20 world Cup: മധുര പതിനേഴിന്റെ നിറവിൽ ആദ്യ ടി20 ലോകകപ്പ് വിജയം, പാകിസ്താനെ തോൽപ്പിച്ച ധോണിയും സംഘവും
2007 T20 world Cup: 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ടി20 ക്രിക്കറ്റിൽ രണ്ടാം കിരീടം സ്വന്തമാക്കിയത്. 2007 സെപ്റ്റംബർ 24-ന് ദക്ഷിണാഫ്രിക്ക വച്ചായിരുന്നു ആദ്യ കിരീടനേട്ടം.
ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കായികവിനോദമല്ല, ദെെവത്തെ പോലെയാണ് അതിനെ ആരാധധകർ നെഞ്ചോട് ചേർത്തിരിക്കുന്നത്. ഓരോ ലോകകപ്പും ഓരോ ആരാധകനും അത്രമേൽ പ്രധാനപ്പെട്ടതാണ്. ഏകദിനത്തിലെയും ടി20യിലെയും ഓരോ മത്സരവും ആരാധകരിൽ ലഹരി പിടിപ്പിക്കും. ക്രിക്കറ്റ് ആരാധകർക്ക് ആവേശവും അർമ്മാദവുമാണ്. തോൽക്കുമെന്ന് ഉറപ്പിച്ചിടത്തുനിന്നാണ് പാകിസ്താനെ 5 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ പ്രഥമ ടി20 ലോകകപ്പിൽ ചാമ്പ്യന്മാരായത്. മഹാരഥന്മാരായ സച്ചിനും ഗാഗുലിയും ദ്രാവിഡും മാറി നിന്ന കുട്ടി ക്രിക്കറ്റിൽ പുതിയ താരങ്ങളാണ് ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയ്ക്കായി മത്സരിക്കാനിറങ്ങിയത്. നായകനായി ആരാധകരുടെ സ്വന്തം തല എംഎസ് ധോണി.
ആദ്യ മത്സരത്തിനിടെ പാകിസ്താനെതിരെ വിജയിച്ചതോടെ യുവ ടീമിനെ ആരാധകരും വിശ്വസിച്ചു. ബ്രോഡിനെതിരെ ഒരു ഓവറിലെ ആറ് പന്തിലും യുവരാജ് സിംഗ് സിക്സറടിച്ചതായിരുന്നു ടൂർണമെന്റിന്റെ ഹെെലെെറ്റ്. സെമിയിൽ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യയുടെ മുന്നേറ്റം. ഹെയ്ഡനെയും ഗിൽ ക്രിസ്റ്റിനെയും പുറത്താക്കിയ ശ്രീശാന്തിന്റെ സെലിബ്രേഷൻ ഇന്നും ആരാധകരുടെ ഓർമ്മയിലുണ്ട്. ഫെെനലിൽ വീണ്ടും ഇന്ത്യ- പാകിസ്താൻ പോരാട്ടം. നിലവിലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ ഇന്നിംഗ്സിൽ ഇന്ത്യ നേടിയത് 157 റൺസ്. അവസാന ഓവറിൽ പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസ്. ജോഗീന്ദർ ശർമ്മയെ പന്തേൽപ്പിച്ച് നായകൻ എംഎസ് ധോണി ആരാധകരെ അമ്പരപ്പിച്ചു. ജോഗീന്ദർ ഒരു വെെഡും സിക്സറും വഴങ്ങിയെങ്കിലും മൂന്നാം പന്തിൽ മിസ്‌ബാ ഉൾ ഹഖിന് പിഴച്ചു. പന്ത് നേരെ ശ്രീശാന്തിന്റെ കെെകളിലേക്ക്. അങ്ങനെ കന്നി കുട്ടി ക്രിക്കറ്റിന്റെ കിരീടം ദക്ഷിണാഫ്രിക്കയിൽ നിന്ന് കടൽ കടന്ന് 2007 സെപ്റ്റംബർ 24ന് ഇന്ത്യയിലെത്തി.
ജൊഹന്നസ്‌ബർഗിൽ ഇന്ത്യ കിരീടമുയർത്തിയപ്പോൾ ഇർഫാൻ പത്താനായിരുന്നു മാൻ ഓഫ് ദി മാച്ച്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. 75 റൺസുമായി ഗൗതം ഗംഭീറായിരുന്നു ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ മിസ്‌ബാ ഉൾഹഖ് (47) ഭീഷണി ൻഉയർത്തിയെങ്കിലും ജോഗീന്ദർ ശർമ്മയുടെ മീഡിയം പേസിൽ മൂന്ന് പന്ത് ബാക്കിനിൽക്കേ ഇന്ത്യ കിരീടത്തിലെത്തി. 19.3 ഓവറിൽ 152 റൺസുമായി പാകിസ്താൻ ഓൾഔട്ട്. 16 റൺസ് വഴങ്ങി പത്താനും, ആർപി സിംഗ് 26 റൺസ് വിട്ടുകൊടുത്തും മൂന്ന് വിക്കറ്റ് നേടി.
17 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ടി20 കിരീടം നേടുന്നത്. 2007-ൽ ടീമിലുണ്ടായിരുന്ന രോഹിത് ശർമ്മ ഇക്കുറി നായകനായെത്തിയാണ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയത്.