IPL 2025: ‘നിങ്ങളൊരു ഓന്താണെന്ന് റായുഡു; ഓന്ത് തൻ്റെ ആരാധനാപാത്രം ധോണിയാണെന്ന് സിദ്ധു’: കമൻ്ററിക്കിടെ തമ്മിലടിച്ച് താരങ്ങൾ
Ambati Rayudu And Navjot Singh Sidhu Clash: ഐപിഎൽ കമൻ്ററിയ്ക്കിടെ തമ്മിലടിച്ച് മുൻ താരങ്ങളായ അമ്പാട്ടി റായുഡുവും നവ്ജ്യോത് സിംഗ് സിദ്ധുവും. സിദ്ധുവിനെ റായുഡു ഓന്തെന്ന് വിളിച്ചപ്പോൾ ഓന്ത് ധോണിയാണെന്ന് സിദ്ധു തിരിച്ചടിച്ചു.

ഐപിഎൽ കമൻ്ററിയ്ക്കിടെ തമ്മിലടിച്ച് മുൻ ഇന്ത്യൻ താരങ്ങൾ. അമ്പാട്ടി റായുഡുവും നവ്ജോത് സിംഗ് സിദ്ധുവും തമ്മിലാണ് തർക്കമുണ്ടായത്. എംഎസ് ധോണിയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. മുൻപ് തന്നെ ചെന്നൈ സൂപ്പർ കിംഗ്സിനോടും എംഎസ് ധോണിയോടും അമ്പാട്ടി റായുഡു പക്ഷപാദിത്തം കാണിക്കുന്നുണ്ടെന്ന് ആരോപണങ്ങളുയർന്നിരുന്നു.
‘നിങ്ങൾ ഓരോ സമയത്ത് ഇഷ്ടപ്പെട്ട ടീം മാറ്റുന്നുണ്ടല്ലോ. അപ്പോൾ നിങ്ങളൊരു ഓന്താണ്’ എന്ന് റായുഡു പറഞ്ഞു. ഇതിന് മറുപടിയായി, ‘ഈ ലോകത്തൊരു ഓന്തുണ്ടെങ്കിൽ അത് താങ്കളുടെ ആരാധനാപാത്രം (ധോണി) ആണ്’ എന്ന് സിദ്ധുവും മറുപടി നൽകി. ചെന്നൈ സൂപ്പർ കിംഗ്സും പഞ്ചാബ് കിംഗ്സും തമ്മിൽ ഈ മാസം എട്ടിന് നടന്ന മത്സരത്തിനിടെയാണ് സിദ്ധുവും റായുഡും തമ്മിൽ കോർത്തത്.
കമൻ്ററി പാനലിൽ സ്ഥിരം പ്രശ്നക്കാരനാണ് അമ്പാട്ടി റായുഡു. കഴിഞ്ഞ ദിവസം അമ്പാട്ടി റായുഡുവും മുൻ താരം സഞ്ജയ് ബംഗാറും തമ്മിലും തർക്കമുണ്ടായിരുന്നു. ഇഎസ്‌പിഎൻ ക്രിക്ക് ഇൻഫോയുടെ പാനൽ ചർച്ചയിലാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസ് ഇംപാക്ട് സബ് ആയി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരുടെയും ഏറ്റുമുട്ടൽ.




രോഹിത് ശർമ്മ ഫീൽഡിൽ ഇല്ലാത്തത് ഒരു ക്യാപ്റ്റനെന്ന നിലയിൽ ഹാർദ്ദിക്കിന് തിരിച്ചടിയാവുന്നുണ്ടെന്ന് ബംഗാർ പറഞ്ഞപ്പോൾ ഹാർദ്ദികിന് സഹായമൊന്നും വേണ്ടെന്നും ക്യാപ്റ്റനെന്ന നിലയിൽ വെറുതെ വിട്ടാൽ മതിയെന്നുമായിരുന്നു റായുഡുവിൻ്റെ മറുപടി. എന്നാൽ, താങ്കൾ ഒരു ഐപിഎൽ ടീമിനെ നയിച്ചിട്ടില്ലാത്തതുകൊണ്ടാവും ഇങ്ങനെ തോന്നുന്നത് എന്ന് ബംഗാർ പറഞ്ഞു.
Also Read: IPL 2025: ഇംപാക്ട് സബ് രോഹിത്; പാനൽ ചർച്ചയിൽ പരസ്പരം തർക്കിച്ച് റായുഡുവും ബംഗാറും
ആന്ധ്രാപ്രദേശ് സ്വദേശിയായ അമ്പാട്ടി റായുഡു 2004 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. ശിഖർ ധവാൻ, സുരേഷ് റെയ്ന, റോബിൻ ഉത്തപ്പ, ദിനേശ് കാർത്തിക്, ആർപി സിംഗ് തുടങ്ങിയവർ ഉൾപ്പെട്ട ടീമായിരുന്നു ഇത്. ഹൈദരാബാദ് ടീമിൽ കളിച്ചുതുടങ്ങിയ റായുഡു തൻ്റെ സ്വഭാവം കാരണം പിന്നീട് ആന്ധ്രാപ്രദേശ്, ബറോഡ എന്നീ ടീമുകൾക്കായും കളിച്ചു. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പർ കിംഗ്സിനുമായി കളിച്ചിട്ടുണ്ട്. 2013ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ റായുഡു 55 ഏകദിനങ്ങളിലും ആറ് ടി20കളിലും കളിച്ചിട്ടുണ്ട്.