IPL 2025: ഇത് പുതിയ ആർസിബി; ജിതേഷ് ശർമ്മ രക്ഷകവേഷമണിഞ്ഞപ്പോൾ റണ്മല കടന്ന് പോയിൻ്റ് പട്ടികയിൽ രണ്ടാമത്
RCB Wins Against LSG: ഐപിഎലിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ലഖ്നൗവിനെ ആറ് വിക്കറ്റിന് തോല്പിച്ചാണ് ആർസിബി രണ്ടാം സ്ഥാനത്തെത്തിയത്.

ജിതേഷ് ശർമ
ഐപിഎലിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ആറ് വിക്കറ്റിന് ലഖ്നൗവിനെ വീഴ്ത്തിയ ബെംഗളൂരു ഇതോടെ പോയിൻ്റ് പട്ടികയിൽ രണ്ടാമതായി സീസൺ അവസാനിപ്പിച്ചു. ലഖ്നൗ മുന്നോട്ടുവച്ച 228 റൺസ് വിജയലക്ഷ്യം എട്ട് പന്തുകളും ആറ് വിക്കറ്റും ബാക്കിനിൽക്കെ ബെംഗളൂരു മറികടക്കുകയായിരുന്നു. 85 റൺസുമായി പുറത്താവാതെ നിന്ന ജിതേഷ് ശർമ്മയാണ് കളിയിലെ താരം.
നിർണായക മത്സരത്തിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബെംഗളൂരുവിന് ഫിൽ സാൾട്ടും വിരാട് കോലിയും ചേർന്ന് മികച്ച തുടക്കം നൽകി. 61 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 19 പന്തിൽ 30 റൺസ് നേടിയ സാൾട്ടിനെ പുറത്താക്കി ആകാശ് സിംഗ് ഈ കൂട്ടുകെട്ട് പൊളിച്ചു. രജത് പാടിദാറും (7 പന്തിൽ 14) ലിയാം ലിവിങ്സ്റ്റണും വില്ല്യം ഒറൂർകെയുടെ തുടർച്ചയായ പന്തുകളിൽ മടങ്ങി.
നാലാം വിക്കറ്റിൽ മായങ്ക് അഗർവാൾ എത്തിയതോടെ ബെംഗളൂരുവിൻ്റെ സ്കോർ ഉയരാൻ തുടങ്ങി. ഇതിനിടെ 27 പന്തിൽ കോലി ഫിഫ്റ്റി തികച്ചു. മറുവശത്ത് മായങ്കും ഫോമിലേക്കുയർന്നു. 30 പന്തിൽ 54 റൺസ് നേടിയ കോലിയെ പുറത്താക്കി 33 റൺസ് നീണ്ട നാലാം വിക്കറ്റ് കൂട്ടുകെട്ട് ഒടുവിൽ ആവേശ് ഖാനാണ് അവസാനിപ്പിച്ചത്.
Also Read: IPL 2025: ഒറ്റയ്ക്കിരുന്ന് കരയാറുണ്ട്, ഇനി എന്തു ചെയ്യാനാകും? വേദന പങ്കുവച്ച് ആർ അശ്വിൻ
കോലി മടങ്ങിയതിന് പിന്നാലെ എത്തിയ ജിതേഷ് ശർമ്മ ആക്രമണം അഴിച്ചുവിട്ടു. മായങ്കിനെ ഒരുവശത്ത് കാഴ്ചക്കാരനാക്കി നിർത്തിയ ജിതേഷിന് പലതവണ ‘ജീവൻ’ ലഭിച്ചെങ്കിലും താരം അത് മുതലാക്കി. 21 പന്തിൽ താരം തൻ്റെ ഐപിഎൽ കരിയറിലെ ആദ്യ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് ശേഷം ആക്രമണം കടുപ്പിച്ച ജിതേഷ് 33 പന്തുകൾ നേരിട്ട് എട്ട് ബൗണ്ടറിയും ആറ് സിക്സറും സഹിതം 85 റൺസെടുത്ത് പുറത്താവാതെ നിന്നു. 23 പന്തിൽ 41 റൺസ് നേടിയ മായങ്ക് അഗർവാളും നോട്ടൗട്ടാണ്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ അപരാജിതമായ 107 റൺസാണ് അടിച്ചുകൂട്ടിയത്.