IPL 2025: മറ്റുള്ളവർ തോറ്റെങ്കിലും മുംബൈക്ക് വിജയിക്കാനായില്ല; ത്രസിപ്പിക്കുന്ന ജയത്തോടെ പഞ്ചാബ് ഒന്നാമത്
PBKS Wins Against MI: മുംബൈ ഇന്ത്യൻസിനെതിരെ ത്രസിപ്പിക്കുന്ന ജയത്തോടെ പഞ്ചാബ് കിംഗ്സ് പോയിൻ്റ് പട്ടികയിൽ ഒന്നാമത്. മുംബൈയെ ഏഴ് വിക്കറ്റിനാണ് പഞ്ചാബ് വീഴ്ത്തിയത്.
ഐപിഎലിൽ പഞ്ചാബ് കിംഗ്സ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യും. മുംബൈ ഇന്ത്യൻസിനെതിരായ എഴ് വിക്കറ്റ് വിജയത്തോടെയാണ് പഞ്ചാബ് കിംഗ്സ് ആദ്യ രണ്ടുറപ്പിച്ചത്. മുംബൈ മുന്നോട്ടുവച്ച 185 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 9 പന്തുകൾ ബാക്കിനിർത്തി പഞ്ചാബ് മറികടന്നു. പഞ്ചാബിനായി മാച്ച് വിന്നിങ് ഫിഫ്റ്റിയടിച്ച ജോഷ് ഇംഗ്ലിസ് ആണ് കളിയിലെ താരം. പരാജയത്തോടെ മുംബൈ നാലാം സ്ഥാനം ഉറപ്പിച്ചു.
മികച്ച ഫോമിലുള്ള പ്രഭ്സിമ്രാൻ സിംഗിനെ (16 പന്തിൽ 13) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും പ്രിയാൻഷ് ആര്യയും ജോഷ് ഇംഗ്ലിസും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പഞ്ചാബിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ബുംറയെ ബഹുമാനിച്ച് മറ്റ് ബൗളർമാർക്കെതിരെ ആക്രമണം അഴിച്ചുവിട്ട സഖ്യം വേഗത്തിലാണ് സ്കോർ ചെയ്തത്. ഇതിനിടെ 29 പന്തിൽ ഇംഗ്ലിസും 27 പന്തിൽ ആര്യയും ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിയ്ക്ക് പിന്നാലെ 35 പന്തിൽ 62 റൺസ് നേടിയ ആര്യ മിച്ചൽ സാൻ്റ്നറിന് മുന്നിൽ വീണു. 109 റൺസാണ് ഇംഗ്ലിസുമൊത്ത് ആര്യ രണ്ടാം വിക്കറ്റി കൂട്ടിച്ചേർത്തത്. ഏറെ വൈകാതെ 42 പന്തിൽ 73 റൺസ് നേടിയ ഇംഗ്ലിസും മിച്ചൽ സാൻ്റ്നറിൻ്റെ ഇരയായി മടങ്ങി. എന്നാൽ, 16 പന്തിൽ പുറത്താവാതെ 26 റൺസ് നേടിയ ശ്രേയാസ് അയ്യർ പഞ്ചാബിൻ്റെ വിജയറൺ കുറിയ്ക്കുകയായിരുന്നു.




ജയത്തോടെ പഞ്ചാബിന് 14 മത്സരങ്ങളിൽ 19 പോയിൻ്റായി. ഇന്ന് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ വിജയിച്ചാൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 20 പോയിൻ്റുമായി ഒന്നാമത്തെത്തും. പഞ്ചാബ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യും. ബെംഗളൂരു ഇന്ന് തോറ്റാൽ 18 പോയിൻ്റുള്ള ഗുജറാത്ത് തന്നെയാവും രണ്ടാമത്. ബെംഗളൂരു മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യും. എങ്ങനെ ആണെങ്കിലും 16 പോയിൻ്റുള്ള മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്ത് തന്നെ തുടരും.