IPL 2025: ഒടുവില്‍ പന്തിന്റെ ദിനമെത്തി; ആര്‍സിബി ബൗളര്‍മാരെ വിറപ്പിച്ച് ലഖ്‌നൗ ക്യാപ്റ്റന്‍; മികച്ച സ്‌കോര്‍
IPL 2025 RCB vs LSG: എല്ലാ വിമര്‍ശനങ്ങള്‍ക്കും ഇന്നത്തെ തകര്‍പ്പന്‍ പ്രകടനത്തോടെ മറുപടി നല്‍കാന്‍ പന്തിന് സാധിച്ചു. പുറത്താകാതെ 61 പന്തില്‍ 118 റണ്‍സാണ് പന്ത് നേടിയത്. രണ്ടാം വിക്കറ്റിലെ മിച്ചല്‍ മാര്‍ഷ്-ഋഷഭ് പന്ത് പാര്‍ട്ണര്‍ഷിപ്പ് 152 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. 37 പന്തില്‍ 67 റണ്‍സാണ് മാര്‍ഷ് നേടിയത്
വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടി നല്‍കാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് തിരഞ്ഞെടുത്തത് ഐപിഎല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ആര്‍സിബി ബൗളര്‍മാരെ നിര്‍ദാക്ഷിണ്യം പ്രഹരിച്ച ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ സെഞ്ചുറിക്കരുത്തില്‍ ലഖ്‌നൗ അടിച്ചുകൂട്ടിയത് 227 റണ്‍സ്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലഖ്‌നൗ മികച്ച സ്‌കോര്‍ നേടിയത്. ടോസ് നേടിയ ആര്‍സിബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മര്‍ക്രമിന് പകരം മറ്റൊരു പ്രോട്ടീസ് താരം മാത്യു ബ്രീറ്റ്‌സ്‌കി ഇന്ന് ലഖ്‌നൗവിന്റെ പ്ലേയിങ് ഇലവനിലെത്തി. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായില്ല. 12 പന്തില്‍ 14 റണ്‍സെടുത്ത താരം നുവാന്‍ തുഷാരയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
തുടര്‍ന്നായിരുന്നു ഋഷഭ് പന്തിന്റെ വരവ്. സീസണില്‍ അങ്ങേയറ്റം നിരാശജനകമായ പ്രകടനമായിരുന്നു ഇതുവരെ പന്ത് പുറത്തെടുത്തത്. ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് ഈ മത്സരത്തിന് മുമ്പ് വരെ താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 27 കോടിക്ക് ലഖ്‌നൗ സ്വന്തമാക്കിയ പന്തിന്റെ മോശം പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
Read Also: IPL 2025: ഒറ്റയ്ക്കിരുന്ന് കരയാറുണ്ട്, ഇനി എന്തു ചെയ്യാനാകും? വേദന പങ്കുവച്ച് ആര്‍ അശ്വിന്‍




എന്നാല്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കും ഇന്നത്തെ തകര്‍പ്പന്‍ പ്രകടനത്തോടെ മറുപടി നല്‍കാന്‍ പന്തിന് സാധിച്ചു. പുറത്താകാതെ 61 പന്തില്‍ 118 റണ്‍സാണ് പന്ത് നേടിയത്. രണ്ടാം വിക്കറ്റിലെ മിച്ചല്‍ മാര്‍ഷ്-ഋഷഭ് പന്ത് പാര്‍ട്ണര്‍ഷിപ്പ് 152 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. 37 പന്തില്‍ 67 റണ്‍സാണ് മാര്‍ഷ് നേടിയത്. നിക്കോളാസ് പുരന്‍ 10 പന്തില്‍ 13 റണ്‍സെടുത്തു. അബ്ദുല്‍ സമദ് ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.
ആര്‍സിബിക്കായി നുവാന്‍ തുഷാര, ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പ്ലേ ഓഫ് കാണാതെ പുറത്തായ ലഖ്‌നൗവിന്റെ സീസണിലെ അവസാന മത്സരമാണിത്. അതേസമയം, ഇന്നത്തെ മത്സരത്തിലെ വിജയത്തോടെ പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനമാണ് ആര്‍സിബി ലക്ഷ്യമിടുന്നത്.