IPL 2025: ഒന്നാമതെത്താന്‍ പഞ്ചാബിന് വേണം 185 റണ്‍സ്; വീണ്ടും സൂര്യപ്രഭയില്‍ തിളങ്ങി മുംബൈ
IPL 2025 MI vs PBKS: 184 റണ്‍സാണ് മുംബൈ നേടിയത്. ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വീണ്ടും സൂര്യകുമാര്‍ യാദവായിരുന്നു മുംബൈയുടെ ടോപ് സ്‌കോറര്‍. 39 പന്തില്‍ 57 റണ്‍സാണ് മുംബൈ നേടിയത്

രോഹിത് ശര്‍മയുടെ ബാറ്റിങ്
വീണ്ടും സൂര്യകുമാര്‍ യാദവ് രക്ഷകനായി അവതരിച്ചതോടെ പഞ്ചാബ് കിങ്‌സിനെതിരെ ഭേദപ്പെട്ട സ്‌കോര്‍ അടിച്ചുകൂട്ടി മുംബൈ ഇന്ത്യന്‍സ്. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് മുംബൈ നേടിയത്. ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും, റിയാന്‍ റിക്കല്‍ട്ടണും മുംബൈയ്ക്ക് തരക്കേടില്ലാത്ത തുടക്കമാണ് സമ്മാനിച്ചത്. അഞ്ചോവര്‍ വരെ വിക്കറ്റ് കളയാതെ ബാറ്റ് ചെയ്ത മുംബൈ ഓപ്പണര്‍മാര്‍ 45 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പ് കെട്ടിപ്പൊക്കി. എന്നാല്‍ മാര്‍ക്കോ യാന്‍സന്റെ പന്തില്‍ റിക്കല്‍ട്ടണ്‍ പുറത്തായതോടെ മുംബൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 20 പന്തില്‍ 27 റണ്‍സാണ് റിക്കല്‍ട്ടണ്‍ നേടിയത്.
രണ്ടാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവ്-രോഹിത് സഖ്യം മുംബൈയെ പോറലേല്‍ക്കാതെ ഒരുപരിധിവരെ കാത്തു. 9.3 ഓവറില്‍ മുംബൈ സ്‌കോര്‍ബോര്‍ഡ് 81 റണ്‍സില്‍ എത്തിയപ്പോള്‍ 21 പന്തില്‍ 24 റണ്‍സെടുത്ത രോഹിത് ഹര്‍പ്രീത് ബ്രാറിന് വിക്കറ്റ് സമ്മാനിച്ചു മടങ്ങി.
തൊട്ടടുത്ത ഓവറില്‍ തിലക് വര്‍മ(നാല് പന്തില്‍ ഒന്ന്)യും വിക്കറ്റ് കളഞ്ഞുകുളിഞ്ഞു. അടിച്ചുകളിക്കാനെത്തിയ വില്‍ ജാക്ക്‌സും പെട്ടെന്ന് മടങ്ങി. എട്ട് പന്തില്‍ 17 റണ്‍സാണ് ജാക്ക്‌സ് നേടിയത്. വൈശാഖ് വിജയ് കുമാറാണ് രണ്ട് വിക്കറ്റും സ്വന്തമാക്കിയത്.
തുടര്‍ന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയോടൊപ്പം ചേര്‍ന്ന് സൂര്യകുമാറിന്റെ രക്ഷാപ്രവര്‍ത്തനം. എന്നാല്‍ യാന്‍സന്‍ വീണ്ടും ആഞ്ഞടിച്ചതോടെ മുംബൈയ്ക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. 15 പന്തില്‍ 26 റണ്‍സെടുത്ത ഹാര്‍ദ്ദിക് മടങ്ങുമ്പോള്‍ 150 റണ്‍സായിരുന്നു മുംബൈയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.
ഏഴാമനായി ബാറ്റിങിന് ഇറങ്ങിയ നമന്‍ ധിര്‍ മോശമാക്കിയില്ല. 12 പന്തില്‍ 20 റണ്‍സെടുത്ത ധിറിന്റെ കാമിയോ ഇന്നിങ്‌സ് മുംബൈ സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് ചലിപ്പിച്ചു. അര്‍ഷ്ദീപ് സിങാണ് ധിറിനെ പുറത്താക്കിയത്. അവസാന പന്തില്‍ മുംബൈയുടെ ടോപ് സ്‌കോററായ സൂര്യകുമാറിനെ പുറത്താക്കി അര്‍ഷ്ദീപ് വിക്കറ്റ് നേട്ടം രണ്ടാക്കി. 39 പന്തില്‍ 57 റണ്‍സാണ് സൂര്യ നേടിയത്. ഒരു പന്തില്‍ ഒരു റണ്‍സെടുത്ത മിച്ചല്‍ സാന്റ്‌നര്‍ പുറത്താകാതെ നിന്നു.
ലക്ഷ്യം ഒന്നാം സ്ഥാനം
നിലവില്‍ പോയിന്റ് പട്ടികയില്‍ പഞ്ചാബ് രണ്ടാം സ്ഥാനത്തും, മുംബൈ നാലാം സ്ഥാനത്തുമാണ്. ഇരുടീമുകളും നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. വിജയിക്കുന്ന ടീമിന് താല്‍ക്കാലികമായെങ്കിലും ഒന്നാം സ്ഥാനത്തെത്താം. നാളെ നടക്കുന്ന മത്സരത്തില്‍ എല്‍എസ്ജിയെ തോല്‍പിച്ചാല്‍ ആര്‍സിബിക്കും ഒന്നാമതെത്താന്‍ അവസരമുണ്ട്. പക്ഷേ, റണ്‍ റേറ്റ് നിര്‍ണായകമാകും.