IPL 2025: ‘ഇനി ഐപിഎലിലേക്കില്ല’; തിരികെവരില്ലെന്ന് ഡൽഹി ക്യാപിറ്റൽസിനെ അറിയിച്ച് മിച്ചൽ സ്റ്റാർക്ക്
Mitchell Starc Wont Comeback To IPL: ഈ ഐപിഎൽ സീസണിൽ താൻ ഇനി കളിക്കില്ലെന്ന് മിച്ചൽ സ്റ്റാർക്ക്. ഇക്കാര്യം ഡൽഹി ക്യാപിറ്റൽസിനെ താരം അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ.

മിച്ചൽ സ്റ്റാർക്ക്
ഐപിഎൽ സീസണിലേക്ക് തിരികെവരില്ലെന്നറിയിച്ച് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക്. ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന മിച്ചൽ സ്റ്റാർക്ക് അവശേഷിക്കുന്ന മത്സരങ്ങൾ കളിക്കാനായി തിരികെവരുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ഈ സീസണിൽ ഇനി മത്സരങ്ങൾ കളിക്കാനില്ലെന്ന് താരം ഡൽഹി ക്യാപിറ്റൽസിനെ അറിയിച്ചു എന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
11.75 കോടി രൂപയ്ക്കാണ് സ്റ്റാർക്കിനെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചത്. ഡൽഹി കളിച്ച 11 മത്സരങ്ങളിലും സ്റ്റാർക്ക് ടീമിൽ ഉൾപ്പെട്ടിരുന്നു. ആകെ 14 വിക്കറ്റാണ് ഇതുവരെ താരം നേടിയത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി സ്റ്റാർക്ക് ഫോമിലായിരുന്നില്ല. എങ്കിലും പ്ലേ ഓഫ് പ്രതീക്ഷയുള്ള ഡൽഹിയുടെ പ്രധാന താരമായിരുന്നു സ്റ്റാർക്ക്. 11 മത്സരങ്ങളിൽ നിന്ന് ആറ് ജയം സഹിതം 13 പോയിൻ്റുള്ള ഡൽഹി നിലവിൽ അഞ്ചാം സ്ഥാനത്താണ്.
Also Read: IPL 2025: “പോ പോ, ദൂരെപ്പോ”; വിമാനത്താവളത്തിൽ വച്ച് വ്ലോഗറെ തുരത്തി മിച്ചൽ സ്റ്റാർക്ക്
ഇന്ത്യ – പാകിസ്താൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ ഈ മാസം 17നാണ് പുനരാരംഭിക്കുക. 17ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. മെയ് 29 മുതൽ പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കും. ഇനിയുള്ള ഗ്രൂപ്പ് മത്സരങ്ങൾ ആറ് വേദികളിലായാണ് നടക്കുക. പ്ലേ ഓഫ് വേദികൾ തീരുമാനിച്ചിട്ടില്ല.