IPL 2025: ഒറ്റയ്ക്കിരുന്ന് കരയാറുണ്ട്, ഇനി എന്തു ചെയ്യാനാകും? വേദന പങ്കുവച്ച് ആര്‍ അശ്വിന്‍
Ravichandran Ashwin: 9.75 കോടി രൂപയാണ് ചെന്നൈ അശ്വിനെ ടീമിലെത്തിച്ചത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ മാത്രമാണ് അശ്വിന് നേടാനായത്. ഐപിഎല്ലില്‍ ഇതിന് മുമ്പ് ഇത്രയും നിരാശനായിട്ടില്ലെന്നും താരം

ആര്‍. അശ്വിന്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രകടനം ഇത്തവണ പരിതാപകരമായിരുന്നു. 14 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. ഏറ്റവും അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. ടീമിന്റെ മോശം പ്രകടനത്തില്‍ വേദന പങ്കുവച്ച് സിഎസ്‌കെ താരം ആര്‍ അശ്വിന്‍ രംഗത്തെത്തി. ഇത്തവണ തന്റെ പ്രകടനവും മികച്ചതായിരുന്നില്ലെന്നും അശ്വിന്‍ പറഞ്ഞു. ടീമിന്റെ മോശം പ്രകടനത്തില്‍ ഒറ്റയ്ക്കിരുന്ന് കരയാറുണ്ടെന്നും താരം പറഞ്ഞു. ഇത്തവണ 9.75 കോടി രൂപയാണ് ചെന്നൈ അശ്വിനെ ടീമിലെത്തിച്ചത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ മാത്രമാണ് അശ്വിന് നേടാനായത്. ടീമിന്റെ പ്രകടനത്തെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുന്നതിനിടെ അശ്വിനോട് സിഎസ്‌കെ വിടാന്‍ ഒരു ആരാധകന്‍ ആവശ്യപ്പെട്ടു.
“പ്രിയപ്പെട്ട അശ്വിൻ, ഒരുപാട് സ്നേഹത്തോടെ, ദയവായി എന്റെ പ്രിയപ്പെട്ട സിഎസ്‌കെ കുടുംബത്തെ വിട്ടുപോകൂ”-എന്നായിരുന്നു ആരാധകന്റെ കമന്റ്. ഈ കമന്റ് അശ്വിന്റെയും ശ്രദ്ധയില്‍പെട്ടു. തുടര്‍ന്നാണ് ഇത്തവണ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് അശ്വിന്‍ സമ്മതിച്ചത്.
ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് താനും ആഗ്രഹിച്ചതെന്ന് ആരാധകര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സീസണില്‍ മികച്ച രീതിയില്‍ തിരിച്ചെത്താനാകുമെന്നും താരം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Ashwin Responded to “Leave my beautiful Franchise “ quote
🔗 https://t.co/Z7LnBKN4Dj pic.twitter.com/wvyQux3IBc
— Prakash (@definitelynot05) May 27, 2025
ഫ്രാഞ്ചൈസിയോടുള്ള ആരാധകന്റെ സ്‌നേഹമാണ് ആ കമന്റില്‍ നിന്നും തനിക്ക് മനസിലാകുന്നതെന്നും അശ്വിന്‍ പ്രതികരിച്ചു. എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് മനസ്സിലാകും. തനിക്കും ടീമിനോട് അതേ സ്‌നേഹവും താല്‍പര്യവുമാണുള്ളത്. കയ്യില്‍ പന്ത് കിട്ടിയാല്‍ അത് എറിയാനും, ബാറ്റ് തന്നാല്‍ ബാറ്റ് ചെയ്യാനും സാധിക്കും. ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പവര്‍പ്ലേയില്‍ താന്‍ ധാരാളം റണ്‍സ് വിട്ടുകൊടുത്തതായും അശ്വിന്‍ വ്യക്തമാക്കി.
പവര്‍പ്ലേയില്‍ പന്തെറിയാന്‍ അടുത്ത വര്‍ഷം താന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ നോക്കുമെന്നും, അതാണ് തനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യമെന്നും അശ്വിന്‍ വ്യക്തമാക്കി. ആരാധകരേക്കാൾ കൂടുതൽ സിഎസ്‌കെയെ താൻ സ്നേഹിക്കുന്നു. ഐപിഎല്ലില്‍ ഇതിന് മുമ്പ് ഇത്രയും നിരാശനായിട്ടില്ലെന്നും താരം വെളിപ്പെടുത്തി. 2009ലും, 2010ലും സിഎസ്‌കെയ്‌ക്കൊപ്പമുണ്ടായിരുന്നു. ഏഴ് വര്‍ഷം ടീമിനായി കളിച്ചു. ചെന്നൈയ്‌ക്കൊപ്പം താന്‍ കിരീടം നേടിയിട്ടുമുണ്ട്. അതുകൊണ്ട് ഇത്തവണ സങ്കടം തോന്നുന്നുണ്ട്. ഒറ്റയ്ക്ക് ഒരു മൂലയിലിരുന്ന് കരയാറുണ്ട്. ഇനി എന്തുചെയ്യാനാകുമെന്നാണ് ആലോചന. അതാണ് തന്റെ ലക്ഷ്യമെന്നും അശ്വിന്‍ വ്യക്തമാക്കി.