IPL 2025: തുടരെ നാല് സിക്സടിക്കുമെന്ന് 2023ൽ പറഞ്ഞപ്പോൾ ട്രോൾ; ഇന്ന് തുടരെ ആറെണ്ണം അടിച്ച് പരാഗ്
Riyan Parag Tweet In 2023: 2023ൽ റിയാൻ പരാഗ് ചെയ്ത ഒരു ട്വീറ്റ് ട്രോളുകളിൽ നിറഞ്ഞിരുന്നു. ഒരു ഓവറിൽ തുടരെ നാല് സിക്സർ നേടുമെന്നായിരുന്നു ട്വീറ്റ്. ട്വീറ്റിനെതിരെ ട്രോളുകൾ പ്രചരിച്ചു. എന്നാൽ, ഇന്ന് പരാഗ് അത് ചെയ്തുകാണിച്ചു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പരാജയപ്പെട്ടെങ്കിലും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിൻ്റെ പ്രകടനം ഗംഭീരമായിരുന്നു. അസം നായകനായി ആഭ്യന്തര ക്രിക്കറ്റിൽ തുടരെ തകർപ്പൻ പ്രകടനങ്ങൾ നടത്തുന്ന പരാഗ് ഈ സീസണിൽ ഒരു വലിയ സ്കോർ ഇതുവരെ നേടിയിരുന്നില്ല. എന്നാൽ, ഇന്ന് കൊൽക്കത്തയ്ക്കെതിരെ 45 പന്തുകളിൽ 95 റൺസ് നേടിയ പരാഗ് തൻ്റെ ടാലൻ്റ് എന്താണെന്ന് പ്രദർശിപ്പിക്കുകയായിരുന്നു.
തൻ്റെ കഴിവുകളിൽ അസാമാന്യമായ ആത്മവിശ്വാസമുള്ള താരമാണ് റിയാൻ പരാഗ്. ആഭ്യന്തര ക്രിക്കറ്റിലെ കുഞ്ഞന്മാരായ അസമിനെ കഴിഞ്ഞ സീസണുകളിൽ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിൻ്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നതിൽ പ്രധാന താരമാണ് പരാഗ്. 2023 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിലും ക്വാർട്ടർ ഫൈനലിലും കേരളത്തെ തോല്പിച്ച ടീമിൻ്റെ നായകനായിരുന്നു. 2018 അണ്ടർ 19 ലോകകപ്പിൽ റിയാൻ പരാഗിൻ്റെ പ്രകടനങ്ങൾ വിലയിരുത്തി, അസാമാന്യ കഴിവുകളുള്ള താരമാണെന്ന് മനസ്സിലാക്കിയാണ് രാജസ്ഥാൻ റോയൽസ് പരാഗിനെ ടീമിലെത്തിക്കുന്നത്. ആഭ്യന്തര സർക്കിളിൽ വലിയ വിലാസമില്ലാത്ത കേരളത്തിൽ നിന്നുള്ള സഞ്ജുവിനെപ്പോലെ അസമിൽ നിന്നൊരു താരം.




പരാഗിൻ്റെ ട്വീറ്റ്
My inner conscience says i’m hitting 4 sixes in an over at some point this IPL..
— Riyan Paragg (@ParagRiyan) March 14, 2023
പരാഗിനെ രാജസ്ഥാൻ തുടരെ സപ്പോർട്ട് ചെയ്തെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. അഞ്ച്, ആറ് നമ്പരുകളിൽ പരാഗിനെ കളിപ്പിച്ച ടീം മാനേജ്മെൻ്റും അതിന് ഉത്തരവാദികളാണ്. ഒടുവിൽ നാലാം നമ്പറിൽ കളിച്ച കഴിഞ്ഞ സീസണിൽ പരാഗിൻ്റെ ടാലൻ്റ് വ്യക്തമായി ക്രിക്കറ്റ് ലോകം കണ്ടു. 52 ശരാശരിയിൽ, 150 സ്ട്രൈക്ക് റേറ്റിൽ 573 റൺസാണ് പരാഗ് കഴിഞ്ഞ സീസണിൽ നേടിയത്. റിട്ടൻഷനിൽ പരാഗിന് 14 കോടി കൊടുത്ത് രാജസ്ഥാൻ നിലനിർത്തിയതിന് കാരണവും ഇത് തന്നെ. റിട്ടൻഷൻ തുകയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പരാഗിനെ നിലനിർത്തിയത് നല്ല തീരുമാനമായിരുന്നു.
സ്വന്തം കഴിവുകളിൽ അസാമാന്യ വിശ്വാസമുള്ളയാളാണ് പരാഗ് എന്ന് നേരത്തെ പറഞ്ഞു. അതുകൊണ്ടാണ് 2023 മാർച്ച് 14ന് റിയാൻ പരാഗ് ഇപ്രകാരം ട്വീറ്റ് ചെയ്തത്. ‘എൻ്റെ ബോധമണ്ഡലം പറയുന്നത് ഈ സീസണിലെപ്പോഴെങ്കിലും ഞാൻ ഒരു ഓവറിൽ തുടരെ നാല് സിക്സ് അടിക്കുമെന്നാണ്’. 2023 സീസണിൽ വളരെ മോശമായിരുന്നു പരാഗിൻ്റെ പ്രകടനങ്ങൾ. ഏഴ് കളിയിൽ വെറും 78. 13 ശരാശരി. 118 സ്ട്രൈക്ക് റേറ്റ്. ട്വീറ്റ് ചെയ്തപ്പോൾ ട്രോളുകൾ നിറഞ്ഞു. സീസണിലുടനീളം ഈ പരാമർശത്തിൻ്റെ പേരിൽ പരാഗ് മീം മെറ്റീരിയലായി. എന്നാൽ, രണ്ട് കൊല്ലം മുൻപ് പറഞ്ഞത് 2025ൽ പരാഗ് ചെയ്തുകാണിച്ചു. മൊയീൻ അലിയ്ക്കെതിരെ തുടരെ നാലല്ല, അഞ്ച് സിക്സ്. അടുത്ത ഓവറിൽ നേരിട്ട ആദ്യ പന്തിൽ അടുത്ത സിക്സ്. മൊത്തം തുടരെ ആറ് സിക്സർ. അതിൽ ഒരു സ്വിച്ച് ഹിറ്റ് അടക്കം ഉണ്ടായിരുന്നു. അതാണ് പരാഗിൻ്റെ ടാലൻ്റ്. തിനൊപ്പം ആദ്യ ഇന്നിംഗ്സിൽ അജിങ്ക്യ രഹാനയെ പുറത്താക്കിയതും പരാഗായിരുന്നു.