IPL 2025: പോരാടാന്‍ മാത്രെയ്ക്ക് ഒപ്പമുണ്ടായിരുന്നത് ജഡേജ മാത്രം; ആവേശപ്പോരില്‍ ചെന്നൈ തോറ്റു
IPL 2025 Royal Challengers Bengaluru defeat Chennai Super Kings: ചെന്നൈ വിജയം നേടുമെന്ന് ആരാധകര്‍ക്ക് പോലും തോന്നി. എന്നാല്‍ പതിനേഴാം ഓവറില്‍ എല്ലാം മാറിമറിഞ്ഞു. ലുങ്കി എന്‍ഗിഡി എറിഞ്ഞ ആ ഓവറിലെ രണ്ടാം പന്തില്‍ മാത്രെയ്ക്ക് പിഴച്ചു. ക്രുണാല്‍ പാണ്ഡ്യയുടെ കൈകളിലേക്കാണ് പന്ത് എത്തിയത്. 48 പന്തില്‍ 94 റണ്‍സെടുത്തായിരുന്നു മാത്രെയുടെ മടക്കം
മുന്നിലുണ്ടായിരുന്നത് 214 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യമായിരുന്നുവെന്നത് 17കാരന്‍ ആയുഷ് മാത്രെയ്ക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല. കിട്ടുന്ന അവസരങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് താരം ഒരിക്കല്‍ കൂടി കാണിച്ചുതന്നു. കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകളുമായി ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ മത്സരം കാണാനെത്തിയവരെ മാത്രെ രസിപ്പിച്ചെങ്കിലും, രവീന്ദ്ര ജഡേജ ഒഴികെയുള്ളവരുടെ പിന്തുണ ലഭിക്കാതെ വന്നതോടെ ഈ 17കാരന് ചെന്നൈയെ വിജയിപ്പിക്കാനായില്ല. ആവേശപ്പോരില്‍ രണ്ട് റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പിച്ചത്. സ്‌കോര്‍: ആര്‍സിബി-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 213. സിഎസ്‌കെ: 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 211.
ചേസിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. ഓപ്പണിങ്ങ് വിക്കറ്റില്‍ യുവതാരങ്ങളായ ആയുഷ് മാത്രെയും, ഷെയ്ക് റഷീദും 4.3 ഓവറില്‍ 51 റണ്‍സ് ചെന്നൈ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 11 പന്തില്‍ 14 റണ്‍സെടുത്ത റഷീദിനെ പുറത്താക്കി ക്രുണാല്‍ പാണ്ഡ്യയാണ് ചെന്നൈയുടെ തകര്‍ച്ചയ്ക്ക് ആരംഭം കുറിച്ചത്. റൊമാരിയോ ഷെപ്പോര്‍ഡ് ക്യാച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയ്ക്ക് വേണ്ടി തിളങ്ങിയ സാം കറന്‍ വന്ന പോലെ മടങ്ങി. അഞ്ച് പന്തില്‍ അഞ്ച് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ ക്യാച്ചെടുക്കുകയായിരുന്നു. സ്‌കോര്‍: ചെന്നൈ 5.4 ഓവറില്‍ രണ്ട് വിക്കറ്റിന് 58. തുടര്‍ന്ന് രവീന്ദ്ര ജഡേജ ക്രീസിലേക്ക്. പ്രതീക്ഷകള്‍ വറ്റിയ ചെന്നൈ ആരാധകരോട് ‘പോകാന്‍ വരട്ടെ’യെന്ന് പറഞ്ഞുകൊണ്ട് മാത്രെ-ജഡേജ കൂട്ടുക്കെട്ട് തകര്‍ത്താടി.




ഇരുവരും ആര്‍സിബി ബൗളര്‍മാരെ നിര്‍ദാക്ഷിണ്യം പ്രഹരിച്ചു. ഒരുവേള, ചെന്നൈ വിജയം നേടുമെന്ന് ആരാധകര്‍ക്ക് പോലും തോന്നി. എന്നാല്‍ പതിനേഴാം ഓവറില്‍ എല്ലാം മാറിമറിഞ്ഞു. ലുങ്കി എന്‍ഗിഡി എറിഞ്ഞ ആ ഓവറിലെ രണ്ടാം പന്തില്‍ മാത്രെയ്ക്ക് പിഴച്ചു. ക്രുണാല്‍ പാണ്ഡ്യയുടെ കൈകളിലേക്കാണ് പന്ത് എത്തിയത്. 48 പന്തില്‍ 94 റണ്‍സെടുത്തായിരുന്നു മാത്രെയുടെ മടക്കം. അഞ്ച് സിക്‌സറും, ഒമ്പത് ഫോറും നേടിയാണ് താരം ക്രീസ് വിട്ടത്.
പിന്നീട് വന്ന ബാറ്റര്‍മാര്‍ക്ക് ആര്‍സിബി ബൗളിങിനെ അതിജീവിക്കാനായില്ല. ഡെവാള്‍ഡ് ബ്രെവിസ് ഗോള്‍ഡന്‍ ഡക്കായി. 8 പന്തില്‍ 12 റണ്‍സെടുത്തായിരന്നു എംഎസ് ധോണിയുടെ മടക്കം. യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈയ്ക്ക് വിജയലക്ഷ്യം മറികടക്കാനായില്ല. രവീന്ദ്ര ജഡേജയും (45 പന്തില്‍ 77), ഇമ്പാക്ട് പ്ലയറായെത്തിയ ശിവം ദുബെയും (മൂന്ന് പന്തില്‍ എട്ട്) പുറത്താകാതെ നിന്നു. എന്‍ഗിഡി മൂന്നും, ക്രുണാലും, ദയാലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
പുറത്താകാതെ 14 പന്തില്‍ 53 റണ്‍സെടുത്ത റൊമാരിയോ ഷെപ്പേര്‍ഡ്, 33 പന്തില്‍ 62 റണ്‍സെടുത്ത വിരാട് കോഹ്ലി, 33 പന്തില്‍ 55 റണ്‍സെടുത്ത ജേക്കബ് ബെഥല്‍ എന്നിവരുടെ ബാറ്റിങ് മികവിലാണ് ആര്‍സിബി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഈ വിജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അവസാന സ്ഥാനത്താണ് ചെന്നൈ.