IPL 2025: എന്തിന് 14 കോടി കൊടുത്തെന്ന ചോദ്യങ്ങൾക്ക് പരാഗിൻ്റെ മറുപടി; എന്നിട്ടും രാജസ്ഥാന് ഒരു റൺ തോൽവി
KKR Wins Against RR: ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒരു റൺസിനാണ് കൊൽക്കത്തയുടെ ജയം.
ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ത്രസിപ്പിക്കുന്ന ജയം. അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരിൽ ഒരു റൺസിനാണ് കൊൽക്കത്ത രാജസ്ഥാനെ വീഴ്ത്തിയത്. 207 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസേ നേനേടാനായുള്ളൂ. 95 റൺസ് നേടിയ റിയാൻ പരാഗാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മൂന്ന് താരങ്ങൾ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കൗമാരതാരം വൈഭവ് സൂര്യവൻശി വീണ്ടും ആദ്യ ഓവറിൽ പുറത്തായി. നേരിട്ട ആദ്യ പന്തിൽ ബൗണ്ടറി നേടിയെങ്കിലും അടുത്ത പന്തിൽ വൈഭവ് അറോറ താരത്തെ മടക്കി അയച്ചു. ആദ്യ മത്സരത്തിനിറങ്ങിയ കുനാൽ സിംഗ് റാത്തോർ അഞ്ച് പന്തുകൾ നേരിട്ട് റൺസൊന്നുമെടുക്കാതെ പുറത്തായി. മൊയീൻ അലിയ്ക്കായിരുന്നു വിക്കറ്റ്. 2 വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസെന്ന നിലയിൽ പതറിയ റോയൽസിനെ മൂന്നാം വിക്കറ്റിൽ യശസ്വി ജയ്സ്വാളും റിയാൻ പരാഗും ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും ചേർന്ന് 58 റൺസ് കൂട്ടിച്ചേർത്തു. പവർപ്ലേയിൽ 59 റൺസ് നേടാൻ സഖ്യത്തിന് സാധിച്ചു.
ഏഴാം ഓവറിൽ രാജസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിനായി തിരികെവന്ന മൊയീൻ അലി യശസ്വി ജയ്സ്വാളിനെ വീഴ്ത്തി കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 21 പന്തിൽ 34 റൺസ് നേടിയാണ് ജയ്സ്വാൾ മടങ്ങിയത്. പിന്നാലെ ധ്രുവ് ജുറേൽ (0), വനിന്ദു ഹസരങ്ക (0) എന്നിവരെ ഒരു ഓവറിൽ മടക്കി വരുൺ ചക്രവർത്തി രാജസ്ഥാനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.




അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിൽ പതറിയ രാജസ്ഥാന് വേണ്ടി ക്യാപ്റ്റൻ റിയാൻ പരാഗും ഷിംറോൺ ഹെട്മെയറും ഒത്തുചേർന്നു. പരാഗായിരുന്നു ആക്രമണകാരി. സാവധാനം തുടങ്ങിയ ഹെട്മെയറും പിന്നീട് ബൗണ്ടറികൾ കണ്ടെത്തി. മൊയീൻ അലിയെ സിക്സർ പറത്തി 27 പന്തിൽ സീസണിലെ ആദ്യ ഫിഫ്റ്റിയടിച്ച പരാഗ് ഓവറിൽ തുടരെ നാല് സിക്സറുകൾ കൂടി അടിച്ചു. 32 റൺസാണ് ഈ ഓവറിൽ പിറന്നത്. ഇതോടെ കളിയിൽ രാജസ്ഥാൻ മുന്നിലെത്തി. 92 റൺസാണ് സഖ്യം ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
Also Read: IPL 2025: ഇതെന്തൊരടി!; ഈഡൻ ഗാർഡൻസിൽ അടിച്ചുപൊളിച്ച് റസൽ; കൊൽക്കത്തയ്ക്ക് മികച്ച സ്കോർ
16ആം ഓവറിൽ ഈ കൂട്ടുകെട്ട് അവസാനിച്ചു. 23 പന്തിൽ 29 റൺസെടുത്ത ഷിംറോൺ ഹെട്മെയറെ മടക്കി ഹർഷിത് റാണയാണ് കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 18ആം ഓവറിൽ റിയാൻ പരാഗിനെ വീഴ്ത്തിയ ഹർഷിത് റാണ രാജസ്ഥാൻ്റെ പരാജയം ഉറപ്പിച്ചു. 45 പന്തുകൾ നേരിട്ട പരാഗ് 95 റൺസെടുത്താണ് മടങ്ങിയത്. അവസാന ഓവറിൽ 22 റൺസായിരുന്നു വിജയലക്ഷ്യം. വൈഭവ് അറോറ എറിഞ്ഞ അവസാന ഓവറിൽ ശുഭം ദുബേ ചില ബൗണ്ടറികൾ കണ്ടെത്തിയെങ്കിലും രാജസ്ഥാന് ഒരു റൺ അകലെ ഇന്നിംഗ്സ് അവസാനിപ്പിക്കാനേ സാധിച്ചുള്ളൂ. ശുഭം ദുബേയും (25 നോട്ടൗട്ട്) ജോഫ്ര ആർച്ചറും (12) നിർണായക പ്രകടനങ്ങൾ നടത്തി.