IPL 2025: അടിയെന്ന് പറഞ്ഞാ ഇജ്ജാതി അടി; ലഖ്നൗവിനെതിരെ പഞ്ചാബിന് കൂറ്റൻ സ്കോർ
PBKS First Innings Score vs LSG: ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ വമ്പൻ സ്കോർ പടുത്തുയർത്തി പഞ്ചാബ് കിംഗ്സ്. നിശ്ചിത 20 ഓവറിൽ 236 റൺസാണ് പഞ്ചാബ് അടിച്ചെടുത്തത്.
ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് കൂറ്റൻ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 236 റൺസാണ് നേടിയത്. 91 റൺസ് നേടിയ പ്രഭ്സിമ്രാൻ സിംഗാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ലഖ്നൗവിനായി ആകാശ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ലഖ്നൗവിനായി ആദ്യ മത്സരത്തിനിറങ്ങിയ ആകാശ് സിംഗ് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തി. അപകടകാരിയായ പ്രിയാൻഷ് ആര്യയെ (1) മടക്കിയാണ് ആകാശ് പുതിയ ടീമിൽ തൻ്റെ അരങ്ങേറ്റം അവിസ്മരണീയമാക്കിയത്. ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ജോഷ് ഇംഗ്ലിസ് അവസരം മുതലാക്കി. 14 പന്ത് നേരിട്ട താരം 30 റൺസ് നേടിയാണ് പുറത്തായത്. ഇംഗ്ലിസിനെയും ആകാശ് സിംഗ് തന്നെയാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ പ്രഭ്സിമ്രാൻ സിംഗുമൊത്ത് 48 റൺസിൻ്റെ കൂട്ടുകെട്ടിലും ഇംഗ്ലിസ് പങ്കാളിയായി.
നാലാം നമ്പറിലെത്തിയ ശ്രേയാസ് അയ്യർ തൻ്റെ തകർപ്പൻ ഫോം തുടർന്നു. മധ്യ ഓവറുകളിൽ അനായാസം ബാറ്റ് ചെയ്ത ശ്രേയാസും പ്രഭ്സിമ്രാനും ചേർന്ന് പഞ്ചാബിനെ മുന്നോട്ടുനയിച്ചു. ഇതിനിടെ 30 പന്തിൽ പ്രഭ്സിമ്രാൻ ഫിഫ്റ്റി തികച്ചു. ശ്രേയാസും ഫിഫ്റ്റിയിലേക്ക് കുതിയ്ക്കുന്നതിനിടെ ദിഗ്‌വേഷ് റാഠി ലഖ്നൗവിൻ്റെ രക്ഷയ്ക്കെത്തി. 25 പന്തിൽ 45 റൺസ് നേടി പുറത്തായ ശ്രേയാസ് സീസണിൽ ആദ്യമായാണ് ഒരു സ്പിന്നറിന് മുന്നിൽ വീഴുന്നത്. മൂന്നാം വിക്കറ്റിൽ പ്രഭ്സിമ്രാനുമൊത്ത് 78 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ശ്രേയാസ് പങ്കാളിയായത്.




ഫിഫ്റ്റിയ്ക്ക് ശേഷവും ആക്രമണം തുടർന്ന പ്രഭ്സിമ്രാനും ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിച്ച നേഹൽ വധേരയും പഞ്ചാബ് റൺ നിരക്ക് താഴാതെ സൂക്ഷിച്ചു. 9 പന്തുകളിൽ 16 റൺസ് നേടിയ വധേരയെ മടക്കി പ്രിൻസ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. 38 റൺസാണ് നാലാം വിക്കറ്റിൽ പ്രഭ്സിമ്രാനും വധേരയും ചേർന്ന് കൂട്ടിച്ചേർത്തത്.
ആറാം നമ്പരിലെത്തിയ ശശാങ്ക് സിംഗും ടൈമിങ് കണ്ടെത്തിയതോടെ ലഖ്നൗവിന് മറുപടി ഇല്ലാതായി. ഒപ്പം പ്രഭ്സിമ്രാനും അടി തുടർന്നു. 19ആം ഓവറിലാണ് പ്രഭ്സിമ്രാൻ മടങ്ങിയത്. 48 പന്തിൽ 91 റൺസ് നേടിയ താരത്തെ ദിഗ്‌വേഷ് റാഠി പുറത്താക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ശശാങ്ക് സിംഗുമൊത്ത് 54 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പ്രഭ്സിമ്രാൻ പങ്കാളിയായത്. ശശാങ്ക് സിംഗ് (15 പന്തിൽ 33), മാർക്കസ് സ്റ്റോയിനിസ് (5 പന്തിൽ 15) എന്നിവർ നോട്ടൗട്ടാണ്.