Sanju Samson: മുട്ട പുഴുങ്ങിയപ്പോള്‍ അബദ്ധം, ഒടുവില്‍ ഫയര്‍ എഞ്ചിന്‍ എത്തി, ഹോട്ടല്‍ ഒഴിപ്പിച്ചു; സഞ്ജുവിന് സംഭവിച്ചത്
Sanju Samson clarifies that he is not interested in cooking: കേരള വിഭവങ്ങളാണ് ഇഷ്ടമെന്നും, എവിടെ പോയാലും പ്രാദേശിക വിഭവങ്ങള്‍ കഴിക്കാറുണ്ടെന്നും സഞ്ജു പറഞ്ഞു. സിംബാബ്‌വെയില്‍ പോയപ്പോള്‍ ഒരു മലയാളിയെ കണ്ടുമുട്ടിയിരുന്നു. അദ്ദേഹം ചോറു കൊണ്ടുവന്നു തന്നുവെന്നും സഞ്ജു
സഞ്ജു സാംസണിനെ സംബന്ധിച്ച് ഏറെ നിരാശജനകമായിരുന്നു ഐപിഎല്‍ 2025 സീസണ്‍. പരിക്കുകള്‍ താരത്തെ തുടര്‍ച്ചയായി വലച്ച സീസണ്‍. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇമ്പാക്ട് പ്ലയറായി മാത്രം കളിച്ച താരം പിന്നീട് പൂര്‍ണമായി കായികക്ഷമത വീണ്ടെടുത്ത് തിരിച്ചെത്തിയെങ്കിലും, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ വീണ്ടും പരിക്കേറ്റു. തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ സഞ്ജുവിന് കളിക്കാന്‍ സാധിച്ചില്ല. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു കളിക്കുമോയെന്ന് വ്യക്തവുമല്ല. ഇതിനിടെ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ച് തലയുയര്‍ത്തി സീസണ്‍ അവസാനിപ്പിക്കാനാണ് റോയല്‍സിന്റെ ശ്രമം.
പരിക്ക് മൂലം കളിക്കാന്‍ സാധിക്കുന്നില്ലെങ്കിലും അഭിമുഖങ്ങളിലും മറ്റുമായി സഞ്ജു സജീവമാണ്. അടുത്തിടെ താരം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. പാചകം ചെയ്യുമോയെന്ന അവതാരികയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഇതിന് സഞ്ജു പറഞ്ഞ കാരണം വൈറലാവുകയാണ്. പണ്ട് ഓസ്‌ട്രേലിയയില്‍ പോയപ്പോള്‍ നടന്ന ഒരു സംഭവമാണ് സഞ്ജു പാചകമോഹം ഉപേക്ഷിക്കാന്‍ കാരണം.
”ഇന്ത്യ എ ടൂറിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലായിരുന്നു. രാഹുല്‍ സര്‍ ആയിരുന്നു പരിശീലകന്‍. ഞങ്ങള്‍ക്ക് താമസിക്കാന്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ നല്‍കി. ഞാന്‍ അവിടെ മുട്ട പുഴുങ്ങാന്‍ തീരുമാനിച്ചു. പക്ഷേ, എടുത്ത പാത്രം തെറ്റിപ്പോയി. ഒരു പ്ലാസ്റ്റിക് കണ്ടെയ്‌നറായിരുന്നു അത്. അതില്‍ ഞാന്‍ മുട്ട പുഴുങ്ങാന്‍ ഉപയോഗിച്ചു. അപ്പോഴേക്കും, അവിടം പൂര്‍ണമായി പുകഞ്ഞു. ഓസ്‌ട്രേലിയയിലെ മുഴുവന്‍ ഫയര്‍ എഞ്ചിനും എത്തി. ഹോട്ടലില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അതില്‍ പ്ലാസ്റ്റിക് ഉണ്ടായിരുന്നതുപോലെ തോന്നിയില്ല. ആ അനുഭവമുള്ളതുകൊണ്ട് പാചകം ചെയ്യാറില്ല”-സഞ്ജു അന്ന് നടന്ന സംഭവം തമാശരൂപേണ ഓര്‍ത്തെടുത്തു.




കേരള വിഭവങ്ങളാണ് ഇഷ്ടമെന്നും, എവിടെ പോയാലും പ്രാദേശിക വിഭവങ്ങള്‍ കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിംബാബ്‌വെയില്‍ പോയപ്പോള്‍ ഒരു മലയാളിയെ കണ്ടുമുട്ടിയിരുന്നു. അദ്ദേഹം ചോറു കൊണ്ടുവന്നു തന്നുവെന്നും താരം വ്യക്തമാക്കി. ട്രിനിഡാഡിലേക്ക് പോയപ്പോഴുണ്ടായ അനുഭവവും സഞ്ജു പങ്കുവച്ചു.
അവിടെ ബസില്‍ കയറിയപ്പോള്‍ കപ്പയും മീനും തരട്ടേയെന്ന് ഒരാള്‍ പിറകില്‍ നിന്ന് വിളിച്ചു ചോദിച്ചു. ‘ചേട്ടാ, എവിടെ നിന്നാണ് കപ്പയും മീനും തരുന്ന’തെന്ന് താന്‍ ചോദിച്ചു. വീട്ടില്‍ ഉണ്ടാക്കുമെന്ന് അദ്ദേഹവും പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ നമ്പര്‍ ചോദിച്ചു. കഴിക്കാനുള്ള ആഗ്രഹവും അറിയിച്ചു. പിന്നീട് അദ്ദേഹം അത് മുറിയിലേക്ക് കൊണ്ടുവന്നു. അത് വളരെ രസകരമായ അനുഭവമായിരുന്നുവെന്നും സഞ്ജു പറഞ്ഞു.
Read Also: IPL 2025: സഞ്ജു തിരിച്ചുവരുന്നു; പക്ഷേ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയല്ല?
അന്ന് ചാഹല്‍ പറഞ്ഞത്
സഞ്ജുവിന് ഓസ്‌ട്രേലിയയില്‍ പറ്റിയ അബദ്ധത്തെക്കുറിച്ച് ഒരിക്കല്‍ യുസ്‌വേന്ദ്ര ചഹലും തുറന്നുപറഞ്ഞിരുന്നു. അന്ന് ഫയര്‍ അലാറം അടിച്ചെന്നും, എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ ആശ്ചര്യപ്പെട്ടെന്നും ചാഹല്‍ പറഞ്ഞു. അന്ന് സഞ്ജുവിന് പിഴ അടയ്‌ക്കേണ്ടി വന്നുവെന്നും ചാഹല്‍ വെളിപ്പെടുത്തിയിരുന്നു.
”2016-ൽ ഞങ്ങൾ ഓസ്‌ട്രേലിയയിലായിരുന്നു. ഒരു അപ്പാർട്ട്മെന്റിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. സഞ്ജു ഒരു ഫ്രൈയിംഗ് പാൻ എടുത്തു, പക്ഷേ പ്ലാസ്റ്റിക് കവർ മാറ്റാന്‍ മറന്നു. അദ്ദേഹം അത് ഇലക്ട്രിക് സ്റ്റൗവിൽ വെച്ച് ഒരു മുട്ട പാചകം ചെയ്യാന്‍ തുടങ്ങി. ഫയർ അലാറം മുഴങ്ങി. എന്താണ് സംഭവിച്ചതെന്ന് എല്ലാവരും ആശ്ചര്യപ്പെട്ടു. ഫയർ ബ്രിഗേഡ് എത്തി. അപ്പോഴാണ് സഞ്ജു ഫ്രൈയിംഗ് പാനിന്റെ പ്ലാസ്റ്റിക് കവർ കത്തിച്ചതായി ഞങ്ങൾക്ക് മനസ്സിലായത്. അദ്ദേഹത്തിന് പിഴ അടയ്ക്കേണ്ടി വന്നതിൽ ഞങ്ങൾക്ക് വിഷമം തോന്നിയെങ്കിലും ഞങ്ങൾ എല്ലാവരും ചിരിക്കുകയായിരുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം പോലും ചിരിക്കുകയായിരുന്നു”-ചാഹലിന്റെ വാക്കുകള്‍.