ISL: ഐഎസ്എല്‍ ‘തീര്‍ന്നിട്ടില്ല’ ! ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് രണ്ടാം ജന്മം; ഫെബ്രുവരിയില്‍ തുടങ്ങും?
Indian Super League 2025-26 season update: ഐഎസ്എൽ പ്രതിസന്ധിക്ക് പരിഹാരമെന്ന് സൂചന. ലീഗിന്റെ പുതിയ സീസണ്‍ 2026 ഫെബ്രുവരിയില്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. എഐഎഫ്എഫ് ക്ലബ്ബുകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

ISL
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പ്രതിസന്ധിക്ക് പരിഹാരമെന്ന് സൂചന. ലീഗിന്റെ പുതിയ സീസണ്‍ 2026 ഫെബ്രുവരിയില്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഐഎസ്എൽ ക്ലബ്ബുകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ലീഗിന്റെ ഭാവിക്കായി ഒരു ദീർഘകാല പദ്ധതി ആവിഷ്കരിച്ചതായി ‘ദ ഹിന്ദു സ്‌പോര്‍ട്‌സ്റ്റാര്‍’ റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത 20 സീസണുകളിലേക്ക് ഐഎസ്‌എല്ലിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പും എഐഎഫ്‌എഫിനായിരിക്കും. എഐഎഫ്എഫ് ഈ നിര്‍ദ്ദേശം ക്ലബുകള്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട്. എത്രയും വേഗം ലീഗ് ആരംഭിക്കുന്നതിനെക്കുറിച്ചും, സുപ്രീം കോടതി അടുത്തിടെ അംഗീകരിച്ച ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു.
പുതിയ ലീഗ് സൈക്കിൾ എല്ലാ വർഷവും ജൂൺ 1 മുതൽ മെയ് 31 വരെ നടക്കും. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്‌സി) നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പ്രമോഷനും റെലിഗേഷനുമുണ്ടാകും. പുതിയ പദ്ധതി പ്രകാരം ഐഎസ്‌എല്ലിന്റെ ആദ്യ സീസൺ 70 കോടി രൂപയുടെ ‘സെൻട്രൽ ഓപ്പറേഷണൽ ബജറ്റ്’ ഉപയോഗിച്ച് നടത്തും. ഓരോ ക്ലബ്ബും പ്രതിവർഷം 1 കോടി രൂപയുടെ ‘സ്റ്റാൻഡേർഡ് പാർട്ടിസിപ്പേഷൻ ഫീസ്’ എഐഎഫ്‌എഫിന് നൽകണം.
Also Read: ISL: ഐഎസ്എൽ നടത്താൻ രണ്ട് വഴികൾ; ക്ലബുകൾക്ക് മുന്നിൽ നിർദ്ദേശം വച്ച് ഫുട്ബോൾ അസോസിയേഷൻ
വരുമാന വിഹിതത്തിന്റെ 10% എഐഎഫ്എഫ് നിലനിർത്തും. 30% കൊമേഴ്‌സ്യല്‍ പാര്‍ട്ണര്‍മാര്‍ക്കായി നീക്കിവയ്ക്കും. സമ്മാനത്തുക ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ‘സെൻട്രൽ ഓപ്പറേഷണൽ ബജറ്റി’ലൂടെ വഹിക്കും. ഫെബ്രുവരി 5-നകം ലീഗ് ആരംഭിക്കുമെമെന്നാണ് പ്രതീക്ഷയെന്ന് ഗോവ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റ് കൈറ്റാനോ ഫെർണാണ്ടസ് ദ ഹിന്ദു സ്‌പോര്‍ട്‌സ്റ്റാറിനോട് പറഞ്ഞു. ഫോർമാറ്റ് ഇതുവരെ അന്തിമമാക്കിയിട്ടില്ല. ഡിസംബർ 28 നും ഡിസംബർ 29 നും രണ്ട് മീറ്റിംഗുകൾ കൂടി ചേരും.