ISL: ഐഎസ്എൽ നടത്താൻ രണ്ട് വഴികൾ; ക്ലബുകൾക്ക് മുന്നിൽ നിർദ്ദേശം വച്ച് ഫുട്ബോൾ അസോസിയേഷൻ
AIFF Proposes Two Formats For ISL: ഐഎസ്എലിൻ്റെ വരുന്ന സീസൺ നടത്തുന്നതിന് രണ്ട് വഴികളുമായി എഐഎഫ്എഫ്. രണ്ട് ഫോർമാറ്റുകളാണ് മുന്നോട്ടുവച്ചത്.
ഐഎസ്എൽ പ്രതിസന്ധിയ്ക്ക് പരിഹാരമായി രണ്ട് വഴികൾ മുന്നോട്ടുവച്ച് ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഭാവിയെപ്പറ്റിയുള്ള ആശങ്കകൾക്കൊടുവിലാണ് മൂന്നംഗ എഐഎഫ്എഫ് കമ്മറ്റി രണ്ട് വഴികൾ മുന്നോട്ടുവച്ചത്. സീസണിൽ രണ്ട് ഫോർമാറ്റുകൾ പരിഗണിക്കാമെന്നാണ് ഫുട്ബോൾ അസോസിയേഷൻ്റെ നിലപാട്.
ഗ്രൂപ്പ് ആണ് ആദ്യത്തെ വഴി. 14 ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാവും മത്സരം. ഏഴ് ടീമുകളെ വീതം കിഴക്ക്, പടിഞ്ഞാറ് ഗ്രൂപ്പുകളാക്കി തിരിക്കും. ഈ ഗ്രൂപ്പിലെ ടീമുകളുമായി മറ്റ് ടീമുകൾ ഹോം, എവേ മത്സരങ്ങൾ കളിക്കും. ഓരോ ഗ്രൂപ്പിലും 42 ലീഗ് മത്സരങ്ങൾ. ആകെ 84 ലീഗ് മത്സരങ്ങൾ. രണ്ട് ഗ്രൂപ്പിലെയും ആദ്യ നാല് ടീമുകൾ ഒറ്റ ലെഗ് ഉള്ള ചാമ്പ്യൻഷിപ്പ് റൗണ്ടിലെത്തി പരസ്പരം മത്സരിക്കും. രണ്ട് ഗ്രൂപ്പിലും അവസാന മൂന്ന് സ്ഥാനങ്ങളിലുള്ള ടീമുകൾ ഒറ്റ ലെഗ് ഉള്ള തരംതാഴ്ത്തൽ റൗണ്ടിലും പരസ്പരം മത്സരിക്കും. ഈ മത്സരങ്ങൾ രണ്ട് വേദികളിലായാവും നടക്കുക.
Also Read: Indian Women Cricket: കേക്ക് മുറിച്ച് ജമീമ, തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷിച്ച് വനിതാ താരങ്ങൾ
രണ്ടാമത്തെ വഴിയായി എഐഎഫ്എഫ് മുന്നോട്ടുവെക്കുന്നത് സിംഗിൾ ലെഗ് സീസണാണ്. 14 ടീമുകളും പരസ്പരം ഓരോ മത്സരം വീതം കളിക്കും. ഇതോടെ ആകെ ലീഗ് ഘട്ടത്തിൽ 91 മത്സരങ്ങളാവും. ഓരോ ക്ലബും ഹോമിലോ എവേയിലോ ആറ്, ഏഴ് മത്സരങ്ങൾ വീതം കളിക്കും. പ്ലേഓഫുകൾ ഉണ്ടാവില്ല. ലീഗ് ടേബിളിൽ ഒന്നാമതെത്തുന്ന ടീം ആവും ജേതാക്കൾ.
ഐഎസ്എലിൻ്റെ 2025-2026 സീസൺ അനിശ്ചിതത്വത്തിലാണ്. റിലയൻസിൻ്റെ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെൻ്റ് കോർപ്പറേഷനാണ് ഇതുവരെ ലീഗ് നടത്തിയിരുന്നത്. എന്നാൽ, കരാർ പുതുക്കാൻ എഐഎഫ്എഫ് മുന്നോട്ടുവച്ച പുതിയ നിബന്ധനകൾ എഫ്എസ്ഡിഎൽ തള്ളിയതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. ലീഗ് ഒറ്റയ്ക്ക് നടത്താൻ എഐഎഫ്എഫ് ശ്രമിച്ചെങ്കിലും സ്പോൺസറെ കിട്ടാത്തതും തിരിച്ചടിയായി.