ISL: ഐഎസ്എല്ലിന്റെ ഭാവിയെന്ത്? സുപ്രധാന യോഗം വിളിച്ച് കായിക മന്ത്രാലയം; ബുധനാഴ്ച നിര്‍ണായകം
ISL Crisis: ഐഎസ്‌എൽ പ്രതിസന്ധി തുടരുന്നതിനിടെ നിര്‍ണായക യോഗം വിളിച്ച് കായികമന്ത്രാലയം. ഫുട്ബോൾ ക്ലബ്ബുകൾ, എഐഎഫ്‌എഫ്, എഫ്‌എസ്‌ഡിഎൽ എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും
ഐഎസ്‌എൽ പ്രതിസന്ധി തുടരുന്നതിനിടെ നിര്‍ണായക യോഗം വിളിച്ച് കേന്ദ്ര കായികമന്ത്രാലയം. ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾ, എഐഎഫ്‌എഫ്, എഫ്‌എസ്‌ഡിഎൽ എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ബുധനാഴ്ചയാണ് യോഗം. ബുധനാഴ്ച സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനത്ത് ആറ് കൂടിക്കാഴ്ചകള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഐഎസ്‌എൽ ക്ലബ്ബുകൾ, ഐ ലീഗ് ക്ലബ്ബുകൾ എഫ്‌എസ്‌ഡിഎൽ എന്നിവയുടെ പ്രതിനിധികളുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തും.
ട്രാൻസാക്ഷൻ അഡ്വൈസർ ആയ കെപിഎംജി ഇന്ത്യ സർവീസസ് എൽഎൽപിയുടെ പ്രതിനിധികളോടും യോഗത്തില്‍ പങ്കെടുക്കാന്‍ കായിക മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഐഎസ്എല്‍ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. ഇത്തവണ ഐഎസ്എല്‍ ഉണ്ടാകുമോയെന്ന് പോലും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് കായിക മന്ത്രാലയം ഇടപെടുന്നത്.
പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ക്ലബ് മാനേജ്‌മെന്റുകളും താരങ്ങളും രംഗത്തെത്തിയിരുന്നു. വിവിധ ക്ലബുകള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എഫ്‌എസ്‌ഡിഎല്ലിനും എഐഎഫ്‌എഫിനും ഇടയിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (എംആർഎ) ഈ മാസം അവസാനിക്കും. എന്നാല്‍ പുതിയ കൊമേഴ്‌സ്യല്‍ പാര്‍ട്ണര്‍ക്കായുള്ള റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആർഎഫ്‌പി) ബിഡുകളൊന്നും ലഭിക്കാത്തതാണ് പ്രതിസന്ധി.
പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നേരത്തെ ഐഎസ്എല്‍ ക്ലബുകള്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഐഎസ്എല്‍ ക്ലബുകള്‍ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതെന്നാണ് വിവരം.