ICC Rankings: ഐസിസി ലോകടെസ്റ്റ് റാങ്കിംഗ്: ബൗളർമാരിൽ ഒന്നാമൻ ബുമ്ര, മറികടന്നത് ഈ ഇന്ത്യൻ താരത്തെ; യശസ്വി ജയ്സ്വാളിനും നേട്ടം
ICC Test Ranking: ബുമ്രയ്ക്ക് 870 പോയിന്റും അശ്വിന് 869 പോയിന്റുമാണ്. അതേസമയം, ബാറ്റർമാരുടെ റാങ്കിംഗിൽ യുവതാരം യശസ്വി ജയ്‌സ്വാൾ മൂന്നാം സ്ഥാനത്തെത്തി.
ദുബായ്: ക്രിക്കറ്റ് താരങ്ങളുടെ പുതിയ ഐസിസി റാങ്കിംഗ് പുറത്ത്. ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ സൂപ്പർ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനത്തെത്തി. സഹതാരം രവിചന്ദ്ര അശ്വിനെ പിന്തള്ളിയാണ് ബുമ്ര ഒന്നാമതെത്തിയത്. ബംഗ്ലാദേശിനെതിരെ ചെപ്പോക്കിലും ചെന്നെെയിലുമായി നടന്ന ടെസ്റ്റ് പരമ്പരകളിലെ പ്രകടനമാണ് ബുമ്രയെ റാങ്കിംഗിൽ ഒന്നാമതെത്തിച്ചത്. പരമ്പരയിൽ 11 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 11 വിക്കറ്റുകൾ വീഴ്ത്തിയ ആർ അശ്വിനാണ് രണ്ടാമത്. ബുമ്രയ്ക്ക് 870 പോയിന്റും അശ്വിന് 869 പോയിന്റുമാണ്. അതേസമയം, ബാറ്റർമാരുടെ റാങ്കിംഗിൽ യുവതാരം യശസ്വി ജയ്‌സ്വാൾ മൂന്നാം സ്ഥാനത്തെത്തി. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ജയ്സ്വാളിന്റെ മുന്നേറ്റം. ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ റൺസ് സ്വന്തമാക്കിയിരുന്നു.
ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണ്. ആറാം സ്ഥാനത്താണ് ജഡേജ. ഓസ്ട്രേലിയൻ താരം ജോഷ് ഹേസൽവുഡാണ് റാങ്കിംഗിലെ മൂന്നാമൻ. പാറ്റ് കമ്മിൻസ് നാലാമതും കഗിസോ റബാദ അഞ്ചാം സ്ഥാനത്തുമാണുള്ളത്. ശ്രീലങ്കയുടെ യുവതാരം പ്രഭാത് ജയസൂര്യ ഏഴാമതും ഓസ്ട്രേലിയൻ സ്പിന്നർ നാഥാൻ ലിയോൺ എട്ടാമതുമാണ്. കെയ്ൽ ജെയ്മിസൺ (ന്യൂസിലൻഡ്), ഷഹീൻ അഫ്രീദി (പാകിസ്ഥാൻ) എന്നിവരാണ് യഥാക്രമം പത്തുവരെയുള്ള സ്ഥാനങ്ങളിൽ.
ബാറ്റർമാരുടെ പട്ടികയിൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വിരാട് കോലി ആറാം സ്ഥാനത്തേക്ക് എത്തി. രണ്ട് ടെസ്റ്റ് പരമ്പരയിൽ നിന്ന് 99 റൺസാണ് കോലി നേടിയത്. അതേസമയം, ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറിയുമായി തിളങ്ങിയ ഋഷഭ് പന്ത് ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നായകൻ രോഹിത് ശർമ്മ 15-ാം സ്ഥാനത്തും ശുഭ്മാൻ ഗിൽ 16-ാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ടിന്റെ മുൻ നായകൻ ജോ റൂട്ടാണ് ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമൻ. ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൺ രണ്ടാമതും സ്റ്റീവ് സ്മിത്ത് നാലാം സ്ഥാനത്തുമാണ്.
ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജയാണ് അഞ്ചാമത്. പാകിസ്ഥാന്റെ മുഹമ്മദ് റിസ്‌വാൻ, ഓസീസ് താരം മർനസ് ലബുഷെയ്ൻ എന്നിവർ യഥാക്രമം ഏഴും എട്ടും സ്ഥാനത്തും ഡാരിൽ മിച്ചൽ പത്താമതുമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ രവീന്ദ്ര ജഡേജ ഒന്നാമതും ആർ അശ്വിൻ രണ്ടാമതുമാണ്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ 300 ടെസ്റ്റ് വിക്കറ്റുകളെന്ന നാഴികക്കല്ലും ജഡേജ പിന്നിട്ടിരുന്നു.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ 3-ാം ഫെെനലാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ശതമാനത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യ( 74.24) രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുമായുള്ള (62.50) അകലം വർദ്ധിപ്പിച്ചു. സ്വന്തം മണ്ണിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന മൂന്ന് ടെസ്റ്റുകളും ഓസ്ട്രേലിയയ്ക്ക് എതിരായ 5 എവേ ടെസ്റ്റുകളുമാണ് ടീം ഇന്ത്യക്ക് ഇനി ബാക്കിയുള്ളത്. ന്യൂസിലൻഡിനെതിരായ പരമ്പര തൂത്തുവാരിയാൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫെെനലിലെത്തും. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ തോറ്റാലും ഇന്ത്യ ഫെെനൽ കളിക്കും.