Kerala Blasters: സൂപ്പർ കപ്പിൽ വിജയത്തുടർച്ചയുമായി ബ്ലാസ്റ്റേഴ്സ്; സ്പോർട്ടിങ് ഡൽഹിയെ വീഴ്ത്തിയത് മൂന്ന് ഗോളുകൾക്ക്
Kerala Blasters Wins Against Sporting Delhi: സൂപ്പർ കപ്പിൽ സ്പോർട്ടിങ് ഡൽഹിയെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്. ടൂർണമെൻ്റിൽ തുടരെ രണ്ടാം ജയമാണ് ബ്ലാസ്റ്റേഴ്സ് കുറിച്ചത്.
എഐഎഫ്എഫ് സൂപ്പർ കപ്പിൽ വിജയത്തുടർച്ചയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഗ്രൂപ്പ് ഡിയിലെ രണ്ടാമത്തെ കളിയിൽ സ്പോർട്ടിങ് ഡൽഹിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. ഈ സീസണിൽ ടീമിലെത്തിയ സ്ട്രൈക്കർ കോൽദോ ഒബിയേറ്റ ഇരട്ട ഗോളുകൾ നേടിയപ്പോൾ കോറോയാണ് മൂന്നാം ഗോൾ നേടിയത്. മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.
18ആം മിനിട്ടിൽ തന്നെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഒബിയേറ്റ ആയിരുന്നു ഗോൾ സ്കോറർ. നാല് മിനിട്ടുകൾക്ക് ശേഷം ഒബിയേറ്റ വീണ്ടും ലക്ഷ്യം ഭേദിച്ചതോടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. 33ആം മിനിട്ടിൽ ലൂണയുടെ ക്രോസിൽ നിന്ന് ഒരു ഗംഭീര ഫിനിഷിംഗിലൂടെയാണ് കോറോ സ്കോർഷീറ്റിൽ ഇടം നേടിയത്. ഇതിന് ശേഷം ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനായില്ല.
ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. മുംബൈ സിറ്റി എഫ്സിയാണ് ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. മുംബൈയോട് വമ്പൻ തോൽവി വഴങ്ങിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് അടുത്ത ഘട്ടത്തിലെത്തും. രാജസ്ഥാൻ എഫ്സിക്കെതിരെ മുംബൈ സിറ്റി എഫ്സി ഏകപക്ഷീയമായ ഒരു ഗോളിൻ്റെ തോൽവി വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് നേട്ടമായത്. മുംബൈ ബ്ലാസ്റ്റേഴ്സിനെ തോല്പിച്ചാൽ ഇരു ടീമുകൾക്കും ആറ് പോയിൻ്റ് വീതമാവും. അപ്പോൾ ഗോൾ ഡിഫറൻസ് ആവും പരിഗണിക്കുക. നിലവിൽ ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ ഡിഫറൻസ് നാലും മുംബൈയുടേത് രണ്ടുമാണ്. മുംബൈക്കെതിരെ ഈ മാസം ആറിനാണ് മത്സരം.
പുതിയ പരിശീലകനായ ഡേവിഡ് കറ്റാലയ്ക്ക് കീഴിൽ ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ ടൂർണമെൻ്റാണിത്. മികച്ച ഒത്തിണക്കം കാഴ്ചവെക്കുന്ന ടീമിൽ ഒബിയേറ്റ തകർപ്പൻ ഫോർവേഡാണെന്ന് തെളിയിക്കുന്ന പ്രകടനങ്ങളാണ് നടത്തുന്നത്. ഈ പ്രകടനം ഐഎസ്എലിലും തുടരാനായാൽ ബ്ലാസ്റ്റേഴ്സ് ബ്ലാസ്റ്റേഴ്സിന് വീണ്ടും പ്ലേ ഓഫ് സ്വപ്നം കാണാം.