Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Messi's Kolkata tour chaos: ലയണൽ മെസിയെ കാണാന്‍ സാധിക്കാത്തതില്‍ പ്രകോപിതരായി കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ആരാധകരുണ്ടാക്കിയ സംഘര്‍ഷത്തെ തുടര്‍ന്ന് പരിപാടിയുടെ മുഖ്യസംഘാടകനെ പശ്ചിമ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കാണാന്‍ സാധിക്കാത്തതില്‍ പ്രകോപിതരായി കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ആരാധകരുണ്ടാക്കിയ സംഘര്‍ഷത്തെ തുടര്‍ന്ന് പരിപാടിയുടെ മുഖ്യസംഘാടകനെ പശ്ചിമ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരാശരായ കാണികൾക്ക് സംഘാടകർ ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന് കൊൽക്കത്ത ഡിജിപി രാജീവ് കുമാർ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ആസൂത്രണമില്ലാതെ പരിപാടി നടത്തിയതിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനം ഉടൻ പുനഃസ്ഥാപിക്കാനുള്ള നടപടികളെടുത്തു. ഗതാഗതം സാധാരണ നിലയിലാണ്. ആളുകളെല്ലാം വീടുകളിലേക്ക് മടങ്ങി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ഈ സംഭവത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന് ഉറപ്പാക്കും. ബന്ധപ്പെട്ട അധികാരികൾക്കെതിരെ എല്ലാത്തരം നടപടികളും സ്വീകരിക്കുമെന്നും കൊൽക്കത്ത ഡിജിപി രാജീവ് കുമാർ പറഞ്ഞു.
പരിപാടിയുടെ സംഘാടകനായ സതാദ്രു ദത്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മെസിയെ കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. എന്നാല്‍ മെസി അധികനേരം മൈതാനത്ത് തുടരാത്തതിനാല്‍ ആരാധകര്‍ക്ക് അദ്ദേഹത്തെ വ്യക്തമായി കാണാനായില്ല. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.
തുടര്‍ന്ന് ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഇരച്ചെത്തി. കുപ്പികളും, ബാനറുകളും, കസേരകളും വലിച്ചെറിഞ്ഞു. പിന്നാലെ പൊലീസ് ലാത്തി ചാർജ് നടത്തി. മുഖ്യമന്ത്രി മമത ബാനർജി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ലയണൽ മെസ്സിയോടും ആരാധകരോടും മമത ബാനർജി ക്ഷമാപണം നടത്തി.
ആശങ്ക അറിയിച്ച് എഐഎഫ്എഫ്
സംഭവത്തില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആശങ്ക അറിയിച്ചു. ഇത് ഒരു പിആർ ഏജൻസി സംഘടിപ്പിച്ച ഒരു സ്വകാര്യ പരിപാടിയായിരുന്നു. ഈ പരിപാടിയുടെ ഓർഗനൈസേഷനിലോ ആസൂത്രണത്തിലോ എഐഎഫ്എഫ് ഒരു തരത്തിലും ഉൾപ്പെട്ടിരുന്നില്ല. കൂടാതെ, പരിപാടിയുടെ വിശദാംശങ്ങൾ എഐഎഫ്എഫിനെ അറിയിച്ചിട്ടില്ല. ഫെഡറേഷനിൽ നിന്ന് ഒരു അനുമതിയും തേടിയിട്ടില്ലെന്നും എഐഎഫ്എഫ് വ്യക്തമാക്കി.
Safety and security remain our top priority for all.#IndianFootball ⚽️ pic.twitter.com/pOUPJ7IXCs
— Indian Football (@IndianFootball) December 13, 2025
മെസി ഹൈദരാബാദില്‍
അതേസമയം, ലയണല്‍ മെസി ഹൈദരാബാദിലെത്തി. ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പം ലയണല്‍ മെസി തെലങ്കാനയിലെ ഹൈദരാബാദിലുള്ള താജ് ഫലക്നുമ പാലസിലെത്തി. ഹൈദരാബാദിലെ ഫലക്നുമ പാലസിൽ ലയണൽ മെസ്സിയെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സ്വാഗതം ചെയ്തു.