Manolo Marquez : എട്ട് മത്സരങ്ങളിൽ നിന്നും ആകെ നേടിയത് ഒരു ജയം; ഇന്ത്യൻ ഫുട്ബോളിനെ കൈവിട്ട് മനോള മാർക്വെസ്
Manolo Marquez Indian Football Team Coach Resigned : എഐഎഫ്എഫിന് ഒരു വർഷത്തെ കരാർ ബാക്കി നിൽക്കെയാണ് മനോള മർക്വെസ് മുഖ്യപരിശീലക സ്ഥാനം ഒഴിയുന്നത്.
ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞ് സ്പാനിഷ് കോച്ച് മനോള മർക്വെസ്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി (എഐഎഫ്എഫ്) ഭാരവാഹികുമായിട്ടുള്ള ചർച്ചയ്ക്കൊടുവിലാണ് മനോള മർക്വെസ് കോച്ചിങ് സ്ഥാനം ഒഴിഞ്ഞത്. ആഴ്ചകൾക്ക് മുമ്പ് 2027 എ എഫ് സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ഹോങ്കോങ്ങിനോട് 1-0ത്തിന് ഇന്ത്യൻ സംഘം തോറ്റതിന് പിന്നാലെയാണ് ഈ നടപടി.
മനോള മർക്വെസ് സ്വയം വിരമിച്ചതല്ല. എഐഎഫ്എഫും ഭാരവാഹികളുമായിട്ടുള്ള ചർച്ചായ്ക്കൊടുവിലാണ് മനോള മർക്വെസ് സ്ഥാനം ഒഴിയാനുള്ള തീരുമാനം അറിയിച്ചതെന്ന് എഐഎഫ്എഫിൻ്റെ ആക്ടിങ് ജനറൽ സെക്രട്ടറി എം സത്യനാരണൻ അറിയിച്ചതായി സ്പോർട്സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. സ്പാനിഷ് പരിശീലകനുമായി എഐഎഫ്എഫിന് ഒരു വർഷത്തെ കരാറും കൂടി ബാക്കി നിൽക്കവെയാണ് രാജി തീരുമാനം.
കഴിഞ്ഞ ജൂൺ 2024ലാണ് മനോള മർക്വെസ് ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ മുഖ്യപരിശീലകനായി ചുമതലയേൽക്കുന്നത്. ഐഎസ്എൽ ടീമുകളെ പരിശീലിപ്പിച്ച് ഇന്ത്യൻ ഫുട്ബോളിലെ പരിചയസമ്പന്നത മുൻ നിർത്തിയാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സ്പാനിഷ് കോച്ചിനെ നിയമിക്കുന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷകൊണ്ട് എട്ട് മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഇന്ത്യൻ ടീമിന് ജയിക്കാനായത് ഒരു മത്സരത്തിൽ മാത്രം. അതും മാലിദ്വീപിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ 3-0ത്തിന്. മനോളയുടെ കീഴിൽ കോംപെറ്റേറ്റീവ് മത്സരത്തിൽ പോലും ജയം നേടാൻ ഇന്ത്യയുടെ നീല കടുവകൾക്ക് സാധിച്ചില്ല.
ALSO READ : Cristiano Ronaldo: പ്രൈവറ്റ് ജെറ്റ്, 2000 കോടി വാർഷിക ശമ്പളം; അൽ നസറിൽ കരാർ പുതുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ
ഈ കഴിഞ്ഞ മാർച്ചിൽ ബംഗ്ലാദേശിനെതിരെ ഗോൾരഹിത സമനില വഴങ്ങിയതിൽ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഫിഫാ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ 56 സ്ഥാനം താഴെയാണ് ബംഗ്ലാദേശുള്ളത്. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യ ഫുട്ബോൾ ടീമിൻ്റെ പ്രകടനം താഴേക്ക് കൂപ്പുകുത്തുകയാണ്. കഴിഞ്ഞ ഖത്തറിൽ വെച്ച് നടന്ന എ എഫ് സി ഏഷ്യൻ കപ്പ് ടൂർണമെൻ്റിൽ നിന്നും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. കളിച്ച എല്ലാ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യ ടൂർണമെൻ്റിൽ നിന്നും പുറത്തായത്.
2023ൽ ഫിഫാ റാങ്കിങ്ങിൽ 99-ാം സ്ഥാനത്തായിരുന്നു ഇന്ത്യ ഇപ്പോൾ 127-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ് സി കിരീടം കൊടുത്തത് മനോള മർക്വെസാണ്. കൂടാതെ എഫ് സി ഗോവയ്ക്ക് വേണ്ടി സൂപ്പർ കപ്പും സ്പാനിഷ് കോച്ച് സ്വന്തമാക്കിട്ടുണ്ട്. തുടർന്നാണ് കഴിഞ്ഞ ക്രൊയേഷൻ കോച്ച് ഇഗോർ സ്റ്റിമാച്ചിൻ്റെ പിൻഗാമിയായി മനോളയെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ മുഖ്യപരിശീലകനായി നിയമിക്കുന്നത്.