AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ശാര്‍ദ്ദുളും സുദര്‍ശനും പുറത്ത്, ബുംറയ്ക്ക് വിശ്രമം; എഡ്ജ്ബാസ്റ്റണില്‍ പ്രതീക്ഷയോടെ ഇന്ത്യ

India vs England Edgbaston Test Updates: ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ലീഡ്‌സില്‍ സെഞ്ചുറി നേടിയ കെഎല്‍ രാഹുലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. 26 പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടിയ രാഹുലിനെ ക്രിസ് വോക്ക്‌സ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു

India vs England: ശാര്‍ദ്ദുളും സുദര്‍ശനും പുറത്ത്, ബുംറയ്ക്ക് വിശ്രമം; എഡ്ജ്ബാസ്റ്റണില്‍ പ്രതീക്ഷയോടെ ഇന്ത്യ
എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ ടീം പരിശീലനത്തില്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 02 Jul 2025 16:41 PM

ഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ മൂന്നു മാറ്റങ്ങളുമായി ഇന്ത്യ. ആദ്യ ടെസ്റ്റ് കളിച്ച സായ് സുദര്‍ശന്‍, ശാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെ ഒഴിവാക്കി. പകരം വാഷിങ്ടണ്‍ സുന്ദറും, നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലെത്തി. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. ബുംറയ്ക്ക് പകരം ആകാശ് ദീപാണ് എഡ്ജ്ബാസ്റ്റണില്‍ കളിക്കുന്നത്. ലീഡ്‌സില്‍ നടന്ന ഒന്നാം മത്സരത്തില്‍ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും, പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാത്തത് സായ് സുദര്‍ശന് തിരിച്ചടിയായി. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ താരത്തിന്, രണ്ടാം ഇന്നിങ്‌സില്‍ 30 റണ്‍സ് മാത്രമാണെടുക്കാനായത്.

ബാറ്റിങിലും ബൗളിങിലും ഒരു പോലെ പ്രയോജനപ്പെടുത്താമെന്നതാണ് വാഷിങ്ടണിന്റെ സവിശേഷത. എഡ്ജ്ബാസ്റ്റണില്‍ അവസാന രണ്ട് ദിവസങ്ങളില്‍ പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്നാണ് വിലയിരുത്തല്‍. ഇതും വാഷിങ്ടണിന് അനുകൂലമായി. വാഷിങ്ടണും, രവീന്ദ്ര ജഡേജയുമാണ് ടീമിലെ സ്പിന്നര്‍മാര്‍. കുല്‍ദീപ് യാദവിനു ഇന്നും അവസരം ലഭിച്ചില്ല.

ആദ്യ ടെസ്റ്റില്‍ നിരാശജനകമായ പ്രകടനമാണ് ശാര്‍ദ്ദുല്‍ താക്കൂറും കാഴ്ചവച്ചത്. രണ്ട് ഇന്നിങ്‌സുകളിലുമായി അഞ്ച് റണ്‍സും, രണ്ട് വിക്കറ്റും മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെ നിതീഷ് റെഡ്ഡി ടീമിലുമെത്തി. ജസ്പ്രീത് ബുംറ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളില്‍ മാത്രമേ കളിക്കൂവെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.

Read Also: India vs England: എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ പേടിക്കണം, കണക്കുകളൊന്നും ശരിയല്ല

എഡ്ജ്ബാസ്റ്റണിലെ ടീം സെലക്ഷനില്‍ ബുംറ ലഭ്യമാണെന്ന് ഇന്ത്യന്‍ അസിസ്റ്റന്റ് പരിശീലകന്‍ വ്യക്തമാക്കിയതോടെ താരം കളിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ പരിശീലന സെഷനില്‍ ബുംറ കാര്യമായി പങ്കെടുത്തിരുന്നില്ല. ബുംറയുടെ ജോലിഭാരം കുറയ്ക്കുന്നതിനാണ് ടീം മാനേജ്‌മെന്റ് താരത്തിന് വിശ്രമം അനുവദിച്ചത്. പകരം ആകാശ് ദീപിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

അതേസമയം, ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ലീഡ്‌സില്‍ സെഞ്ചുറി നേടിയ കെഎല്‍ രാഹുലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. 26 പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടിയ രാഹുലിനെ ക്രിസ് വോക്ക്‌സ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. മൂന്നാം നമ്പറില്‍ കരുണ്‍ നായരാണ് ബാറ്റു ചെയ്യുന്നത്.