AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Netherlands vs Nepal: ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരു കളിയിൽ മൂന്ന് സൂപ്പർ ഓവർ; ഒടുവിൽ ജയം നെതർലൻഡ്സിന്

First Ever Three Super Overs In A Match: ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരു കളി മൂന്ന് സൂപ്പർ. നെതർലൻഡ്സും നേപ്പാളും തമ്മിൽ നടന്ന മത്സരത്തിലാണ് റെക്കോർഡ് പഴങ്കഥയായത്.

Netherlands vs Nepal: ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരു കളിയിൽ മൂന്ന് സൂപ്പർ ഓവർ; ഒടുവിൽ ജയം നെതർലൻഡ്സിന്
നെതർലൻഡ്സ് - നേപ്പാൾImage Credit source: Social Media
abdul-basith
Abdul Basith | Published: 17 Jun 2025 15:00 PM

ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരു കളിയിൽ മൂന്ന് സൂപ്പർ ഓവർ. ഈ മാസം 16ന് നെതർലൻഡ്സും നേപ്പാളും തമ്മിൽ നടന്ന ടി20 മത്സരത്തിലാണ് മൂന്ന് സൂപ്പർ ഓവറുകൾ കണ്ടത്. ഒടുവിൽ, മൂന്നാം സൂപ്പർ ഓവറിൽ നെതർലൻഡ്സ് ആവേശവിജയം നേടി. പുരുഷന്മാരുടെ പ്രൊഫഷണൽ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മത്സരത്തിൽ മൂന്ന് സൂപ്പർ ഓവറുകൾ പിറക്കുന്നത്.

സ്കോട്ട്ലൻഡ് കൂടി ഉൾപ്പെട്ട ത്രിരാഷ്ട്ര ടി20 പരമ്പരയിലെ മത്സരത്തിലാണ് ചരിത്രം വഴിമാറിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 152 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ നേപ്പാൾ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി അത്ര തന്നെ റൺസ് നേടിയപ്പോൾ മത്സരം സൂപ്പർ ഓവറിലേക്ക്.

Also Read: Ind vs Eng: ആ സൂപ്പർതാരം എല്ലാ മത്സരവും കളിക്കില്ല? ഹർഷിത് റാണ ടീമിനൊപ്പം തുടരും

ആദ്യ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ കുശൻ ഭുർട്ടലിൻ്റെ വെടിക്കെട്ട് ബാറ്റിംഗിൻ്റെ മികവിൽ 19 റൺസ് നേടി. എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സും ഇത്ര തന്നെ റൺസ് നേടി. മാക്സ് ഒഡോവ്ഡ് ആയിരുന്നു അവരുടെ ഹീറോ. രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ് 18 റൺസ് നേടി. മറുപടി ബാറ്റിംഗിൽ നേപ്പാളും 18 റൺസ് അടിച്ചുകൂട്ടി. മൂന്നാം സൂപ്പർ ഓവറിൽ നേപ്പാളിന് എല്ലാം പിഴച്ചു. ഓഫ് സ്പിന്നർ സാക്ക് ലിയോൺ കാചറ്റ് എറിഞ്ഞ ഓവറിൽ ഒരു റൺസ് പോലും എടുക്കാൻ അവർക്ക് കഴിഞ്ഞില്ല. രണ്ട് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സിനായി ആദ്യ പന്ത് സിക്സടിച്ച മൈക്കൽ ലെവിറ്റ് നെതർലൻഡ്സിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയും ചെയ്തു. ലിയോൺ കാചറ്റ് കളിയിലെ താരമായി.