ED Betting App Case: ഹർഭജൻ സിംഗിനെയും യുവ്‌രാജ് സിംഗിനെയും ചോദ്യം ചെയ്ത് ഇഡി; ബെറ്റിംഗ് ആപ്പുകൾ പ്രമോട്ട് ചെയ്തിനെതിരെ നടപടിയെടുത്തേക്കും
ED Questioned Cricketers In Betting App Case: ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ മുൻ ക്രിക്കറ്റർമാരായ യുവ്‌രാജ് സിംഗിനെയും ഹർഭജൻ സിംഗിനെയും സുരേഷ് റെയ്നയെയും ചോദ്യം ചെയ്ത് ഇഡി.

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിംഗ് യുവ്‌രാജ് സിംഗ്, സുരേഷ് റെയ്ന തുടങ്ങിയവരെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. അനധികൃത ബെറ്റിംഗ് ആപ്പുകൾ പ്രമോട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. ക്രിക്കറ്റ് താരങ്ങൾക്കൊപ്പം നടി ഉർവശി റൗട്ടേലയെയും ഇഡി ചോദ്യം ചെയ്തു.
വൺഎക്സ്ബെറ്റ് പോലുള്ള അനധികൃതർ ബെറ്റിങ് പ്ലാറ്റ്ഫോമുകളെ പ്രമോട്ട് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ക്രിക്കറ്റ് താരങ്ങളെയും നടിയെയും ഇഡി ചോദ്യം ചെയ്തത്. നിരോധിക്കപ്പെട്ട ബെറ്റിംഗ് ആപ്പുകൾ മറ്റ് പേരുകളിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും പരസ്യ ക്യാമ്പയിനുകളിൽ ഇവയുടെ വെബ് ലിങ്കുകളും നിരോധിത സൈറ്റുകളിലേക്കുള്ള ക്യുആർ കോഡുകളും നൽകിയിട്ടുണ്ടെന്നും ഇഡി പറയുന്നു. സ്കിൽ ബേസ്ഡ് ഗെയിംഗ്സ് എന്ന പേരിലാണ് ഇവയുടെ പ്രവർത്തനമെങ്കിലും ഇന്ത്യയിൽ നിയമവിരുദ്ധമായ ചൂതാട്ടമാണ് ഇതിലൂടെ നടക്കുന്നത്. ഇത്തരം അനധികൃത ആപ്പുകളുടെ പരസ്യത്തിൽ ക്രിക്കറ്റർമാർ അടക്കമുള്ളവർ പങ്കെടുക്കുന്നതിലൂടെ നിരവധി പേരാണ് പറ്റിക്കപ്പെടുന്നത് എന്നും ഇഡിയുടെ കണ്ടെത്തലുണ്ട്.
ഇതിലൂടെ നിരവധി നിയമങ്ങൾ ലംഘിക്കപ്പെട്ടു എന്ന് ഇഡിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഐടി ആക്ട്, കള്ളപ്പണം വെളുപ്പിക്കൽ കേസ് തുടങ്ങി വിവിധ നിയമങ്ങൾ ലംഘിക്കപ്പെട്ടതുകൊണ്ട് തന്നെ ഗുരുതരമായ പിഴവാണ് താരങ്ങളിൽ നിന്ന് ഉണ്ടായിരിക്കുന്നത് എന്നും ഇഡി പറയുന്നു.




രാജ്യത്ത് അനധികൃത ബെറ്റിങ് ആപ്പുകൾക്കെതിരെ കുറച്ചുകാലമായി നടപടി ശക്തമാണ്. തെലങ്കാനയിൽ റാണ ദഗുബട്ടി, പ്രകാശ് രാജ് തുടങ്ങി 25 അഭിനേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇത്തരം ആപ്പുകളിലൂടെ ലക്ഷക്കണക്കിൻ രൂപയുടെ വെട്ടിപ്പാണ് നടക്കുന്നത്. ഇവയിയൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് കുടുങ്ങുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വരും ദിവസങ്ങളിൽ ക്രിക്കറ്റർമാർക്കെതിരെ കൂടുതൽ നടപടിയുണ്ടാവുമെന്നാണ് സൂചന.