Sanju Samson: മോശം ഫോമൊന്നും ഒരു പ്രശ്നമല്ല; സഞ്ജുവിനായി ആർത്തുവിളിച്ച് വാംഖഡെ: വിഡിയോ കാണാം
Sanju Samson Chants Wankhade: മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ സഞ്ജുവിനായി മുദ്രാവാക്യം. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിലാണ് വാംഖഡെ കാണികൾ സഞ്ജുവിനായി മുദ്രാവാക്യമുയർത്തിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

മലയാളി താരം സഞ്ജു സാംസൺ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ മോശം പ്രകടനമാണ് നടത്തിയത്. ആദ്യ കളി നേടിയ 26 റൺസിൻ്റെ ഉയർന്ന സ്കോർ അടക്കം അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ താരത്തിൻ്റെ ആകെ സമ്പാദ്യം 51 റൺസ്. മോശം ഫോം തുടരുന്ന സഞ്ജുവിനെതിരെ വിമർശനം ശക്തമാണ്. എന്നാൽ, ഇതൊന്നും വാംഖഡെ കാണികൾ കണക്കിലെടുത്തില്ല. സഞ്ജുവിനായി ആർപ്പുവിളിയ്ക്കുന്ന ആരാധകരുടെ വിഡിയോ വൈറലാണ്.
പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി രണ്ടിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടന്നത്. അതുവരെ നടന്ന നാല് മത്സരങ്ങളിലായി സഞ്ജു നേടിയിരുന്നത് വെറും 35 റൺസ്. ദേശീയ ടീം ഓപ്പണറായി ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ തകർപ്പൻ പ്രകടനങ്ങൾ നടത്തിയ സഞ്ജു ടീമിൽ സ്ഥാനമുറപ്പിച്ചതാണ്. എന്നാൽ, ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ടതിനാൽ താരത്തെ ടീമിൽ നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാണ്. ഇതിനിടയിലായിരുന്നു അഞ്ചാം ടി20. ഈ കളി നല്ല ഒരു പ്രകടനം നടത്തേണ്ടത് സഞ്ജുവിനും അത്യാവശ്യമായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലൊക്കെ ഷോർട്ട് ബോളിൽ തന്നെ വീഴ്ത്തിയ ജോഫ്ര ആർച്ചറിൻ്റെ ആദ്യ ഓവറിൽ 16 റൺസെടുത്ത് താൻ ഇന്ന് തകർക്കുമെന്ന് സഞ്ജു സൂചന നൽകുകയും ചെയ്തു. ഇതിനിടെയാണ് ഗ്യാലറിയിൽ നിന്നുള്ള വിഡിയോ ആരോ പകർത്തിയത്. ആർച്ചറിൻ്റെ ആദ്യ പന്ത് തന്നെ ഡീപ് മിഡ്‌വിക്കറ്റിലൂടെ സിക്സറിന് പായിച്ച സഞ്ജു ഓവറിലെ അഞ്ചാമത്തെയും ആറാമത്തെയും പന്തുകളിൽ സിക്സറും ബൗണ്ടറിയും നേടി.




ഈ പ്രകടനങ്ങൾക്കിടെ വാംഖഡെ ക്രൗഡ് സഞ്ജുവിനായി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ‘സഞ്ജു സാംസൺ’ എന്ന ചാൻ്റ് ആണ് ഗ്യാലറിയിൽ മുഴങ്ങുന്നത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വിഡിയോ കാണാം:
Sanju Samson chants all over Wankhede 🔥🔥🔥#INDvENG pic.twitter.com/zwa2HhrCHQ
— Sanchit Desai (@sanchitd43) February 2, 2025
ഇംഗ്ലണ്ടിനെതിരെ സഞ്ജു
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ മത്സരത്തിൽ സഞ്ജു 20 പന്തിൽ 26 റൺസെടുത്ത് പുറത്തായി. ജോഫ്ര ആർച്ചറിനായിരുന്നു വിക്കറ്റ്. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലും സഞ്ജു ആർച്ചറിന് മുന്നിൽ വീണു. നേടിയത് അഞ്ച് റൺസ്. രാജ്കോട്ടിൽ വീണ്ടും ആർച്ചർ തന്നെ സഞ്ജുവിനെ മടക്കി. ഈ കളി മൂന്ന് റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം. പൂനെയിൽ നടന്ന നാലാം മത്സരത്തിൽ ഒരു റൺ നേടിയ സഞ്ജുവിനെ മടക്കിയത് സാഖിബ് മഹ്മൂദായിരുന്നു. അവസാന മത്സരത്തിൽ ആർച്ചറെ ഒതുക്കിയെങ്കിലും സമാനമായ രീതിയിൽ മാർക്ക് വുഡിന് വിക്കറ്റ് സമ്മാനിച്ച് സഞ്ജു മടങ്ങുകയായിരുന്നു.
Also Read: India vs England: ബാറ്റിംഗിലും ബൗളിംഗിലും അഭിഷേക് ശർമ്മ; അഞ്ചാം ടി20യിൽ പടുകൂറ്റൻ വിജയവുമായി ഇന്ത്യ
അഞ്ചാം ടി20
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിൽ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 150 റൺസിന് ഇംഗ്ലണ്ടിനെ തകർത്ത ഇന്ത്യ ഇതോടെ 4-1ന് പരമ്പരയും നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 247 റൺസെന്ന പടുകൂറ്റൻ ടോട്ടലാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒരു വെല്ലുവിളി പോലും ഉയർത്താതെ 10.3 ഓവറിൽ വെറും 97 റൺസിന് ഓളൗട്ടായി. ബാറ്റിംഗിലും (54 പന്തിൽ 135) ബൗളിംഗിലും (രണ്ട് വിക്കറ്റ്) തിളങ്ങിയ അഭിഷേക് ശർമ്മ കളിയിലെ താരമായി.