5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Joshitha VJ: ഇന്ത്യൻ ലോകകപ്പ് വിജയങ്ങളിലെ മലയാളി സാന്നിധ്യം; പട്ടികയുടെ ഇങ്ങേ തലയ്ക്കൽ വയനാടുകാരി ജോഷിത വിജെ

Meet Malayali Cricketer Joshitha VJ : ഇന്ത്യ അണ്ടർ 19 വനിതാ ലോകകപ്പ് കിരീടം നേടുമ്പോൾ ടീമിലുണ്ടായിരുന്ന ഒരു വയനാട് സ്വദേശിയുണ്ട്, ജോഷിത വിജെ. ടീമിൻ്റെ സ്ട്രൈക്ക് ബൗളറായിരുന്ന ജോഷിത സ്വിങ് ബൗളിംഗ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ്. വനിതാ പ്രീമിയർ ലീഗിൽ ആർസിബിയിലാണ് താരം.

Joshitha VJ: ഇന്ത്യൻ ലോകകപ്പ് വിജയങ്ങളിലെ മലയാളി സാന്നിധ്യം; പട്ടികയുടെ ഇങ്ങേ തലയ്ക്കൽ വയനാടുകാരി ജോഷിത വിജെ
ജോഷിത വിജെImage Credit source: Social Media
abdul-basith
Abdul Basith | Updated On: 03 Feb 2025 16:30 PM

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ആകെ ലോകകപ്പ് വിജയങ്ങളിൽ പൊതുവായി കാണുന്ന ഒന്നുണ്ട്, മലയാളി താരം. എല്ലാ വിജയങ്ങളിലുമെന്ന് പറയാനാവില്ലെന്നും ഏറെക്കുറെ വ്യാപകമായുള്ള ഒരു പ്രതിഭാസമാണിത്. ചന്ദ്രനിൽ പോയാലും മലയാളി ഉണ്ടാവുമെന്ന അതിശയോക്തി പോലെയല്ല ഇത്. കണക്കുകളുണ്ട്. 2011 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യക്ക് ദീർഘകാലം ലോകകപ്പ് വരൾച്ച ഉണ്ടായപ്പോഴാണ് ആ പ്രതിഭാസം ചർച്ചയായത്. ശേഷം മലയാളി കളിച്ച ലോകകപ്പ് ഇന്ത്യ നേടുകയും ചെയ്തു.

1983ൽ ലോർഡ്സ് ബാൽക്കണിയിൽ കപിൽ ദേവ് ആദ്യ ലോകകപ്പ് ഉയർത്തുമ്പോൾ മുംബൈ മലയാളിയായ സുനിൽ വാൽസൺ ടീമിലുണ്ട്. അടുത്ത ലോകകപ്പ് 2007ലാണ്. ആരും പ്രതീക്ഷിക്കാതെ പ്രഥമ കുട്ടി ലോകകപ്പിൽ ഇന്ത്യ കിരീടമുയർത്തുമ്പോൾ കപ്പുറപ്പിച്ച ക്യാച്ചെടുത്തും സെമിയിൽ ഓസീസിനെ തകർത്ത സ്പെൽ എറിഞ്ഞും ശാന്തകുമാരൻ ശ്രീശാന്ത് ടീമിൽ നിറഞ്ഞുനിന്നു. 2011 ഏകദിന ലോകകപ്പിലും ശ്രീശാന്ത് മലയാളി പ്രതിനിധിയായി. പിന്നെയൊരു വരൾച്ചയായിരുന്നു. ഇതിനിടെ സഞ്ജു സാംസൺ ലൈം ലൈറ്റിലേക്ക് വന്നെങ്കിലും തുടരെ അവഗണന നേരിട്ടു. അതിനൊപ്പം ഇന്ത്യയിൽ നിന്ന് ലോക കിരീടവും മാറിനിന്നു. ഒടുവിൽ, 2024 ടി20 ലോകകപ്പിൽ സഞ്ജു ഉൾപ്പെട്ടു. മലയാളി താരം ഒരു കളി പോലും കളിച്ചില്ലെങ്കിലും ഇന്ത്യ കപ്പടിച്ചു. അണ്ടർ 19 വനിതാ ലോകകപ്പിൽ ഇത്തവണയും കഴിഞ്ഞ തവണയും കപ്പടിച്ച ഇന്ത്യൻ ടീമിലുമുണ്ടായിരുന്നു മലയാളികൾ. കഴിഞ്ഞ തവണ മലപ്പുറത്തുകാരി നജ്ല സിഎംസി ആയിരുന്നെങ്കിൽ ഈ തവണ ജോഷിത വിജെ എന്ന വയനാട്ടുകാരി. നജ്ല റിസർവ് പട്ടികയിൽ ഉൾപ്പെട്ടപ്പോൾ ജോഷിത ഇന്ത്യയുടെ സ്ട്രൈക്ക് ബൗളറായിരുന്നു.

ജോഷിത വിജെ
ജോഷിത വിജെ എന്ന എന്ന 18 വയസുകാരിയെ ലോക ക്രിക്കറ്റ് ആദ്യം കാണുന്നത് ഇക്കഴിഞ്ഞ അണ്ടർ 19 ഏഷ്യാ കപ്പിലായിരുന്നു. മൂന്ന് കളി കളിച്ച് രണ്ട് വിക്കറ്റിട്ട ജോഷിത സ്വിങ് ബൗളിംഗ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ നടന്ന വനിതാ പ്രീമിയർ ലീഗിൽ ജോഷിതയെ ആർസിബി ടീമിലെത്തിച്ചു. 10 ലക്ഷം രൂപയ്ക്കാണ് മലയാളി താരം ആർസിബിയിലെത്തിയത്.

ഏഷ്യാ കപ്പിന് ശേഷം ലോകകപ്പ് ടീമിലും ജോഷിത ഇടം കണ്ടെത്തി. ഷബ്നം ഷക്കീലിനൊപ്പം ഇന്ത്യയുടെ സ്ട്രൈക്ക് ബൗളറായിരുന്നു ജോഷിത. മനോഹരമായ സീം പൊസിഷനും താളബദ്ധമായ റണ്ണപ്പും റിലീസും സ്വിങുമൊക്കെ ജോഷിതയുടെ ബൗളിംഗിൽ കണ്ടു. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ കളി രണ്ട് വിക്കറ്റിട്ട് ലോകകപ്പാരംഭിച്ച ജോഷിത, മലേഷ്യക്കെതിരെ ഒരു വിക്കറ്റും ശ്രീലങ്കയ്ക്കെതിരെ രണ്ട് വിക്കറ്റും നേടി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. സൂപ്പർ സിക്സിൽ ബംഗ്ലാദേശിനെതിരെ ഒരു വിക്കറ്റ് വീഴ്ത്തിയ ജോഷിതയ്ക്ക് സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ വിശ്രമം അനുവദിച്ചു. സെമിയിലും ഫൈനലിലും വിക്കറ്റൊന്നും ലഭിച്ചില്ല. ആ രണ്ട് മത്സരത്തിലും സ്പിന്നർമാരാണ് കളി നിയന്ത്രിച്ചത്.

Also Read: U19 Womens World Cup: ലോകകപ്പ് വിജയം ഇങ്ങനെ ആഘോഷിക്കണം; ഷാരൂഖ് ഗാനത്തിന് ചുവടുവച്ച് അണ്ടർ 19 താരങ്ങൾ

കേരള അണ്ടർ 19 ടീം ക്യാപ്റ്റനാണ് ജോഷിത. സ്വിങ് ബൗളർ എന്നതിനപ്പുറം താരം ലോവർ ഓർഡറിൽ ഒരു നല്ല ബാറ്റർ കൂടിയാണ്. ടൂർണമെൻ്റിൽ ശ്രീലങ്കക്കെതിരെ മാത്രമാണ് ജോഷിതയ്ക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത്. ഈ കളി 9 പന്തിൽ 14 റൺസെടുത്ത് താരം തൻ്റെ ബാറ്റിംഗ് ഡിസ്പ്ലേയും പ്രദർശിപ്പിച്ചു. വനിതാ പ്രീമിയർ ലീഗിൽ ആർസിബി ടീം ഷീറ്റിൽ ഏറെക്കുറെ ഉറപ്പായ പേരാണ് ജോഷിത. രേണുക സിംഗിനൊപ്പം ജോഷിത ന്യൂ ബോൾ എടുക്കുമെന്നാണ് സൂചനകൾ.

ജോഷിതയുടെ വ്യക്തിവിവരങ്ങൾ
വയനാട് കൽപ്പറ്റയിൽ ജോഷി – ശ്രീജ ദമ്പതികളുടെ മകളായാണ് ജോഷിതയുടെ ജനനം. മുണ്ടേരി ജിവിഎച്ച്എസ്എസിലാണ് പഠിച്ചത്. ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെ കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിൽ താരത്തിന് പ്രവേശനം ലഭിച്ചു. ഇതോടെയാണ് ജോഷിതയുടെ കരിയർ ആരംഭിച്ചത്. പിന്നെ കേരള ടീമിൻ്റെ ഏജ് ഗ്രൂപ്പ് ടീമുകളിൽ കളിച്ച താരം തുടരെ മികച്ച പ്രകടനങ്ങൾ നടത്തി ഒടുവിൽ ഇന്ത്യൻ ടീമിലും അരങ്ങേറുകയായിരുന്നു. നിലവിൽ സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളജിലെ ബിരുദവിദ്യാർത്ഥിയാണ് താരം.