Shahid Afridi: ഷാഹിദ് അഫ്രീദിക്കും ഉമര്‍ ഗുല്ലിനും ഊഷ്മള സ്വീകരണം നല്‍കി ദുബായിലെ മലയാളി സംഘടന? വ്യാപക വിമര്‍ശനം, ക്ഷണിച്ചിട്ടില്ലെന്ന് വിശദീകരണം
Cochin University BTech Alumni controversy: ഇന്ത്യാ വിരുദ്ധനായ അഫ്രീദിയെ ക്ഷണിച്ച സംഘടനയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. ഇത് നാണക്കേടാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പലരും അഭിപ്രായപ്പെട്ടു. സാക്ഷരരെന്ന് അവകാശപ്പെടുന്ന മലയാളികളുടെ ഇത്തരം പ്രവൃത്തികള്‍ നാണക്കേടാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു

ഷാഹിദ് അഫ്രീദി
പഹല്‍ഗാം ഭീകരാക്രമണത്തിലടക്കം ഇന്ത്യയെ പരിഹസിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ പാക് മുന്‍ താരം ഷാഹിദ് അഫ്രീദി ദുബായിലെ മലയാളി സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതിനെതിരെ വിമര്‍ശനം ശക്തം. അഫ്രീദിക്കൊപ്പം പാക് മുന്‍ താരം ഉമര്‍ ഗുല്ലും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി ബി.ടെക് അലുമ്‌നി അസോസിയേഷൻ (CUBAA) ആണ് പരിപാടി സംഘടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദുബായ് പാക് അസോസിയേഷനിലായിരുന്നു പരിപാടി.
While India is in the middle of #OperationSindoor, the “Indian Kerala community” in UAE was busy cheering Shahid Afridi & Umar Gul.
Kerala once again shows its true colours celebrating Pakistani stars while our soldiers fight on the frontlines.
Priorities, right? #KeralaModel… pic.twitter.com/cKVWTU7FYy
— महारथी-മഹാരഥി (@MahaRathii) May 30, 2025
അഫ്രീദി വേദിയിലെത്തിയതും കാണികള്‍ ആര്‍പ്പുവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അഫ്രീദിയെ ആരാധകര്‍ വിളിക്കുന്ന ‘ബൂം ബൂം’ എന്ന് വിളിച്ചാണ് ചിലര്‍ വരവേറ്റത്. കേരളവും കേരളത്തിലെ ഭക്ഷണരീതികളും ഇഷ്ടമാണെന്നും അഫ്രീദി പറഞ്ഞു.
വ്യാപക വിമര്‍ശനം
ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ പതിവായി നടത്തുന്നയാളാണ് അഫ്രീദി. പഹല്‍ഗാം ഭീകരാക്രമണത്തിലും അഫ്രീദി ആ പതിവ് തുടര്‍ന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാകിസ്ഥാന് സാധിച്ചില്ലെങ്കിലും, തങ്ങള്‍ ജയിച്ചെന്നായിരുന്നു പാകിസ്ഥാന്റെ അവകാശവാദം. പാകിസ്ഥാനില്‍ ‘വിജയ റാലി’ക്ക് നേതൃത്വം കൊടുത്തതും അഫ്രീദിയായിരുന്നു.
ഇതോടെ, ഇന്ത്യാ വിരുദ്ധനായ അഫ്രീദിയെ ക്ഷണിച്ച സംഘടനയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. ഇത് നാണക്കേടാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പലരും അഭിപ്രായപ്പെട്ടു. സാക്ഷരരെന്ന് അവകാശപ്പെടുന്ന മലയാളികളുടെ ഇത്തരം പ്രവൃത്തികള്‍ നാണക്കേടാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ‘കേരള സര്‍, 100% ലിറ്ററസി സര്‍’ എന്നും പറഞ്ഞ് പരിഹസിക്കുന്നവരുമുണ്ട്.
ക്ഷണിക്കാതെ വന്നതെന്ന് സംഘടന
മുന്‍ പാക് താരങ്ങള്‍ പരിപാടിയിലേക്ക് ക്ഷണിക്കാതെ വന്നതാണെന്നും, അവരുടെ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നുവെന്നും വിശദീകരിച്ച് സംഘടനയും രംഗത്തെത്തി. ‘മെയ് 25 ന് ദുബായ് പാക് അസോസിയേഷനില്‍ (PAD) നടന്ന ഞങ്ങളുടെ പരിപാടിയിൽ അയൽരാജ്യത്ത് നിന്നുള്ള രണ്ട് പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ സാന്നിധ്യം സംബന്ധിച്ച ആശങ്കകളെക്കുറിച്ച് വിശദീകരിക്കാന്‍ കൊച്ചിൻ യൂണിവേഴ്സിറ്റി ബിടെക് അലുമ്‌നി (CUBAA) ആഗ്രഹിക്കുന്നു’ എന്നും പറഞ്ഞാണ് സംഘടനയുടെ പ്രസ്താവന ആരംഭിക്കുന്നത്.
ഇന്ത്യ-പാക് സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ‘ഓർമ്മച്ചുവടുകൾ സീസൺ 2’ ന്റെ വേദിയായി PAD ഔദ്യോഗികമായി ബുക്ക് ചെയ്യുകയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെന്നാണ് അസോസിയേഷന്റെ വാദം. താങ്ങാനാകുന്ന നിരക്കായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം സീസണ്‍ ഒന്നിനും ഇതേ വേദിയാണ് ഉപയോഗിച്ചത്. പരിപാടിയുടെ സമയത്ത്, നയതന്ത്ര സംഘർഷങ്ങൾ അയഞ്ഞിരുന്നു. ബദൽ വേദി പെട്ടെന്ന് ലഭ്യമല്ലാത്തതിനാൽ, മുന്‍ നിശ്ചയിച്ചതുപോലെ PAD ദുബായിൽ പരിപാടി നടത്തുകയായിരുന്നുവെന്നും സംഘടന അവകാശപ്പെട്ടു.
തങ്ങളുടെ പരിപാടി നടന്ന അതേ ദിവസം, ഹാന്‍ഡ്പ്രിന്‍ഡുള്ള ഏറ്റവും വലിയ യുഎഇ പതാകയുടെ ഗിന്നസ് വേള്‍ഡ് റെക്കോഡുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ അഫ്രീദിയും, ഗുല്ലും അവിടെ എത്തിയിരുന്നു. മെയ് 27-ന് ഗൾഫ് ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സംഘടന വിശദീകരിച്ചു.
തങ്ങളുടെ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിന്റെ പ്രധാന കവാടത്തിൽ ഈ പതാക പ്രദർശിപ്പിച്ചിരുന്നു. പരിപാടി അവസാനിക്കുമ്പോൾ, ഈ ക്രിക്കറ്റ് താരങ്ങള്‍ ഒരേ ഓഡിറ്റോറിയത്തിൽ നടന്ന തങ്ങളുടെ പരിപാടിയിൽ അപ്രതീക്ഷിതമായി വന്നു. സംഘാടകരോ, സംഘടനയിലെ അംഗങ്ങളോ അവരെ ക്ഷണിച്ചിട്ടില്ല. ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പരിപാടിയുടെ ഷെഡ്യൂളിൽ, ഈ വ്യക്തികളെ അതിഥികളായി ഉൾപ്പെടുത്തിയിട്ടുമില്ലെന്ന് സംഘടന പ്രസ്താവനയില്‍ വിശദീകരിച്ചു.
സന്ദർശനത്തിന്റെ അപ്രതീക്ഷിത സ്വഭാവം കണക്കിലെടുത്ത്, ആ കുറഞ്ഞ സമയത്തിനുള്ളിൽ അവരുടെ പ്രവേശനം നിയന്ത്രിക്കാനോ ജനക്കൂട്ടത്തിന്റെ പ്രതികരണം ഉചിതമായി കൈകാര്യം ചെയ്യാനോ കഴിഞ്ഞില്ല. ഈ അപ്രതീക്ഷിത സംഭവം മൂലമുണ്ടായ ആശയക്കുഴപ്പത്തിലും, അസൗകര്യത്തിലും ഖേദിക്കുന്നു. ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.