UEFA Champions League Final 2025: വലയിലെത്തിച്ചത് എണ്ണം പറഞ്ഞ അഞ്ച് ഗോളുകൾ; ഇൻ്റർമിലാനെ നാണംകെടുത്തി പിഎസ്ജി ചാമ്പ്യൻസ് ലീഗ് ജേതാക്കൾ
PSG Wins Champions League For The First Time: ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് വിജയിച്ച് പിഎസ്ജി. ഫൈനലിൽ ഇൻ്റർ മിലാനെ മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്ക് നാണംകെടുത്തിയാണ് പിഎസ്ജിയുടെ നേട്ടം.
ഇൻ്റർമിലാനെ നാണംകെടുത്തി പാരിസ് സെയ്ൻ്റ് ജെർമൻ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ. മടക്കമില്ലാത്ത അഞ്ച് ഗോളുകളായിരുന്നു പിഎസ്ജിയുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം. ഡെസിറെ ദുയേ ഇരട്ടഗോളുകൾ നേടി മുന്നിൽ നിന്ന് നയിച്ചപ്പോൾ അച്റഫ് ഹക്കീമി, ഖ്വിച്ച ക്വരത്സ്‌ഖേലിയ, സെന്നി മയൂളു എന്നിവരും സ്കോർഷീറ്റിൽ ഇടം നേടി.
ഒന്നാം മിനിട്ട് മുതൽ 90ആം മിനിട്ട് വരെ തുടർച്ചയായി ആധിപത്യം പുലർത്തിയാണ് പിഎസ്ജി കളി വിജയിച്ചത്. 12ആം മിനിട്ടിൽ അച്റഫ് ഹക്കീമിയാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 18 വയസുകാരനായ ഡെസിറെ ഡൂയെ നൽകിയ ക്രോസിൽ നിന്ന് ഹക്കീമി യാൻ സോമ്മറിൻ്റെ വല ചലിപ്പിച്ചു. എട്ട് മിനിട്ടിനകം, 20ആം മിനിട്ടിൽ ഡൂയെ തൻ്റെ ആദ്യ ഗോൾ നേടി പിഎസ്ജിയുടെ ലീഡ് ഇരട്ടിയാക്കി. ഡിമാർക്കോയുടെ ദേഹത്ത് തട്ടി തിരികെവന്ന പന്ത് ഒരു വോളിയിലൂടെ താരം പോസ്റ്റിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ പിന്നീട് ഗോളുകളൊന്നും പിറന്നില്ല.
രണ്ടാം പകുതിയിൽ, 63ആം മിനിട്ടിൽ ഡൂയെ തൻ്റെ രണ്ടാം ഗോൾ കണ്ടെത്തി. വിറ്റിഞ്ഞയുടെ അസിസ്റ്റിൽ നിന്നാണ് ഡൂയെ ഗോൾ കണ്ടെത്തിയത്. ഇതോടെ ഒരു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഒന്നിലധികം ഗോൾ നേടുന്ന താരമായും ഡൂയെ മാറി. 2018ൽ റയൽ മാഡ്രിഡിന് വേണ്ടി ഗാരെത് ബെയിലാണ് ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത്. 73ആം മിനിട്ടിൽ ഖ്വിച്ച ക്വരത്സ്‌ഖേലിയയിലൂടെ പിഎസ്ജി നാലാം ഗോൾ കുറിച്ചു. ഔസ്മാൻ ഡെംബെലെ നൽകിയ ത്രൂബോളിൽ നിന്നായിരുന്നു താരത്തിൻ്റെ ഫിനിഷ്. അഡ്വാൻസ് ചെയ്ത സോമ്മറിൻ്റെ തലയ്ക്ക് മുകളിലൂടെ ചിപ് ചെയ്ത് മികച്ച രീതിയിലാണ് ക്വരത്സ്‌ഖേലിയ പന്ത് വലയിലെത്തിയത്. 87ആം മിനിട്ടിൽ മയൂളുവിലൂടെ പിഎസ്ജി അഞ്ചാം ഗോളും വമ്പൻ ജയവും ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി.