AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shreyas Iyer : ഇത് അയാളുടെ കാലമല്ലേ ! വിജയ് ഹസാരെയില്‍ ‘ടി20 മോഡില്‍’ ശ്രേയസ് അയ്യര്‍; തകര്‍പ്പന്‍ സെഞ്ചുറി

Shreyas Iyer Hits Century : ഇതിന് മുമ്പ് സമാപിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും താരം മികച്ച ഫോമിലായിരുന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 345 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ താരം നാലാമതുണ്ടായിരുന്നു. അയ്യര്‍ നയിച്ച മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടവും ചൂടി

Shreyas Iyer : ഇത് അയാളുടെ കാലമല്ലേ ! വിജയ് ഹസാരെയില്‍ ‘ടി20 മോഡില്‍’ ശ്രേയസ് അയ്യര്‍; തകര്‍പ്പന്‍ സെഞ്ചുറി
ശ്രേയസ് അയ്യര്‍-ചിത്രം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നിന്ന്‌ Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 21 Dec 2024 23:21 PM

അഹമ്മദാബാദ്‌: വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ തിളങ്ങി ശ്രേയസ് അയ്യര്‍. കര്‍ണാടകയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മുംബൈ ക്യാപ്റ്റനായ അയ്യര്‍ സെഞ്ചുറി നേടി. പുറത്താകാതെ 55 പന്തില്‍ 114 റണ്‍സാണ് താരം നേടിയത്. 10 സിക്‌സറും, അഞ്ച് ഫോറും അയ്യര്‍ പായിച്ചു. 207.27 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്.

ഇതിന് മുമ്പ് സമാപിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും താരം മികച്ച ഫോമിലായിരുന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 345 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ താരം നാലാമതുണ്ടായിരുന്നു. അയ്യര്‍ നയിച്ച മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടവും ചൂടി.

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടിയതും അയ്യറുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. എന്നാല്‍ ഇത്തവണ കൊല്‍ക്കത്ത ടീം വിട്ട അയ്യരെ, പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി.

റണ്‍മല പടുത്തുയര്‍ത്തിയിട്ടും മുംബൈ തോറ്റു

അതേസമയം, ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും മത്സരത്തില്‍ മുംബൈ തോറ്റു. നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സാണ് മുംബൈ നേടിയത്. എന്നാല്‍ 46.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കര്‍ണാടക വിജയലക്ഷ്യം മറികടന്നു.

ആദ്യം ബാറ്റു ചെയ്ത മുംബൈയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ആങ്ക്രിഷ് രഘുവന്‍ശിയെ നഷ്ടമായി. 17 പന്തില്‍ ആറു റണ്‍സാണ് രഘുവന്‍ശി നേടിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ആയുഷ് മാത്രെയും, ഹാര്‍ദ്ദിക് താമോറും 141 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി.

82 പന്തില്‍ 78 റണ്‍സെടുത്ത മാത്രെ പുറത്തായതോടെ ഈ കൂട്ടുക്കെട്ട് പൊളിഞ്ഞു. തൊട്ടുപിന്നാലെ 94 പന്തില്‍ 84 റണ്‍സെടുത്ത താമോറും പുറത്തായി. പിന്നീടായിരുന്നു അയ്യറുടെ വെടിക്കെട്ട്. താമോറിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന് കാര്യമായി ഒന്നും ചെയ്യാനായില്ല. 16 പന്തില്‍ 20 റണ്‍സാണ് യാദവ് നേടിയത്.

തുടര്‍ന്നെത്തിയ ശിവം ദുബെ മിന്നും ഫോമിലായിരുന്നു. 36 പന്തില്‍ 63 റണ്‍സെടുത്ത ദുബെ അയ്യര്‍ക്കൊപ്പം പുറത്താകാതെ നിന്നു. കര്‍ണാടകയ്ക്ക് വേണ്ടി പ്രവീണ്‍ ദുബെ രണ്ട് വിക്കറ്റും, വിദ്യാധര്‍ പാട്ടിലും, ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Read Also : റോബിന്‍ ഉത്തപ്പയ്ക്കും ചിലത് പറയാനുണ്ട്; ആരോപണങ്ങളില്‍ മൗനം വെടിഞ്ഞ് താരം

എന്നാല്‍ പിന്തുടരുന്നത് കൂറ്റന്‍ വിജയലക്ഷ്യമായിരുന്നെങ്കിലും തെല്ലും സംഭ്രമമില്ലാതെയാണ് കര്‍ണാടക ബാറ്റേന്തിയത്. ഓപ്പണര്‍ നിഖിന്‍ ജോസിനെ (13 പന്തില്‍ 21) തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ മുംബൈയ്ക്ക് സാധിച്ചു. എന്നാല്‍ പിന്നീടെത്തിയ കെ.വി. അനീഷിനൊപ്പം കര്‍ണാടക ക്യാപ്റ്റന്‍ മയങ്ക് അഗര്‍വാള്‍ ഇന്നിങ്‌സ് മുന്നോട്ട് ചലിപ്പിച്ചു.

അനീഷ് 66 പന്തില്‍ 82 റണ്‍സുമായും, അഗര്‍വാള്‍ 48 പന്തില്‍ 47 റണ്‍സെടുത്തും പുറത്തായി. പിന്നാലെയെത്തിയ കെ.എല്‍. ശ്രീജിത്തിന്റെ മാസ്മരിക ബാറ്റിങാണ് കര്‍ണാടകയ്ക്ക് വിജയം സമ്മാനിച്ചത്. പുറത്താകാതെ 101 പന്തില്‍ 150 റണ്‍സാണ് ശ്രീജിത്ത് അടിച്ചുകൂട്ടിയത്. 50 പന്തില്‍ 65 റണ്‍സെടുത്ത പ്രവീണ്‍ ദുബെ ഓള്‍റൗണ്ട് മികവ് പുറത്തെടുത്തു. മുംബൈയ്ക്ക് വേണ്ടി മുഹമ്മദ് ജുനെദ് ഖാന്‍ രണ്ട് വിക്കറ്റുകളും, ശിവം ദുബെ ഒരു വിക്കറ്റും വീഴ്ത്തി.