Super League Kerala 2025: റോയ് കൃഷ്ണ അവതരിച്ചു; സഞ്ജുവിന്റെ മലപ്പുറം എഫ്‌സിക്ക് വിജയത്തുടക്കം
Malappuram fc vs Thrissur Magic fc Match Result: റോയ് കൃഷ്ണ നേടിയ ഗോളിലൂടെയാണ് മലപ്പുറം ആധികാരിക ജയം സ്വന്തമാക്കിയത്. 72-ാം മിനിറ്റിലാണ് താരം ഗോള്‍ കണ്ടെത്തിയത്. തൃശൂര്‍ വരുത്തിയ ഫൗളിലൂടെ ലഭിച്ച പെനാല്‍റ്റി താരം കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു

മലപ്പുറം എഫ്‌സി താരങ്ങളുടെ ആഘോഷം
മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിക്ക് വിജയത്തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മലപ്പുറം തോല്‍പിച്ചത്. സൂപ്പര്‍ താരം റോയ് കൃഷ്ണ നേടിയ ഗോളിലൂടെയാണ് മലപ്പുറം ആധികാരിക ജയം സ്വന്തമാക്കിയത്. 72-ാം മിനിറ്റിലാണ് താരം ഗോള്‍ കണ്ടെത്തിയത്. തൃശൂര്‍ വരുത്തിയ ഫൗളിലൂടെ ലഭിച്ച പെനാല്‍റ്റി താരം കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു.
അസ്ഹര്‍ (ഗോള്‍ കീപ്പര്‍), ഹക്കു, ജിതിന്‍ പ്രകാശ്, നിതിന്‍ മധു, അഭിജിത്ത് പിഎ, ഐടൊര്‍, ഫക്കുണ്ടോ, ബദര്‍, ഫസ്ലു റഹ്‌മാന്‍, റോയ് കൃഷ്ണ, ഗാനി എന്നിവരായിരുന്നു മലപ്പുറത്തിന്റെ സ്റ്റാര്‍ട്ടിങ് ഇലവനിലുണ്ടായിരുന്നത്. കമാലുദ്ദീന്‍ (ഗോള്‍ കീപ്പര്‍), ബിബിന്‍ അജയന്‍, ജിധു റോബി, മെയ്ല്‍സണ്‍ ആല്‍വസ്, തേജസ് കൃഷ്ണ, ലെനി റോഡ്രിഗസ്, ഇവാന്‍ മാര്‍കോവിച്, ഫൈസല്‍ അലി, സല്‍മാനുള്‍ ഫാരിസ്, മാര്‍ക്കസ് ജോസഫ് എന്നിവര്‍ തൃശൂരിന്റെ സ്റ്റാര്‍ട്ടിങ് ഇലവനിലും ഇടം നേടി.
മത്സരം നടന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. മലപ്പുറം എഫ്‌സിയുടെ സഹ ഉടമയായ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍, ഭാര്യ ചാരുലത അടക്കമുള്ളവര്‍ മത്സരം കാണാനെത്തിയിരുന്നു. ഇതാദ്യമായാണ് സഞ്ജു സൂപ്പര്‍ ലീഗ് മത്സരം കാണാനെത്തുന്നത്.