Virat Kohli: നിലപാടില്‍ നിന്ന് പിന്മാറിയില്ല; വിരാട് കോഹ്ലിയും ടെസ്റ്റ് മതിയാക്കി
Virat Kohli retirement: ഇന്ത്യയ്ക്കായി 123 ടെസ്റ്റുകളാണ് 36കാരനായ താരം കളിച്ചത്. 46.85 ശരാശരിയിൽ 9,230 റൺസാണ് മുന്‍ ക്യാപ്റ്റന്‍ നേടിയത്. ഇനി ഏകദിനത്തില്‍ മാത്രമാകും താരം കളിക്കുക. ലോകകപ്പ് വിജയത്തിന് പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്നും വിരാട് വിരമിച്ചിരുന്നു.
ആരാധകര്‍ ആശങ്കപ്പെട്ടത് സംഭവിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന് മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് വിരാടും അതേ പാത തിരഞ്ഞെടുത്തത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് വിരാട് ബിസിസിഐയെ അറിയിച്ചിരുന്നു. ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും താരം നിലപാടില്‍ നിന്ന് പിന്മാറിയില്ല. അനുനയ നീക്കങ്ങള്‍ പാളി. പിന്നാലെ താരം ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചു.
”ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ കൊണ്ടുപോകുന്ന യാത്ര ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല. അത് പരീക്ഷണങ്ങള്‍ തന്നു. എന്നെ രൂപപ്പെടുത്തി. നിരവധി പാഠങ്ങള്‍ പഠിപ്പിച്ചു. വൈറ്റ് ഫോര്‍മാറ്റില്‍ കളിക്കുന്നതില്‍ വ്യക്തിപരമായ പലതുമുണ്ട്. നീണ്ട ദിവസങ്ങള്‍, ആരും കാണാത്ത ചെറിയ നിമിഷങ്ങള്‍…എന്നാല്‍ അത് എന്നും നിങ്ങളോടൊപ്പം നിലനില്‍ക്കും.




View this post on Instagram
ഈ ഫോര്‍മാറ്റില്‍ നിന്ന് പിന്മാറുക എളുപ്പമല്ല. പക്ഷേ, അതാണ് ശരിയെന്ന് തോന്നുന്നു. എനിക്ക് പറ്റുന്നതെല്ലാം ഞാന്‍ നല്‍കി. പ്രതീക്ഷിക്കാന്‍ കഴിയുന്നതിലും വളരെയധികം എനിക്ക് തിരികെ ലഭിച്ചു. നന്ദി നിറഞ്ഞ ഹൃദയത്തോടെ മടങ്ങട്ടെ. മത്സരത്തിനോടും, കളിക്കളത്തില്‍ എനിക്കൊപ്പം പങ്കിട്ടവരോടും, പിന്നിട്ട പാതയില്‍ കണ്ടുമുട്ടിയ ഓരോരുത്തരോടും നന്ദി. പുഞ്ചിരിയോടെ ഞാന്‍ എന്റെ ടെസ്റ്റ് കരിയറിലേക്ക് തിരിഞ്ഞു നോക്കും. സൈനിങ് ഓഫ്”-താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Read Also: IPL 2025: ഐപിഎല്‍ വീണ്ടും തുടങ്ങുന്നു; ഓസീസ് താരങ്ങളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തില്‍
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ നിരാശജനകമായിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒരു മത്സരത്തില്‍ സെഞ്ചുറി നേടാനായെങ്കിലും മറ്റ് മത്സരങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. ഇതോടെ താരം ടെസ്റ്റില്‍ നിന്ന് ഉടനെ വിരമിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇന്ത്യയ്ക്കായി 123 ടെസ്റ്റുകളാണ് 36കാരനായ താരം കളിച്ചത്. 46.85 ശരാശരിയിൽ 9,230 റൺസാണ് മുന്‍ ക്യാപ്റ്റന്‍ നേടിയത്. ഇനി ഏകദിനത്തില്‍ മാത്രമാകും താരം കളിക്കുക. ലോകകപ്പ് വിജയത്തിന് പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്നും വിരാട് വിരമിച്ചിരുന്നു. ടി20യില്‍ നിന്ന് വിരമിച്ചതും രോഹിതിനൊപ്പമായിരുന്നുവെന്നത് യാദൃശ്ചികം