Wimbledon Final 2025: അൽകാരസിനോട് പകരം വീട്ടി സിന്നർ; പുൽക്കോർട്ടിൽ പുതിയ ജേതാവ്
Jannik Sinner Wins Wimbledon 2025: വിംബിൾഡൺ പുരുഷ കിരീടം നേടി ഇറ്റാലിയൻ താരം യാനിക് സിന്നർ. ഫൈനലിൽ സ്പാനിഷ് താരവും നിലവിലെ ചാമ്പ്യനുമായ കാർലോസ് അൽകാരസിനെയാണ് സിന്നർ പരാജയപ്പെടുത്തിയത്.
വിംബിൾഡൺ പുരുഷ കിരീടം ഇറ്റാലിയൻ താരം യാനിക് സിന്നറിന്. കലാശക്കളിയിൽ നിലവിലെ ചാമ്പ്യനായ സ്പാനിഷ് താരം കാർലോസ് അൽകാരസിനെ കീഴടക്കിയാണ് സിന്നർ കന്നിക്കിരീടം ചൂടിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട സിന്നർ ആധികാരികമായി തിരികെവന്ന് വിംബിൾഡണിൽ തൻ്റെ കന്നിക്കിരീടം നേടുകയായിരുന്നു. ഇതോടെ കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസിനോടേറ്റ തോൽവിയ്ക്ക് പകരം വീട്ടാനും സിന്നറിന് സാധിച്ചു. സ്കോർ 4-6, 6-4, 6-4, 6-4.
ഹാട്രിക്ക് കിരീടം നേടിയിറങ്ങിയ അൽകാരസിന് മേൽ തകർപ്പൻ ഫോമിലുള്ള സിന്നറിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. ആദ്യ സെറ്റ് നഷ്ടമായെങ്കിലും താൻ അങ്ങനെ വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനം സിന്നറിൻ്റെ കളിയിൽ കണ്ടു. അത് അടുത്ത സെറ്റുകളിൽ താരം നടപ്പാക്കുകയും ചെയ്തു. തുടരെ മൂന്ന് സെറ്റുകൾ ആധികാരികമായി സ്വന്തമാക്കിയ സിന്നർ ഇതോടെ അൽകാരസിന് ഒരു അവസരവും നൽകാതെ കിരീടത്തിലെത്തി. കഴിഞ്ഞ മാസം നടന്ന ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അഞ്ച് സെറ്റുകൾ നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിലാണ് അൽകാരസ് സിന്നറിനെ വീഴ്ത്തിയത്.
ഗ്രാൻഡ് സ്ലാം ഫൈനലിൽ അൽകാരസിൻ്റെ ആദ്യ പരാജയമാണിത്. 24 മത്സരങ്ങളായി തോൽവി അറിയാതെ കുതിയ്ക്കുന്ന അൽകാരസിൻ്റെ ജൈത്രയാത്രയ്ക്കും ഇതോടെ അവസാനമായി. വിമ്പിൾഡൺ ഹാട്രിക്ക്, ഒരേ വർഷം ഫ്രഞ്ച് ഓപ്പണും വിംബിൾഡണും നേടുന്ന ചാനൽ സ്ലാം നേട്ടം എന്നിവയും ഇതോടെ അൽകാരസിന് നഷ്ടമായി. യാനിക് സിന്നറിൻ്റെ നാലാം ഗ്രാൻഡ് സ്ലാം കിരീടമാണിത്.
സെമിഫൈനലിൽ സാക്ഷാൽ നൊവാക് ജോകോവിചിനെ വീഴ്ത്തി കിരീടപ്പോരിലെത്തിയ സിന്നർ ആ വിജയം ഒരു ഫ്ലൂക്കല്ലെന്ന് തെളിയിച്ചു. ജോകോവിചിനെതിരെ ഒരു സെറ്റ് പോലും വിട്ടുനൽകാതെ ആധികാരിക വിജയമാണ് സിന്നർ സ്വന്തമാക്കിയത്. അൽകാരസ് ആവട്ടെ സെമിയിൽ ടെയ്‌ലർ ഫ്രിറ്റ്സിനെയാണ് തോല്പിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു അൽകാരസിൻ്റെ ജയം.