AI Job issues: എഐ പണികളയില്ലെന്നു ഉറപ്പു കൊടുത്തു, പിന്നാലെ 4000 പേരെ പിരിച്ചുവിട്ടു
AI Cause job loss : 2025-ന്റെ തുടക്കത്തിൽ സെയിൽസ്‌ഫോഴ്‌സിൽ 76,000 ജീവനക്കാർ ഉണ്ടായിരുന്നു. പിരിച്ചുവിട്ട 4000 പേർ കമ്പനിയുടെ ആഗോള ജീവനക്കാരുടെ അഞ്ച് ശതമാനമാണ്.

Job (1)
സാൻ ഫ്രാൻസിസ്‌കോ: നിർമിത ബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിച്ചതിനെ തുടർന്ന് അമേരിക്കൻ ക്ലൗഡ് സോഫ്റ്റ്വെയർ കമ്പനിയായ സെയിൽസ്‌ഫോഴ്‌സ് 4000 ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ സപ്പോർട്ട് വിഭാഗത്തിലെ ജോലികൾ എഐ സംവിധാനങ്ങൾക്ക് കൈമാറാനാണ് മാനേജ്മെന്റിന്റെ തീരുമാനം.
കമ്പനി സി.ഇ.ഒ. മാർക്ക് ബെനിയോഫ് അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ നടത്തിയ വെളിപ്പെടുത്തലനുസരിച്ച്, സപ്പോർട്ട് ടീമിലെ ജീവനക്കാരുടെ എണ്ണം 9000-ത്തിൽ നിന്ന് 5000 ആയി കുറച്ചു. ‘തനിക്ക് കുറച്ച് ആളുകൾ മാത്രം മതി’ എന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഈ നീക്കം ബെനിയോഫിന്റെ മുൻ പ്രസ്താവനകൾക്ക് വിരുദ്ധമാണ്. ഫോർച്യൂൺ മാസികക്ക് നൽകിയ അഭിമുഖത്തിൽ, എഐ മനുഷ്യരെ പൂർണ്ണമായി മാറ്റിസ്ഥാപിക്കില്ലെന്നും, ജോലികൾ വർധിപ്പിക്കുകയാണ് ചെയ്യുക എന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എഐയുടെ കൃത്യത ഉറപ്പാക്കാൻ മനുഷ്യരുടെ ഇടപെടൽ അനിവാര്യമാണെന്നും വസ്തുതാ പരിശോധന എഐക്ക് സാധ്യമല്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
2025-ന്റെ തുടക്കത്തിൽ സെയിൽസ്‌ഫോഴ്‌സിൽ 76,000 ജീവനക്കാർ ഉണ്ടായിരുന്നു. പിരിച്ചുവിട്ട 4000 പേർ കമ്പനിയുടെ ആഗോള ജീവനക്കാരുടെ അഞ്ച് ശതമാനമാണ്. സപ്പോർട്ട് വിഭാഗത്തിന് പുറമെ, സെയിൽസ് വിഭാഗത്തിലും കമ്പനി എഐ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കളുമായി ഫോൺ വഴി സംസാരിക്കുന്ന എഐ ഏജൻസികളെ കമ്പനി ഇതിനോടകം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. മനുഷ്യന്റെയും എഐ ഏജന്റുമാരുടെയും ജോലികൾ പങ്കുവെക്കുന്നതിനായി ‘ഒമ്നിചാനൽ സൂപ്പർവൈസർ’ എന്നൊരു സംവിധാനവും സെയിൽസ്‌ഫോഴ്‌സ് അവതരിപ്പിച്ചിട്ടുണ്ട്. മനുഷ്യന്റെ ഇടപെടൽ ആവശ്യമുള്ള ജോലികൾ ഈ സംവിധാനം തിരിച്ചറിയും.