Amazon Prime Video: ഹോട്ട്സ്റ്റാറിൻ്റെ വഴിയെ പ്രൈം വിഡിയോയും; ഇനി ഇടയ്ക്കിടെ പരസ്യങ്ങൾ സഹിയ്ക്കണം
Amazon Prime Video To Show Ads: ആമസോൺ പ്രൈം വിഡിയോയിൽ ഉള്ളടക്കങ്ങൾക്കിടെ ഇനിമുതൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുമെന്ന് കമ്പനി. പരസ്യങ്ങൾ ഒഴിവാക്കാൻ പ്രത്യേക പാക്ക് എടുക്കണം.
ആമസോൺ പ്രൈം വിഡിയോയിൽ ഉള്ളടക്കങ്ങൾക്കിടെ ഇനി പരസ്യങ്ങൾ പ്രദർശിപ്പിക്കും. ജിയോഹോട്ട്സ്റ്റാറിലെപ്പോലെ ബേസിക് പ്ലാനുകളിൽ ഇനി മുതൽ ലിമിറ്റഡ് പരസ്യങ്ങൾ പ്രദർശിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ പരസ്യങ്ങൾ ഒഴിവാക്കണമെങ്കിൽ പ്രത്യേക ആഡ് ഫ്രീ പാക്ക് എടുക്കേണ്ടിവരും. രാജ്യത്തെ ഏറ്റവും ജനപ്രിയ ഒടിടി സേവനങ്ങളിൽ രണ്ടാം സ്ഥാനത്താണ് പ്രൈം വിഡിയോ.
അടുത്ത മാസം 17 മുതൽ പ്രദർശിപ്പിക്കുന്ന ഉള്ളടക്കങ്ങളിലാവും പരസ്യങ്ങളുണ്ടാവുക. നിലവിലെ പ്രൈം വിഡിയോ സബ്സ്ക്രൈബർമാർക്ക് ഇക്കാര്യം ആമസോൺ ഇ മെയിൽ ആയി അയച്ചിട്ടുണ്ട്. മികച്ച ഉള്ളടക്കങ്ങൾ തുടരെ പ്രദർശിപ്പിക്കാനാണ് ശ്രമമെന്നും ദീർഘകാലാടിസ്ഥാനത്തിൽ ഇതിനുള്ള നിക്ഷേപം വർധിപ്പിക്കാനാണ് ശ്രമം. പ്രൈം വിഡിയോയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കും സീരീസുകൾക്കും ഇടയിൽ ഇനിമുതൽ പരസ്യങ്ങളുണ്ടാവും. എന്നാൽ, മറ്റ് സ്ട്രീമിങ് ഡിവൈസുകളിലും പരമ്പരഗാത ടെലിവിഷൻ ചാനലുകളിലും ഉള്ളതുപോലെ ഒരുപാട് പരസ്യങ്ങൾ ഉണ്ടാവില്ല എന്നും ആമസോൺ പറഞ്ഞു.
നിലവിലെ പ്രൈം മെമ്പർഷിപ്പ് പ്ലാനുകൾക്ക് മാറ്റമുണ്ടാവില്ല. എങ്കിലും ജൂൺ മുതൽ പരസ്യങ്ങൾ പ്രദർശിപ്പിച്ച് തുടങ്ങും. പരസ്യങ്ങൾ പൂർണമായി ഒഴിവാക്കണമെങ്കിൽ ജൂൺ 17 മുതൽ ഒരു മാസം 129 രൂപ അധികമായി നൽകണം. ഒരു വർഷത്തിൽ തുക 699 രൂപയാണ്. 1499 രൂപയാണ് പ്രൈം അംഗത്വത്തിനുള്ള വാർഷിക പ്ലാനിൻ്റെ തുക. ഒരു മാസത്തെയും മൂന്ന് മാസത്തെയും പ്ലാനുകളുമുണ്ട്.