Samsung Galaxy S25 FE: അങ്ങനെ ക്യാമറയുടെ ആ പ്രശ്നവും സാംസംഗ് പരിഹരിച്ചു; ഇനി വേറെ ലെവൽ
Samsung Galaxy S25 FE Launch: മുൻ ഡിവൈസുകളിൽ സാംസങ് ഒരു കാലഹരണപ്പെട്ട ഒരു സെൻസറിനെയാണ് ആശ്രയിച്ചിരുന്നത്. ഇത് പുതിയ മോഡലിൽ മെച്ചപ്പെടുത്തും, അധികം താമസിക്കാതെ തന്നെ ലോഞ്ചിങ്ങ് പ്രതീക്ഷിക്കാം
എസ് 25 സീരിസിൽ ഇതുവരെ നാല് ഫോണുകളാണ് സാംസംഗ് പുറത്തിറക്കിയത്. ഗാലക്‌സി എസ് 25, എസ് 25+, എസ് 25 അൾട്രാ, എസ് 25 എഡ്ജ് എന്നിവയാണിവ. അധികം താമസിക്കാതെ തന്നെ എസ് 25 സീരീസിൽ പുതിയൊരു ഫോൺ കൂടി എത്താൻ പോവുകയാണ്. ഇതാണ് എസ് 25 ഫാൻ എഡിഷൻ അഥവാ എസ് 25 എഫ്ഇ. ഈ വർഷം അവസാനം ഫോൺ വിപണിയിൽ എത്തുമെന്നാണ് ചില റിപ്പോർട്ടുകൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഫോണിൽ സാംസംഗ് തന്നെ കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന അപ്ഡേറ്റാണ് ക്യാമറയിൽ ഇതുവരെയുള്ളതിൽ നിന്നും വ്യത്യസ്തമായി ചില മാറ്റങ്ങൾ കമ്പനി കൊണ്ടു വന്നേക്കും. എസ് 25 എഫ്ഇയിൽ 12 മെഗാപിക്സൽ സെൽഫി ക്യാമറ ഉണ്ടായിരിക്കുമെന്നാണ് പുറത്തു വരുന്ന സുപ്രധാന സൂചന. മുൻപ് ഇത് 10 മെഗാ പിക്സലായിരുന്നതാണ് ഇപ്പോൾ 12-ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത്.
മോഡലുകൾ തമ്മിലുള്ള രണ്ട് വർഷത്തെ ഇടവേള കണക്കിലെടുക്കുമ്പോൾ 10-ൽ നിന്ന് 12 മെഗാപിക്സലിലേക്കുള്ള കുതിപ്പ് വലിയ വ്യത്യാസമെന്നൊന്നും പറയാനാകില്ല . മുൻ ഡിവൈസുകളിൽ സാംസങ് ഒരു കാലഹരണപ്പെട്ട ഒരു സെൻസറിനെയാണ് ആശ്രയിച്ചിരുന്നത്. ഇത് പുതിയ മോഡലിൽ മെച്ചപ്പെടുത്തും. ചുരുക്കി പറഞ്ഞാൽ ഗാലക്‌സി എസ് 25 എഫ്ഇയിൽ ഫ്രണ്ട ക്യാമറ ഉപയോഗിക്കുമ്പോൾ ഉപയോക്താക്കൾക്ക് മികച്ച സെൽഫികൾ തന്നെ ഇനി ലഭിക്കാം.
മീഡിയടെക് ചിപ്പ്
നേരത്തെ ചില ടെക് സൈറ്റുകൾ പങ്ക് വെച്ച വിവരങ്ങളിൽ സാംസങ് ഗാലക്‌സി എസ് 25 എഫ്ഇയിൽ മീഡിയടെക് ചിപ്പ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എക്സിനോസ് 2400 e ഒഴിവാക്കി, വരാനിരിക്കുന്ന എഫ്ഇ മോഡലിന് മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്പ് നൽകുമെന്ന് അടുത്തിടെ ഇറങ്ങിയ മറ്റൊരു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്‌സി എസ് 24 എഫ്ഇയിൽ എക്‌സിനോസ് 2400 ഇ പ്രോസസർ ഉണ്ടായിരുന്നു, നേരത്തെ പുറത്തുവന്ന ചോർച്ചകൾ സാംസങ് ഈ വർഷത്തെ ഫാൻ എഡിഷൻ വേരിയന്റിനും അതേ ചിപ്‌സെറ്റ് തിരികെ കൊണ്ടുവരാൻ പദ്ധതിയിടുന്നതായി സൂചിപ്പിച്ചിരുന്നു. രസകരമെന്നു പറയട്ടെ, പ്രചരിക്കുന്ന കിംവദന്തികൾ പ്രകാരം ഈ പ്രോസസർ പ്രഖ്യാപിക്കാത്ത ഗാലക്‌സി ഇസഡ് ഫ്ലിപ്പ് എഫ്ഇയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.