Arattai encrypted chats: അരട്ടെയിൽ നിങ്ങളുടെ മെസ്സേജ് ഇനി ആരും വായിക്കില്ല; പുതിയ അപ്ഡേറ്റ് എത്തി
Arattai New Update: ഉപയോക്താവ് ബാക്കപ്പ് തിരഞ്ഞെടുക്കുന്ന സാഹചര്യത്തിൽ പോലും, എൻക്രിപ്റ്റ് ചെയ്ത ഡാറ്റ മാത്രമേ സേവ് ചെയ്യപ്പെടുകയുള്ളൂ.
ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം മെസ്സേജിങ് ആപ് അരട്ടെ (Arattai), ഉപയോക്താക്കളുടെ സ്വകാര്യത വർദ്ധിപ്പിക്കാനായി എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ (E2EE) സംവിധാനം ഉടൻ കൊണ്ടുവരുന്നു. ടെക്സ്റ്റ് ചാറ്റുകൾക്ക് ഈ സുരക്ഷ ലഭിക്കുന്നതോടെ, ക്ലൗഡ് സെർവറുകളിൽ സന്ദേശങ്ങൾ സൂക്ഷിക്കുന്ന നിലവിലെ രീതി മാറും.
സൊഹോയുടെ സഹസ്ഥാപകൻ ശ്രീധർ വെമ്പുവാണ് ഈ വിവരം ‘എക്‌സി’ലൂടെ സ്ഥിരീകരിച്ചത്. ഈ മാറ്റം നേരത്തെ നിശ്ചയിച്ച നവംബറിന് മുൻപ് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാന മാറ്റങ്ങൾ
- എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ വരുന്നതോടെ സന്ദേശങ്ങൾ ഉപയോക്താവിൻ്റെ ഉപകരണത്തിൽ മാത്രം സുരക്ഷിതമായിരിക്കും.
- നിലവിൽ സന്ദേശങ്ങൾ ക്ലൗഡിൽ സൂക്ഷിക്കുന്ന സംവിധാനം അരട്ടൈ നിർത്തലാക്കും.
- ഉപയോക്താവ് ബാക്കപ്പ് തിരഞ്ഞെടുക്കുന്ന സാഹചര്യത്തിൽ പോലും, എൻക്രിപ്റ്റ് ചെയ്ത ഡാറ്റ മാത്രമേ സേവ് ചെയ്യപ്പെടുകയുള്ളൂ.
- ഈ മാറ്റം സെർവറുകളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നും വെമ്പു വ്യക്തമാക്കി.
ബിസിനസ് പ്ലാറ്റ്‌ഫോമായ ‘സൊഹോ ക്ലിക്ക്’ എന്നതിൽ നിന്നാണ് അരട്ടൈയുടെ തുടക്കം. എങ്കിലും, ഉപഭോക്തൃ ആപ്പ് എന്ന നിലയിൽ സ്വകാര്യതയ്ക്കാണ് പരമമായ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാട്ട്‌സ്ആപ്പിൽ നിന്ന് വ്യത്യസ്തമായി, പോക്കറ്റ് (Pocket) പോലുള്ള സവിശേഷതകൾ അരട്ടെക്കുണ്ട്. സുരക്ഷ ഉറപ്പാക്കിയുള്ള ഈ പുതിയ നീക്കം ഉപയോക്താക്കളുടെ വിശ്വാസം നേടാൻ അരട്ടൈയെ സഹായിക്കുമെന്നാണ് പ്രതീക്ഷ.