Gemini 2.5 Computer Use: ഫോം പൂരിപ്പിക്കും, ആപ്ലിക്കേഷൻ അയക്കും; പുതിയ ജെമിനി 2.5 കമ്പ്യൂട്ടർ യൂസിന്റെ പ്രത്യേകതകൾ ഇനിയുമേറെ
പ്രവർത്തന രീതി വളരെ ലളിതമാണ്. ഇത് ഉപയോഗിക്കാൻ പ്രത്യേക കോഡിംഗിൻ്റെ ആവശ്യമില്ല. ഉപയോക്താക്കൾ ചെയ്യേണ്ടത് ചെയ്യേണ്ട ജോലിയുടെ സ്ക്രീൻഷോട്ട് നൽകുക എന്നത് മാത്രമാണ്.

Google Gemini Ai New Features
ന്യൂഡൽഹി: ഇന്റർനെറ്റിൽ മനുഷ്യരെപ്പോലെ ജോലികൾ ചെയ്യുന്ന പുതിയൊരു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മോഡലുമായി ഗൂഗിൾ ഇതാ രംഗത്ത് വന്നിരിക്കുന്നു. സംശയിക്കേണ്ട ജെമിനിയിൽ തന്നെയാണ് പുതിയ മാറ്റം. ജെമിനി 2.5 കമ്പ്യൂട്ടർ യൂസ് എന്ന് പേരിട്ടിരിക്കുന്ന ഈ എെഎ, ഒരു വെർച്വൽ ബ്രൗസർ ഉപയോഗിച്ച് വെബ്സൈറ്റുകളിൽ കയറാനും ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കാനും കഴിയും.
സാധാരണയായി, പല എെഎ മോഡലുകൾക്കും സോഫ്റ്റ്‌വെയറുമായി സംസാരിക്കാൻ പ്രത്യേക കോഡുകൾ ആവശ്യമാണ്. എന്നാൽ ഈ പുതിയ മോഡലിന് വെബ്സൈറ്റുകളിൽ നാവിഗേറ്റ് ചെയ്യാം അതായത് മൗസ് ക്ലിക്ക് ചെയ്യുന്നതുപോലെയോ, താഴേക്ക് സ്ക്രോൾ ചെയ്യുന്നതുപോലെയോ എല്ലാം സ്വയം ചെയ്യാം. ഓൺലൈൻ ഫോമുകൾ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാനും. ഒരു യൂസർ നൽകുന്ന നിർദ്ദേശം കേട്ട്, അത് മനസ്സിലാക്കി സ്വയം പ്രവർത്തിക്കാനും കഴിയും.
പ്രവർത്തന രീതി വളരെ ലളിതമാണ്. ഇത് ഉപയോഗിക്കാൻ പ്രത്യേക കോഡിംഗിൻ്റെ ആവശ്യമില്ല. ഉപയോക്താക്കൾ ചെയ്യേണ്ടത് ചെയ്യേണ്ട ജോലിയുടെ സ്ക്രീൻഷോട്ട് നൽകുക എന്നത് മാത്രമാണ്. കൂടാതെ അതുമായി ബന്ധപ്പെട്ട് മുമ്പ് ചെയ്ത പ്രവർത്തനങ്ങളുടെ വിവരങ്ങൾ നൽകുന്നതും എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായി എഴുതി നൽകുന്നതും മെച്ചപ്പെട്ട പ്രവർത്തനത്തിനു ഉത്തമം.
ഈ വിവരങ്ങൾ ഉപയോഗിച്ച്, കമ്പ്യൂട്ടറിൻ്റെ സ്ക്രീനിലെ കാര്യങ്ങൾ AI മനസ്സിലാക്കുകയും, ഒരു മനുഷ്യൻ ചെയ്യുന്നതുപോലെ പ്രവർത്തനം പൂർത്തിയാക്കുകയും ചെയ്യും. നിലവിൽ ഈ AI മോഡലിന് ബ്രൗസറിലെ കാര്യങ്ങൾ മാത്രമേ ചെയ്യാനാകൂ. കമ്പ്യൂട്ടറിൻ്റെ മൊത്തം ഓപ്പറേറ്റിങ് സിസ്റ്റം ഇതിൻ്റെ നിയന്ത്രണത്തിലുണ്ടായിരിക്കില്ല എന്നും ഗൂഗിൾ വ്യക്തമാക്കി. മൊബൈൽ ഫോണുകളിലെ ആപ്പുകൾ നിയന്ത്രിക്കുന്ന കാര്യത്തിലും ഈ മോഡൽ മികവ് തെളിയിച്ചിട്ടുണ്ട്.