Google Birthday Doodle: ഗൂഗിളിനും തന്തവൈബ്! 27-ാം ജന്മദിനത്തിൽ നൊസ്റ്റാൾജിയ ഡൂഡിൽ
Google's 27th Birthday: ഒരു സെർച്ച് അൽഗോരിതം എന്നതിൽ നിന്ന് തുടങ്ങി, 27 വർഷം കൊണ്ട് ലോകത്തിൻ്റെ വിവരശേഖരണ രീതിയെത്തന്നെ മാറ്റിമറിച്ച ഒരു സാങ്കേതിക ശക്തിയായി ഗൂഗിൾ വളർന്നു.
27ാം ജന്മദിനത്തിൽ നൊസ്റ്റാൾജിയ ഡൂഡിലുമായി ഗൂഗിൾ. ഹോംപേജിൽ ഗൂഗിളിന്റെ ആദ്യത്തെ ലോഗോ ഡൂഡിലായി അവതരിപ്പിച്ചാണ് ഇത്തവണ ജന്മദിനം ആഘോഷിക്കുന്നത്. കാലിഫോർണിയയിലെ ഒരു ചെറിയ സ്റ്റാർട്ടപ്പിൽ നിന്ന് ലോകത്തിലെ ഏറ്റവും ശക്തമായ സെർച്ച് എഞ്ചിനിലേക്കുള്ള ഗൂഗിളിന്റെ വളർച്ചയുടെ ഓർമപ്പെടുത്തൽ കൂടിയായിട്ടാണ് ഡൂഡിൽ ഒരുക്കിയിരിക്കുന്നത്.
‘ഞങ്ങൾ എപ്പോഴും ഭാവിയെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിലും, ജന്മദിനം ഒരു തിരിഞ്ഞുനോട്ടത്തിനുള്ള സമയമാണ്. 1998-ന് ശേഷം ഞങ്ങളുടെ ലോഗോ ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ മാറിയിട്ടുണ്ട്, എന്നാൽ ലോകത്തിൻ്റെ വിവരങ്ങൾ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യം ഇന്നും അതുപോലെ തുടരുന്നു. കഴിഞ്ഞ 27 വർഷമായി ഞങ്ങളോടൊപ്പം യാത്ര ചെയ്തതിന് നന്ദി’ ജന്മദിനത്തിൽ ഗൂഗിൾ തങ്ങളുടെ ബ്ലോഗിൽ കുറിച്ചു.
ഗാരേജ് സ്റ്റാർട്ടപ്പിൽ നിന്ന് ടെക് ഭീമനിലേക്ക്
സെർഗി ബ്രിനും ലാറി പേജും ചേർന്നാണ് ഗൂഗിളിന് രൂപം നൽകിയത്. 1998 സെപ്റ്റംബർ 27-ന് ഒരു വാടക ഗാരേജിൽ നിന്നാണ് ഗൂഗിൾ ഇൻക്. (Google Inc.) ഔദ്യോഗികമായി പിറവിയെടുത്തത്. വെറും ഒരു സെർച്ച് അൽഗോരിതം എന്നതിൽ നിന്ന് തുടങ്ങി, 27 വർഷം കൊണ്ട് ലോകത്തിൻ്റെ വിവരശേഖരണ രീതിയെത്തന്നെ മാറ്റിമറിച്ച ഒരു സാങ്കേതിക ശക്തിയായി ഗൂഗിൾ വളർന്നു.
അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽനിന്നുമാണ് ഗൂഗിൾ എന്ന പദം പിറവിയെടുത്തത്. ഒന്നിന് ശേഷം നൂറ് പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഗൂഗൾ(googol) എന്ന പദം ഉപയോഗിച്ചിരുന്നു. ഇത് തങ്ങളുടെ സെർച്ച് എൻജിന്റെ പേരാക്കാനായിരുന്നു സ്ഥാപകർ ഉദ്ദേശിച്ചത്. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ തങ്ങളുടെ സെർച്ച് എൻജിൻ വഴി ലഭ്യമാകും എന്ന സന്ദേശമായിരുന്നു നല്‍കാന്‍ ഉദ്ദേശിച്ചത്. എന്നാൽ എഴുതിയപ്പോൾ ചെറിയ രീതിയിൽ അക്ഷരങ്ങൾ മാറിപോയി. അങ്ങനെ ഗൂഗൾ ഗൂഗിൾ ആയി.