Sim Cards: ഒരാൾക്ക് എത്ര സിം കാർഡ് എടുക്കാം?; രണ്ട് ലക്ഷം രൂപ പിഴയടക്കേണ്ടെങ്കിൽ ഇത് ശ്രദ്ധിച്ചോളൂ
Check How Many Sim Cards In Your Name: നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ ഉണ്ടെന്നറിയാനൊരു വഴിയുണ്ട്. രണ്ട് ലക്ഷം രൂപ വരെയാണ് കൂടുതൽ എണ്ണമുള്ള സിം കാർഡുകൾക്ക് പിഴയടയ്ക്കേണ്ടത്.

പ്രതീകാത്മക ചിത്രം
നിങ്ങളുടെ പേരിൽ എത്ര സിം കാർഡ് ഉണ്ടെന്നറിയാമോ? നിലവിൽ ഉപയോഗിക്കുന്നതല്ല. പണ്ട് എടുത്തതും കൂട്ടുകാർക്കും കുടുംബക്കാർക്കും എടുത്തുകൊടുത്തതുമടക്കം ആകെയെത്ര സിം കാർഡുകളുണ്ടെന്നതിന് കണക്കുണ്ടോ? എങ്കിൽ എത്രയും വേഗം ആ കണക്കെടുത്ത് വച്ചോളൂ. കാരണം നിശ്ചിത എണ്ണം സിം കാർഡുകൾക്ക് മുകളിലാണെങ്കിൽ പിഴയടയ്ക്കേണ്ടത് രണ്ട് ലക്ഷം രൂപയാണ്.
ഒരാൾക്ക് എത്ര സിം കാർഡ്?
ഒരാളുടെ പേരിൽ പരമാവധി 9 സിം കാർഡുകളേ ഉണ്ടാകാവൂ. ജമ്മു കശ്മീർ, അസം, നോർത്തീസ്റ്റ് സംസ്ഥാനങ്ങളിൽ എന്നിവിടങ്ങളിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ മൂന്നെണ്ണം കുറയും. ഇവർക്ക് ആറ് സിം കാർഡുകൾ വരെയാണ് അനുവദനീയമായത്. നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡുകളുടെ എണ്ണം ഇതിൽ കൂടുതലാണെങ്കിൽ രണ്ട് ലക്ഷം രൂപ വരെയാണ് പിഴ. 2023ലെ ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് അനുസരിച്ചുള്ള നിബന്ധനയാണിത്.
Also Read: Canva Down: അനങ്ങുന്നില്ലാ…! ദീപാവലി ആഘോഷങ്ങൾക്കിടെ ഉപയോക്താക്കൾക്ക് പണി നൽകി കാൻവാ
സിം കാർഡുകൾ എത്രയുണ്ടെന്ന് എങ്ങനെ അറിയും?
നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ ഉണ്ടെന്ന് അറിയാനായി കേന്ദ്രസർക്കാർ ഒരു വെബ്സൈറ്റ് അവതരിപ്പിച്ചിട്ടുണ്ട്, സഞ്ചാർ സാഥി. ഈ വെബ്സൈറ്റ് സന്ദർശിച്ചാൽ നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നറിയാം. വെബ്സൈറ്റിലെ ‘നോ മൊബൈൽ കണക്ഷൻസ് ഇൻ യുവർ നേം’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഒരു പേജ് തുറന്നുവരും. അവിടെ നിങ്ങളുടെ ഒരു മൊബൈൽ നമ്പരും കാപ്ചയും അടിച്ചാൽ ആ നമ്പരിലേക്ക് ഒരു ഒടിപി വരും. കാപ്ച ബോക്സിന് താഴെയുള്ള ഒടിപി ബോക്സിൽ ഈ ഒടിപി അടിച്ചാൽ ആകെ എത്ര കണക്ഷനുകളാണ് നിങ്ങളുടെ പേരിൽ ഉള്ളതെന്ന വിവരവും ആ സിം കാർഡുകളുടെ നമ്പരും അറിയാൻ കഴിയും.
ശിക്ഷ
നിശ്ചിത എണ്ണത്തിൽ കൂടുതൽ സിം കാർഡുകളുണ്ടെങ്കിൽ ആദ്യ നിയമലംഘനത്തിന് 50,000 രൂപയാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴ രണ്ട് ലക്ഷം രൂപ വരെയാവാം. മറ്റൊരാളുടെ പേരിൽ സിം കാർഡ് എടുത്തതാണെങ്കിൽ അയാൾക്ക് മൂന്ന് വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.