Kodak Faces Financial Crisis: പ്രമുഖ ഫോട്ടോഗ്രാഫി കമ്പനി കൊഡാക് സാമ്പത്തിക പ്രതിസന്ധിയിൽ; 133 വർഷത്തെ ചരിത്രത്തിന് തിരശ്ശീല വീഴുമോ?
Photography Company Kodak Faces Financial Crisis: 2012-ല്‍ 6.75 ബില്യണ്‍ ഡോളറിന്റെ കടബാധ്യത കാരണം കമ്പനി പാപ്പരത്തം പ്രഖ്യാപിച്ചിരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പെന്‍ഷന്‍ പദ്ധതികളിലെ നിക്ഷേപം നിര്‍ത്തി പണം കണ്ടെത്താന്‍ ശ്രമിക്കുകയാണ്.

Kodak
ന്യൂഡൽഹി: ഏകദേശം 133 വര്‍ഷം പഴക്കമുള്ള പ്രമുഖ ഫോട്ടോഗ്രാഫി കമ്പനിയായ ഈസ്റ്റ്മാന്‍ കൊഡാക് സാമ്പത്തിക പ്രതിസന്ധി കാരണം പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ വരുമാന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദേശം 500 മില്യണ്‍ ഡോളറിന്റെ കടബാധ്യതകള്‍ അടച്ചുതീര്‍ക്കാന്‍ ആവശ്യമായ പണമില്ലെന്ന് നിക്ഷേപകരെ അറിയിച്ചു.
1892-ല്‍ സ്ഥാപിതമായ കൊഡാക്, ‘നിങ്ങള്‍ ബട്ടണ്‍ അമര്‍ത്തുക, ബാക്കിയുള്ളവ ഞങ്ങള്‍ ചെയ്യാം’ എന്ന മുദ്രാവാക്യത്തിലൂടെ ഫോട്ടോഗ്രാഫിയെ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കി. 1970-കളില്‍ അമേരിക്കന്‍ വിപണിയിലെ ഫിലിം വില്‍പ്പനയുടെ 90%-വും ക്യാമറ വില്‍പ്പനയുടെ 85%-വും കൊഡാക്കിനായിരുന്നു. 1975-ല്‍ ലോകത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ നിര്‍മ്മിച്ചതും കൊഡാക് ആണെങ്കിലും, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
2012-ല്‍ 6.75 ബില്യണ്‍ ഡോളറിന്റെ കടബാധ്യത കാരണം കമ്പനി പാപ്പരത്തം പ്രഖ്യാപിച്ചിരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പെന്‍ഷന്‍ പദ്ധതികളിലെ നിക്ഷേപം നിര്‍ത്തി പണം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കടബാധ്യതകള്‍ക്ക് ഇളവ് നേടാനും കാലാവധി നീട്ടാനും കഴിയുമെന്നാണ് സി ഇ ഒ ജിം കോണ്ടിനെന്‍സ് പ്രത്യാശ പ്രകടിപ്പിക്കുന്നത്. ഈ വെല്ലുവിളികളെ മറികടക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെങ്കിലും, കമ്പനിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്.