Meta Forum app: ഫേസ്ബുക്ക് ഉണ്ടെങ്കില്‍ ഫോറം ഉപയോഗിക്കാം; റെഡ്ഡിറ്റിന് പണി കൊടുത്ത് മെറ്റ
Meta Launches 'Forum' App on iOS : റെഡ്ഡിറ്റിന് വെല്ലുവിളി ഉയര്‍ത്തി 'ഫോറം' എന്ന ആപ്പ് പുറത്തിറക്കി മെറ്റ. ഐഒഎസ് ആപ്പ് സ്റ്റോറില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണ് ആപ്പ് പ്രത്യക്ഷപ്പെട്ടത്. ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ആപ്പ് റെഡ്ഡിറ്റിന് സമാനമായ രീതിയിലാകും പ്രവര്‍ത്തിക്കുക.

Meta Forum app
Forum app by Meta: റെഡ്ഡിറ്റിന് വെല്ലുവിളി ഉയര്‍ത്തി ‘ഫോറം’ എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കി മെറ്റ. അടുത്തിടെ ഐഒഎസ് ആപ്പ് സ്റ്റോറില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെയില്ലാതെയാണ് ഫോറം ആപ്പ് പ്രത്യക്ഷപ്പെട്ടത്. ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ആപ്പ് റെഡ്ഡിറ്റിന് സമാനമായ രീതിയിലാകും പ്രവര്‍ത്തിക്കുകയെന്നാണ് സൂചന. ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫോറം ആപ്പ് ഉപയോഗിക്കാം. കൂടാതെ, യഥാർത്ഥ പേരിന് പകരം വിളിപ്പേര് (Nickname) ഉപയോഗിച്ച് പോസ്റ്റുകൾ പങ്കുവെക്കാനുള്ള സൗകര്യവും ഇതിലുണ്ടെന്നാണ് വിവരം.
ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ‘ആസ്ക്’ ബട്ടണും, ആപ്പിലെ വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള മറുപടികൾ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്ന എഐ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ടാബും ഫോറത്തിന്റെ പ്രത്യേകതകളാണ്.
ആപ്പ് സ്റ്റോറില്‍ ഫോറം ലിസ്റ്റ് ചെയ്തതിനെക്കുറിച്ച് സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റായ മാറ്റ് നവാരയാണ് കണ്ടെത്തിയത്. “കൂടുതൽ ആഴത്തിലുള്ള ചർച്ചകൾക്കും ശരിയായ മറുപടികൾക്കും നിങ്ങൾ ഇഷ്ടപ്പെടുന്ന കമ്മ്യൂണിറ്റികൾക്കുമായി മാത്രമായി ഒരുക്കിയിട്ടുള്ള ഒരിടം” എന്നതാണ് ഈ ആപ്പിന്റെ വിശേഷണം.
റെഡ്ഡിറ്റിന് വെല്ലുവിളി
പ്രത്യേക ഹോബികൾ, പ്രാദേശികമായ വിഷയങ്ങള്‍, സപ്പോർട്ട് ഗ്രൂപ്പുകൾ തുടങ്ങി ആളുകൾക്ക് താല്പര്യമുള്ള വിഷയങ്ങളിൽ അവരെ പരസ്പരം ഒന്നിപ്പിക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ, ഇത് റെഡ്ഡിറ്റിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താനാണ് സാധ്യത. ഉപയോക്താക്കൾക്ക് അവരുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഫോറം ആപ്പിലേക്ക് ലോഗിൻ ചെയ്യാൻ സാധിക്കും. നിലവിലുള്ള ഫേസ്‌ബുക്ക് ഗ്രൂപ്പുകളും പ്രൊഫൈൽ വിവരങ്ങളും പ്രവർത്തനങ്ങളുമെല്ലാം സ്വയം ഫോറം ആപ്പിലേക്ക് മാറും.
Also Read: Budget Phones: 10000 രൂപ കൊടുത്താൽ 6000 mah ബാറ്ററിയുള്ള ഫോൺ, ഞെട്ടിയോ
ഇതിനൊപ്പം, നിക്ക്‌നെയിമുകള്‍ ഉപയോഗിച്ച് പോസ്റ്റ് ചെയ്യാനും സാധിക്കും. ഉപയോക്താവിന്റെ ഫേസ്‌ബുക്ക് ഗ്രൂപ്പുകൾ ഫേസ്‌ബുക്കിൽ തന്നെ തുടർന്നും നിലനിൽക്കുകയും, ഫോറം ആപ്പിലൂടെ പങ്കിടുന്ന ഏതൊരു ഉള്ളടക്കവും ആ ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലും ഒരേസമയം പ്രത്യക്ഷപ്പെടുകയും ചെയ്യുമെന്നാണ് വിവരം. ഫോറം ആപ്പിന്റെ ഇന്റർഫേസ് എങ്ങനെയുള്ളതാണെന്ന് ആപ്പ് സ്റ്റോർ ലിസ്റ്റിങ് സൂചന നല്‍കുന്നുണ്ട്.
ഉപയോക്താക്കളുടെ ഗ്രൂപ്പുകളിൽ നിന്നുള്ള ചർച്ചകളായിരിക്കും ഇതിന്റെ ഫീഡിൽ കാണിക്കുക. നിലവിലുള്ള ചർച്ചകളെ പിന്തുടരാനും, അവർ നിർത്തിയേടത്തുനിന്ന് തന്നെ ചർച്ചകൾ പുനരാരംഭിക്കാനും ഇത് സഹായിക്കും. ഫേസ്‌ബുക്കിൽ ഗ്രൂപ്പ് അഡ്മിൻമാർക്ക് ലഭ്യമായിട്ടുള്ള എല്ലാ ടൂളുകളും ഫോറം ആപ്പിലും ഉപയോഗിക്കാം. ഗ്രൂപ്പുകൾ നിയന്ത്രിക്കാനും, മോഡറേറ്റ് ചെയ്യാനും, തുടര്‍ന്നുള്ള കാര്യങ്ങള്‍ക്കും സഹായിക്കുന്ന എഐ അഡ്മിൻ അസിസ്റ്റന്റും ഇതിലുണ്ട്. ഗ്രൂപ്പുകളുടെ പൂർണ്ണമായ നിയന്ത്രണം അഡ്മിൻമാർക്ക് തന്നെയായിരിക്കും ഉണ്ടായിരിക്കുക.
എവിടെ ഉപയോഗിക്കാം?
ഐഒഎസ് 18-ലും പുതിയ പതിപ്പുകളിലും പ്രവർത്തിക്കുന്ന ഐഫോണുകളില്‍ ഫോറം ആപ്പ് കിട്ടും. 13 വയസ്സും അതിനുമുകളിലും പ്രായമുള്ള ഉപയോക്താക്കൾ ഉദ്ദേശിച്ചുള്ളതാണ് ഈ പ്ലാറ്റ്‌ഫോം. നിലവിൽ ചില പ്രത്യേക വിപണികളിൽ മാത്രമാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ട് ഇന്ത്യയിലെ ആപ്പ് സ്റ്റോറിൽ ഇത് ഡൗൺലോഡ് ചെയ്യാൻ ലഭ്യമായിട്ടില്ല.
English Summary
Meta has quietly launched a new social media app called Forum on the iOS App Store. The discussion-focused platform functions similarly to Reddit and integrates with Facebook groups. Users can log in with Facebook, use nicknames, and access AI-powered tools like an “Ask” feature. The app requires iOS 18 and is currently unavailable in select regions, including India.