Motorola Signature: ഫാബ്രിക് ഫിനിഷിങും പെരിസ്കോപ് ടെലിഫോട്ടോ ലെൻസും; മോട്ടൊറോള സിഗ്നേച്ചർ എത്തുന്നു
Motorola Signature Launch: മോട്ടൊറോള സിഗ്നേച്ചർ ഇന്ത്യയിലെത്തുന്നു. ഫ്ലാഗ്ഷിപ്പ് ഫോൺ ആയി പുറത്തിറങ്ങുന്ന സിഗ്നേച്ചർ ഏറെ വൈകാതെ വിപണിയിലെത്തും.

മോട്ടൊറോള സിഗ്നേച്ചർ
മോട്ടൊറോള സിഗ്നേച്ചർ ഇന്ത്യൻ മാർക്കറ്റിലേക്ക്. ഫാബ്രിക് ഫിനിഷിങും പെരിസ്കോപ് ടെലിഫോട്ടോ ലെൻസും അടക്കമുള്ള ഫീച്ചറുകൾ സഹിതമാണ് മോട്ടൊറോള സിഗ്നേച്ചർ എത്തുന്നത്. കമ്പനി തന്നെ ഫോണിൻ്റെ ഡിസൈൻ പുറത്തുവിട്ടിട്ടുണ്ട്. പ്രീമിയം മോഡലായി പുറത്തിറങ്ങുന്ന മോട്ടൊറോള സിഗ്നേച്ചറിൻ്റെ ഔദ്യോഗിക ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്ലിപ്കാർട്ടാണ്. ഫ്ലിപ്കാർട്ടിൽ ഫോണിനായി മൈക്രോസൈറ്റും ആരംഭിച്ചു.
അടുത്ത മാസം ഏഴിനാവും ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങുക. ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളുമായി പ്രീമിയം സ്മാർട്ട്ഫോണാണ് മോട്ടൊറോള സിഗ്നേച്ചർ. ഫോണിൻ്റെ സ്പെക്സിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഫ്ലിപ്കാർട്ടിലെ മൈക്രോസൈറ്റ് നൽകുന്ന സൂചനയനുസരിച്ച് പിൻഭാഗത്ത് ഫാബ്രിക് ഫിനിഷ് ആവും ഉണ്ടാവുക. ഫ്ലാറ്റ് ഡിസ്പ്ലേ, സ്ലിം ബെസൽസ് എന്നിവയും ഫോണിൻ്റെ സവിശേഷതകളാണ്. വലതുഭാഗത്ത് പവർ ബട്ടണും വോളിയം ബട്ടണും. ഫോണിൻ്റെ ഇടതുവശത്തും ഒരു ബട്ടണുണ്ട്. ഇത് എന്തിനുള്ളതാണെന്ന് വ്യക്തമല്ല. ക്യാമറയ്ക്കോ എഐ ഫംഗ്ഷനുകൾക്കോ ആവും ഇതുപയോഗിക്കുക എന്നാണ് വിവരം.
ഫോട്ടോഗ്രഫിക്ക് പ്രാധാന്യം നൽകുന്നതാണ് ഫോണിലെ ക്യാമറ സെറ്റപ്പ്. പല ടോപ്പ് എൻഡ് മോഡലുകൾ പോലെ ഈ ഫോണിലും ടെലിഫോട്ടോ ക്യാമറയുണ്ടാവും. പിൻഭാഗത്ത് 50 മെഗാപിക്സലിൻ്റെ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണെന്നാണ് വിവരം. പെരിസ്കോപ് ടെലിഫോട്ടോ ക്യാമറയാവും പിൻഭാഗത്തുണ്ടാവുക. സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റും 16 ജിബി റാമും ആൻഡ്രോയ്ഡ് 16 സപ്പോർട്ടും ഫോണിൻ്റെ സവിശേഷതയായി പറയപ്പെടുന്നു. കാർബൺ, മാർട്ടീനി ഒലിവ് എന്നീ നിറങ്ങളിൽ ഫോൺ പുറത്തിറങ്ങും. സ്റ്റൈലസ് സപ്പോർട്ട് ഫോണിൻ്റെ മറ്റൊരു പ്രത്യേകതയാണെന്ന റിപ്പോർട്ടുകളുമുണ്ട്. വിലയെപ്പറ്റിയുള്ള വിവരങ്ങളോ മറ്റ് സവിശേഷതകളോ ഇതുവരെ പുറത്തുവന്നിട്ടില്ല.