Nano Banana trend: സോഷ്യല്‍ മീഡിയയിലെ പുതിയ താരം…. നാനോ ബനാനാ ട്രെന്‍ഡാകുന്നു
Nano Banana trend takes over the Internet: ഇൻഫ്ലുവൻസർമാരും സെലിബ്രിറ്റികളും അവരുടെ ചിത്രങ്ങളുടെ 3D പതിപ്പുകൾ പങ്കുവെച്ചതോടെയാണ് നാനോ ബനാന സോഷ്യൽ മീഡിയയിൽ വൈറലായത്.

3 D Model Trend
കൊച്ചി: സോഷ്യൽ മീഡിയയിൽ പുതിയ ട്രെൻഡായി മാറിയിരിക്കുകയാണ് ഗൂഗിൾ ജെമിനിയുടെ ‘നാനോ ബനാന’ എഐ മോഡൽ. ഗൂഗിൾ ജെമിനി ആപ്പിൽ കഴിഞ്ഞ മാസമാണ് ഈ എഐ ഇമേജ് എഡിറ്റിംഗ് ടൂൾ അവതരിപ്പിച്ചത്. സാധാരണ ഫോട്ടോകളെ അതിശയകരമായ 3D ചിത്രങ്ങളാക്കി മാറ്റാൻ ഈ ടൂൾ സഹായിക്കുന്നു.
ഗൂഗിളിന്റെ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ടൂൾ ഉപയോഗിച്ചാണ് നാനോ ബനാന പ്രവർത്തിക്കുന്നത്. ഈ ടൂൾ ഉപയോഗിച്ച് ഏതൊരു ചിത്രത്തിലെയും വസ്തുക്കളെ വളരെ വേഗം മിനിയേച്ചർ രൂപങ്ങളാക്കി മാറ്റാം. മുഖഭാവങ്ങൾ, വസ്ത്രങ്ങൾ, പശ്ചാത്തലം എന്നിവയെല്ലാം യാഥാർഥ്യത്തോട് വളരെയധികം സാമ്യമുള്ള രീതിയിൽ ഈ എഐ മോഡൽ പുനഃസൃഷ്ടിക്കും. ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ചിത്രങ്ങൾ മാറ്റിയെടുക്കാനും സാധിക്കും.
ഇൻഫ്ലുവൻസർമാരും സെലിബ്രിറ്റികളും അവരുടെ ചിത്രങ്ങളുടെ 3D പതിപ്പുകൾ പങ്കുവെച്ചതോടെയാണ് നാനോ ബനാന സോഷ്യൽ മീഡിയയിൽ വൈറലായത്. ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ 10 ദശലക്ഷം ഡൗൺലോഡുകൾ നേടിയതായി ഗൂഗിൾ വൈസ് പ്രസിഡന്റ് ജോഷ് വുഡ്‌വാർഡ് എക്സിൽ കുറിച്ചു.
വളർത്തുമൃഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രമുഖ വ്യക്തികളുടെയും 3D ഡിജിറ്റൽ പ്രതിമകൾ നിർമ്മിക്കുന്നതാണ് നിലവിലെ ട്രെൻഡ്. സൗജന്യവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഈ എഐ ടൂൾ ഇതിനോടകം 200 ദശലക്ഷത്തിലധികം ചിത്രങ്ങൾ മാറ്റിയെടുത്തതായാണ് ഗൂഗിൾ അറിയിച്ചത്. യഥാർത്ഥ പ്രതിമകളെപ്പോലെയോ കളിപ്പാട്ടങ്ങൾ പോലെയോ തോന്നിക്കുന്ന ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് വലിയ കൗതുകമാണ് നൽകുന്നത്. ഗിബ്ലി ഇമേജുകൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ഒരു എഡിറ്റിംഗ് സംവിധാനമാണ് നാനോ ബനാന.