AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

e-skin in robots: തൊട്ടാലറിയുന്ന നുള്ളിയാൽ നോവുന്ന റോബോട്ടുകൾ എത്തുന്നു…

New neuromorphic robotic skin enables humanoid robots : അപകടകരമായ രീതിയിലുള്ള സ്പർശനമോ ചൂടോ അനുഭവപ്പെട്ടാൽ, സിഗ്നലുകൾ സെൻട്രൽ പ്രോസസറിലേക്ക് അയച്ച് വിശകലനം ചെയ്യുന്നതിന് പകരം നേരിട്ട് മോട്ടോറുകളിലേക്ക് സന്ദേശം കൈമാറുന്നു. ഇത് റോബോട്ടിനെ നിമിഷനേരം കൊണ്ട് കൈ പിൻവലിക്കാൻ സഹായിക്കുന്നു.

e-skin in robots: തൊട്ടാലറിയുന്ന നുള്ളിയാൽ നോവുന്ന റോബോട്ടുകൾ എത്തുന്നു…
RobotsImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 06 Jan 2026 | 03:12 PM

ബീജിംഗ്: മനുഷ്യനെപ്പോലെ സ്പർശനവും വേദനയും തിരിച്ചറിയാനും അപകടകരമായ സാഹചര്യങ്ങളിൽ സ്വയം പിൻമാറാനും ശേഷിയുള്ള അത്യാധുനിക ‘ന്യൂറോമോർഫിക്’ റോബോട്ടിക് ചർമ്മം ചൈനീസ് ഗവേഷകർ വികസിപ്പിച്ചു. ഹ്യുമനോയിഡ് റോബോട്ടുകൾക്ക് മനുഷ്യന്റേതിന് സമാനമായ പ്രതികരണശേഷി നൽകുന്ന ഈ സാങ്കേതികവിദ്യ റോബോട്ടിക്സ് രംഗത്തെ വലിയൊരു കുതിച്ചുചാട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

 

പ്രധാന പ്രത്യേകതകൾ

 

മനുഷ്യശരീരത്തിൽ ഒരു അപകടമുണ്ടാകുമ്പോൾ തലച്ചോറിന്റെ നിർദ്ദേശത്തിന് കാത്തുനിൽക്കാതെ സുഷുമ്നാ നാഡി വഴി പേശികൾക്ക് സന്ദേശം നൽകി ശരീരം പെട്ടെന്ന് പ്രതികരിക്കുന്ന അതേ മാതൃകയിലാണ് ഈ ചർമ്മം പ്രവർത്തിക്കുന്നത്. സാധാരണ റോബോട്ടിക് ചർമ്മങ്ങൾ വെറും സമ്മർദ്ദം മാത്രമേ അളക്കാറുള്ളൂ. എന്നാൽ പുതിയ ന്യൂറോമോർഫിക് റോബോട്ടിക് ഇ സ്കിൻ സ്പർശനത്തിന്റെ തീവ്രത മനസ്സിലാക്കി അത് വേദനയാണോ അല്ലയോ എന്ന് തിരിച്ചറിയും.

അപകടകരമായ രീതിയിലുള്ള സ്പർശനമോ ചൂടോ അനുഭവപ്പെട്ടാൽ, സിഗ്നലുകൾ സെൻട്രൽ പ്രോസസറിലേക്ക് അയച്ച് വിശകലനം ചെയ്യുന്നതിന് പകരം നേരിട്ട് മോട്ടോറുകളിലേക്ക് സന്ദേശം കൈമാറുന്നു. ഇത് റോബോട്ടിനെ നിമിഷനേരം കൊണ്ട് കൈ പിൻവലിക്കാൻ സഹായിക്കുന്നു. മനുഷ്യ ചർമ്മത്തിന് സമാനമായി നാല് ലെയറുകളിലായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പുറം പാളി സംരക്ഷണം നൽകുമ്പോൾ ഉള്ളിലെ സെൻസറുകളും സർക്യൂട്ടുകളും നാഡികളെപ്പോലെ പ്രവർത്തിക്കുന്നു.

 

മുറിവുകൾ സ്വയം തിരിച്ചറിയും

 

ചർമ്മത്തിൽ എവിടെയെങ്കിലും മുറിവോ കേടുപാടുകളോ സംഭവിച്ചാൽ ആ ഭാഗത്തുനിന്നുള്ള സിഗ്നലുകൾ നിലയ്ക്കുകയും റോബോട്ടിന് അത് എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യും.

 

അറ്റകുറ്റപ്പണി എളുപ്പം

 

കാന്തികശക്തിയുള്ള ചെറിയ ഭാഗങ്ങൾ ചേർത്തുവെച്ചാണ് ഈ ചർമ്മം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ചർമ്മത്തിന്റെ ഏതെങ്കിലും ഭാഗം നശിച്ചുപോയാൽ സെക്കൻഡുകൾക്കുള്ളിൽ അത് മാറ്റി പുതിയത് ഘടിപ്പിക്കാൻ സാധിക്കും.

ഹോസ്പിറ്റലുകളിലും വീടുകളിലും മനുഷ്യരുമായി ഇടപഴകി ജോലി ചെയ്യുന്ന റോബോട്ടുകളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ഈ കണ്ടുപിടുത്തം സഹായിക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ‘പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ്’ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.