5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Immersive Call: ലോകത്തെ ആദ്യ ‘ഇമ്മേഴ്‌സീവ് ഫോൺവിളി’ നടത്തി നോക്കിയ മേധാവി; സാധാരണ ഫോൺ കോളുമായി ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു

Immersive Call: പുതിയ സാങ്കേതികവിദ്യയിൽ 3ഡി ശബ്ദമാണ് ഫോൺ സംഭാഷണം നടത്തുന്നവർ തമ്മിൽ കേൾക്കുക.

Immersive Call: ലോകത്തെ ആദ്യ ‘ഇമ്മേഴ്‌സീവ് ഫോൺവിളി’ നടത്തി നോക്കിയ മേധാവി; സാധാരണ ഫോൺ കോളുമായി ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു
Nokia CEO Makes World’s First ‘Immersive’ Call. (Represental Image)
Follow Us
neethu-vijayan
Neethu Vijayan | Published: 11 Jun 2024 13:27 PM

സ്റ്റോക്ക്‌ഹോം: ഫോൺ വിളികൾ കൂടുതൽ യഥാർത്ഥമെന്ന തരത്തിൽ അനുഭവപ്പെടുന്ന പുതിയ സാങ്കേതിക വിദ്യ പരിജയപ്പെടുത്തി നോക്കിയ. ‘ഇമ്മേഴ്‌സീവ് ഓഡിയോ ആന്റ് വീഡിയോ’ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകത്താദ്യമായി ഫോൺ കോൾ ചെയ്തിരിക്കുകയാണ് നോക്കിയയുടെ സിഇഒ ആയ പെക്ക ലണ്ട്മാർക്ക്.

ത്രീഡി ശബ്ദം ഉപയോഗിച്ചാണ് ഈ ഫോൺ സംഭാഷണങ്ങൾ നടത്തുന്നത്. അതിനാൽ തന്നെ ഫോൺ വിളികൾ കൂടുതൽ മികച്ചതാക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്നും കമ്പനി പറഞ്ഞു.

‘ഭാവിയുടെ വോയ്‌സ് കോൾ’ തങ്ങൾ പരീക്ഷിച്ചതായാണ് ഈ അനുഭവത്തിന് പിന്നാലെ പെക്ക ലണ്ട്മാർക്ക് പറഞ്ഞത്. 1991 ൽ ആദ്യമായി 2ജി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫോൺവിളി നടത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന ആളാണ് ലണ്ട്മാർക്ക്.

ഫിൻലൻഡ് ഡിജിറ്റലൈസേഷൻ ആന്റ് ന്യൂ ടെക്‌നളോജീസ് അംബാസഡർ സ്റ്റീഫൻ ലിന്റ്‌സ്റ്റോമുമായാണ് പെക്ക ലണ്ട്മാർക്ക് ഇമ്മേഴ്‌സീവ് ഫോൺവിളി വഴി സംസാരിച്ചത്. 5ജി നെറ്റ് വർക്കിൽ ബന്ധിപ്പിച്ച സാധാരണ സ്മാർട്‌ഫോൺ ഉപയോഗിച്ചാണ് നോക്കിയ ഇമ്മേഴ്‌സീവ് ഫോൺ കോൾ പരീക്ഷിച്ചത്.

സാധാരണ കോളുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു

നിലവിലുള്ള ഫോൺവിളികളെല്ലാം മോണോഫോണിക് എന്നാണ് അറിയപ്പെടുന്നത്. മാത്രവുമല്ല ശബ്ദം കംപ്രസ് ചെയ്യുകയും ശബ്ദത്തിന്റെ വിശദാംശങ്ങൾ നഷ്ടമാവുകയും ചെയ്യും. എന്നാൽ പുതിയ സാങ്കേതികവിദ്യയിൽ 3ഡി ശബ്ദമാണ് ഫോൺ സംഭാഷണം നടത്തുന്നവർ തമ്മിൽ കേൾക്കുക. ഇതുവഴി രണ്ട് പേരും അടുത്ത് നിന്ന് സംസാരിക്കുന്നതിന് സമാനമായ ശബ്ദാനുഭവമായിരിക്കും ഫോൺ വിളിയിൽ അനുഭവപ്പെടുക.

ALSO READ: ഉപ്പ് തൊട്ട് നോക്കണ്ട, ഈ സ്പൂൺ മാത്രം മതി; ജാപ്പനീസ് ടെക്നോളജി, എല്ലായിടത്തേക്കും

ഇന്ന് സ്മാർട്‌ഫോണുകളിലും പിസികളിലും ഉപയോഗിക്കുന്ന മോണോഫോണിക് ടെലിഫോണി ശബ്ദം അവതരിപ്പിച്ചതിന് ശേഷം തത്സമയ വോയ്‌സ് കോളിങ് അനുഭവത്തിലുണ്ടാവുന്ന ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണിതെന്ന് നോക്കിയ ടെക്‌നോളജീസ് പ്രസിഡന്റ് ജെന്നി ലുക്കാൻഡർ പറഞ്ഞു.

രണ്ട് വ്യക്തികൾ തമ്മിലുള്ള ഫോൺവിളിക്ക് പുറമെ, കോൺഫറൻസ് കോളുകളിലും ഇമ്മേഴ്‌സീവ് ഓഡിയോ വീഡിയോ കോൾ സാങ്കേതിക വിദ്യ ഉപയോഗിക്കാനാവുമെന്ന് നോക്കിയ ടെക്‌നോളജീസ് ഓഡിയോ റിസർച്ച് മേധാവി ജിറി ഹോപാനിമേയ് പറഞ്ഞു.

പങ്കെടുക്കുന്നവരുടെ സ്‌പേഷ്യൽ ലൊക്കേഷൻ അടിസ്ഥാനമാക്കി അവരുടെ ശബ്ദം വേർതിരിച്ച് കേൾക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്നതാണ് പ്രത്യേകത. സ്മാർട്‌ഫോണുകളിലുള്ള ഒന്നിലധികം മൈക്രോഫോണുകൾ ഉപയോ​ഗപ്പെടുത്തിയാണിത് സാധ്യമാക്കുന്നത്.

വരാനിരിക്കുന്ന 5ജി അഡ്വാൻസ്ഡ് സ്റ്റാന്റേർഡിന്റെ ഭാഗമായാവും ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുകയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. സാങ്കേതിക വിദ്യയുടെ ലൈസൻസിങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് ഇപ്പോൾ നോക്കിയ. സാങ്കേതിക വിദ്യ ഉപയോഗത്തിൽ വരാൻ ഇനിയും സമയമെടുക്കും.

 

Latest News