Realme GT 7 Dream Edition: റിയൽമി ജിടി 7 ഡ്രീം എഡിഷൻ ഈ മാസം തന്നെ എത്തും; സ്പെക്സിൽ ഞെട്ടിക്കുമെന്ന് സൂചന
Realme GT 7 Dream Edition Release Date: റിയൽമി ജിടി 7 മോഡലിൻ്റെ സ്പെഷ്യൽ എഡിഷനായ റിയൽമി ജിടി 7 ഡ്രീം എഡിഷൻ ഈ മാസം തന്നെ പുറത്തിറങ്ങുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. ബേസ് മോഡലിനൊപ്പമാണ് സ്പെഷ്യൽ എഡിഷനും പുറത്തുവരിക.
റിയൽമി ജിടി 7 സീരീസ് ഈ മാസം തന്നെയാണ് ഇന്ത്യയടക്കമുള്ള ഗ്ലോബൽ മാർക്കറ്റുകളിൽ എത്തുക. ഇതിനൊപ്പം സ്പെഷ്യൽ എഡിഷനായ റിയൽമി ജിടി 7 ഡ്രീം എഡിഷനും ഇതിനൊപ്പം തന്നെ പുറത്തിറങ്ങും. പ്രത്യേക ഡിസൈനും സ്പെക്സും അടക്കം പല മാറ്റങ്ങളുമായാവും ഫോൺ പുറത്തിറങ്ങുക.
സ്റ്റാൻഡേർഡ് മോഡലിൻ്റെ ഇൻ്റേണൽ സ്പെക്സ് തന്നെയാവും ഡ്രീം എഡിഷനിലുണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. മീഡിയടെക് ഡിമൻസിറ്റി 9400 എസ്ഒസി ചിപ്സെറ്റിലാവും ഫോണിൻ്റെ പ്രവർത്തനം. റിയൽമി ജിടി7, റിയൽമി ജിടി7ടി എന്നീ മോഡലുകൾക്കൊപ്പം റിയൽമി ജിടി 7 ഡ്രീം എഡിഷൻ എന്ന മോഡലും ഈ മാസം 27ന് പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ എക്സ് അക്കൗണ്ടിലൂടെ റിയൽമി തന്നെ ഇക്കാര്യം പഞ്ഞുവച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ലോഞ്ച് ചടങ്ങ് ആരംഭിക്കുക. ആമസോൺ ആണ് ഔദ്യോഗിക ഇ കൊമേഴ്സ് പങ്കാളി.
ഫോണിൻ്റെ ഡിസൈനോ മറ്റ് വിവരങ്ങളോ റിയൽമി പങ്കുവച്ചിട്ടില്ല. എന്നാൽ, കസ്റ്റമൈസ്ഡ് ഐക്കണുകൾ, തീമുകൾ, പ്രത്യേക ഡിസൈനുകൾ, എക്സ്ക്ലൂസിവ് പാക്കിങ് എന്നിങ്ങനെ സ്റ്റാൻഡേർഡ് എഡിഷനിൽ നിന്ന് കാഴ്ചയിൽ മാറ്റങ്ങളുമായാവും ഫോൺ പുറത്തിറങ്ങുക എന്ന് റിപ്പോർട്ടുകളുണ്ട്. മുൻ സ്പെഷ്യൽ എഡിഷൻ ഫോണുകൾ പോലെത്തന്നെ സ്റ്റാൻഡേർഡ് മോഡലിലെ ഇൻ്റേണൽ സ്പെസിഫിക്കേഷൻസ് നിലനിർത്തി വ്യത്യസ്തമായ ഡിസൈൻ ആവും ഫോണിനുണ്ടാവുക. ഫോണിൻ്റെ വിലയെപ്പറ്റി വ്യക്തതയില്ല.
റിയൽമി ജിടി7 മോഡലിൽ 7000 എംഎഎച്ച് ബാറ്ററിയും 120 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിംഗുമാണ് ഉള്ളതെന്ന് റിപ്പോർട്ടുകളുണ്ട്. 6.78 ഇഞ്ച് അമോഎൽഇഡി ഡിസ്പ്ലേയും ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും ഫോണിൻ്റെ സവിശേഷതകളാണ്. 50 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയും 50 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയും 8 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയുമാണ് ഉണ്ടാവുക.