Life On Earth: ഭൂമിയില്‍ ജീവന്‍ ഇനി എത്രനാള്‍? ഗവേഷകലോകം ആ ഉത്തരം കണ്ടെത്തി
Study about life on earth: സൂര്യനെ അടിസ്ഥാനമാക്കിയാണ് ഭൂമിയുടെ ജൈവമണ്ഡലത്തിന്റെ ആയുസ് വര്‍ഷങ്ങളായി ചര്‍ച്ച ചെയ്തിരുന്നതെന്ന് ഗവേഷകരില്‍ ഒരാളായ കസുമി ഒസാക്ക പറഞ്ഞു. മുന്‍ പഠനങ്ങളില്‍ 2 ബില്യണ്‍ വര്‍ഷങ്ങള്‍ കൂടി ജീവന്‍ നിലനില്‍ക്കുമെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു
ഭൂമിയില്‍ ഇനി ജീവന്‍ എത്രനാള്‍ കൂടി നില്‍നില്‍ക്കുമെന്ന് കണ്ടെത്തി ഗവേഷകര്‍. ജപ്പാനിലെ ടോഹോ സര്‍വകലാശാലയിലെ ഗവേഷകസംഘമാണ് പഠനം നടത്തിയത്. ഒരു ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ ജീവന്‍ ഇല്ലാതാകുമെന്ന് ഗവേഷകര്‍ പറയുന്നു. നാസയുടെ പ്ലാനേറ്ററി മോഡലുകളും, സൂപ്പര്‍കമ്പ്യൂട്ടറും ഉപയോഗിച്ചായിരുന്നു ഇവരുടെ ഗവേഷണം. ഭൂമി നശിപ്പിക്കപ്പെടും മുമ്പ് തന്നെ ഓക്‌സിജന്‍ ഇല്ലാതാകുമെന്നാണ് കണ്ടെത്തല്‍. ‘ദ ഫ്യൂച്ചര്‍ ലൈഫ്‌സ്പാന്‍ ഓഫ് എര്‍ത്ത്‌സ് ഓക്‌സിജിനേറ്റഡ് അറ്റ്‌മോസ്പിയര്‍’ എന്ന പേരിലുള്ള പഠനം നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൂര്യനും പ്രായമേറുകയാണ്. താപവും വര്‍ധിക്കുന്നു. ഇതോടൊപ്പം ഭാവിയില്‍ ഭൂമിയുടെ ഉപരിതലം കൂടുതല്‍ ചൂടാകും. വെള്ളം ബാഷ്പീകരിക്കപ്പെടും. ക്രമേണ ഇത് സര്‍വ ജീവജാലങ്ങളെയും ബാധിക്കും. ചെടികള്‍ വാടിക്കരിയും. ഓക്‌സിജന്‍ ഉത്പാദനം നില്‍ക്കും. പ്രകാശസംശ്ലേഷണത്തിന് കാരണമായ കാര്‍ബണ്‍ ചക്രം ഇല്ലാതാകും. ഉയര്‍ന്ന മീഥെയ്‌നും, കുറവ് ഓക്‌സിജനുമുള്ള അവസ്ഥയിലെത്തുമെന്നും ഗവേഷകരുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
സൂര്യനെ അടിസ്ഥാനമാക്കിയാണ് ഭൂമിയുടെ ജൈവമണ്ഡലത്തിന്റെ ആയുസ് വര്‍ഷങ്ങളായി ചര്‍ച്ച ചെയ്തിരുന്നതെന്ന് ഗവേഷകരില്‍ ഒരാളായ കസുമി ഒസാക്ക പറഞ്ഞു. മുന്‍ പഠനങ്ങളില്‍ 2 ബില്യണ്‍ വര്‍ഷങ്ങള്‍ കൂടി ജീവന്‍ നിലനില്‍ക്കുമെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ പുതിയ മോഡലുകള്‍ അന്തരീഷ മാറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. വിദൂര ഭാവിയില്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ ലെവല്‍ കുറയുമെന്ന് പ്രതീക്ഷിക്കാം. സൂക്ഷ്മജീവികള്‍ അവശേഷിക്കാം. എന്നാല്‍ ഓക്‌സിജന്‍ ആവശ്യമുള്ള ജീവജാലങ്ങളെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.