Semicon India 2025: അഭിമാനം വാനോളം; ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ചിപ്പിന് ആഗോളതലത്തില്‍ പ്രശംസ; സെമികോണ്‍ സമ്മേളനം നാളെ മുതല്‍
Semicon India 2025 conference: സമ്മേളനത്തിന് മുന്നോടിയായി ടെക് രംഗത്തെ ഇന്ത്യയുടെ വൈദഗ്ധ്യത്തെക്കുറിച്ച് യുഎസ് കമ്പനിയായ സിന്‍ക്ലെയറിന്റെ പ്രസിഡന്റും സിഇഒയുമായ ക്രിസ് റിപ്ലി സംസാരിച്ചു. ഇന്ത്യയുടെ വൈദഗ്ധ്യം ഏറെ മികച്ചതാണെന്ന് ക്രിസ് റിപ്ലി
ന്യൂഡല്‍ഹി: ഇന്ത്യയുടെ സെമി കണ്ടക്ടര്‍ ഇക്കോസിസ്റ്റം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘സെമിക്കോണ്‍ ഇന്ത്യ 2025’ നാളെ (സെപ്തംബര്‍ രണ്ട്) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ന്യൂഡല്‍ഹിയിലെ യശോഭൂമിയിലാണ് സമ്മേളനം നടക്കുന്നത്. സെപ്തംബര്‍ മൂന്നിന് രാവിലെ 9.30ന് നടക്കുന്ന സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. സെപ്തംബര്‍ രണ്ട് മുതല്‍ നാലു വരെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സമ്മേളനത്തിന് മുന്നോടിയായി ടെക് രംഗത്തെ ഇന്ത്യയുടെ വൈദഗ്ധ്യത്തെക്കുറിച്ച് യുഎസ് കമ്പനിയായ സിന്‍ക്ലെയറിന്റെ പ്രസിഡന്റും സിഇഒയുമായ ക്രിസ് റിപ്ലി സംസാരിച്ചു. ഇന്ത്യയുടെ വൈദഗ്ധ്യം ഏറെ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വയർലെസ് സാങ്കേതികവിദ്യകൾ നിർമ്മിക്കുന്നതിനായി തങ്ങള്‍ ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Ahead of India’s flagship semiconductor-focused event, Semicon India 2025, Chris Ripley, President and CEO of Sinclair (One of the largest US news media companies), says, “We recognised that the expertise available in India was second to none in the world. We’ve invested… pic.twitter.com/JY48TzFZj0
— ANI (@ANI) September 1, 2025
ഇന്ത്യയില്‍ നിര്‍മിച്ച ഡി2എം (ഡയറക്ട് ടു മൊബൈല്‍) ചിപ്പിന്റെ പ്രത്യേകതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ നിര്‍മിത ചിപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ടാബ്‌ലെറ്റും അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു.
വയർലെസ് സാങ്കേതികവിദ്യകളിലും സെമികണ്ടക്ടർ രൂപകൽപ്പനയിലും ഇന്ത്യ എത്രയോ മുന്നിലാണെന്നതിന്റെ മികച്ച ഉദാഹരണമാണിതെന്ന് ടാബ്‌ലെറ്റ് ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. ഐഐടി കാണ്‍പൂരുമായി ബന്ധപ്പെട്ടുള്ള തേജസ് നെറ്റ്‌വർക്കിന്റെ അനുബന്ധ സ്ഥാപനമായ സാങ്ക്യ ലാബ്‌സാണ് ഈ ചിപ്പുകൾ വികസിപ്പിച്ചെടുത്തത്.
കുറഞ്ഞ നിരക്കാണ് ഡി2എം ചിപ്പുകളുടെ പ്രത്യേകത. ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഡിവൈസുകളില്‍ നേരിട്ട് ടെറസ്ട്രിയൽ ടെലിവിഷൻ പ്രക്ഷേപണ സിഗ്നലുകൾ ലഭിക്കാന്‍ ഇത് സഹായിക്കും. സാങ്ക്യ വികസിപ്പിച്ചെടുത്ത ‘പൃഥി 3 എടിഎസ്‌സി 3.0’ ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്.
മാർക്ക് വൺ എന്ന ആദ്യത്തെ ഡി2എം സ്മാർട്ട്‌ഫോൺ റഫറൻസ് ഡിസൈനും വികസിപ്പിക്കുന്നത് സാങ്ക്യ ലാബ്‌സാണ്. ബെംഗളൂരു, ഡൽഹി, യുഎസ് എന്നിവിടങ്ങളിൽ ഇത് ഫീൽഡ് ട്രയലുകൾക്ക് വിധേയമാക്കിയിരുന്നു.
സ്മാർട്ട്‌ഫോണുകൾ, യുഎസ്ബി ഡോംഗിളുകൾ, ഗേറ്റ്‌വേകൾ, ടെലിവിഷനിൽ പ്ലഗ് ഇൻ ചെയ്യാൻ കഴിയുന്ന കുറഞ്ഞ വിലയുള്ള ഫീച്ചർ ഫോൺ എന്നിവയുൾപ്പെടെ നിരവധി ഡി2എം ഡിവൈസുകളാണ് സാങ്ക്യ വികസിപ്പിക്കുന്നത്. വൈഫൈ അല്ലെങ്കിൽ ഇന്റർനെറ്റ് സേവനങ്ങളുടെ ആവശ്യമില്ലാതെ, വിവിധ വീഡിയോ, ഓഡിയോ, ടെക്സ്റ്റ് സന്ദേശങ്ങൾ നേരിട്ട് മൊബൈൽ ഫോണുകളിലേക്ക് എത്തിക്കുന്നതിനും ഇതേ ടെറസ്ട്രിയൽ ടിവി ബ്രോഡ്കാസ്റ്റ് എയർവേവുകൾ ഉപയോഗിക്കാമെന്നതാണ് സവിശേഷത. സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ എച്ച്എംഡി, ലാവ എന്നിവയുമായി ചേര്‍ന്നും സാങ്ക്യ പ്രവര്‍ത്തിക്കുന്നുണ്ട്.