Whatsapp: വാട്സപ്പ് അംഗങ്ങൾക്ക് ഇനി ടാഗുകൾ; തിരക്കില്ലാത്തവരെ കണ്ടെത്താൻ പുതിയ ഫീച്ചറെത്തുന്നു
Whatsapp Group Tags: വാട്സപ്പ് ഗ്രൂപ്പ് അംഗങ്ങൾക്ക് ടാഗുകൾ പ്രദർശിപ്പിക്കാൻ അവസരം. ഇത് ബീറ്റ വേർഷനിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
വാട്സപ്പ് ഗ്രൂപ്പിലെ അംഗങ്ങൾക്ക് ടാഗുകൾ പ്രദർശിപ്പിക്കാനുള്ള ഫീച്ചർ എത്തുന്നു. പേരിനോട് ചേർന്ന് ചെറിയ സന്ദേശങ്ങൾ പ്രദർശിപ്പിക്കാൻ ഇതിലൂടെ സാധിക്കും. താൻ ഫ്രീയാണോ തിരക്കിലാണോ എന്നൊക്കെ ഈ ടാഗുകളിൽ സന്ദേശമായി പ്രദർശിപ്പിക്കാനാവും. നിലവിൽ വാട്സപ്പ് ആൻഡ്രോയ്ഡിൻ്റെ ബീറ്റ വേർഷനുകളിൽ ഈ ഫീച്ചർ വന്നുതുടങ്ങിയിട്ടുണ്ട്. ഏറെവൈകാതെ തന്നെ ഇതിൻ്റെ സ്റ്റേബിൾ വേർഷൻ റിലീസാവും.
ഒരു ഗ്രൂപ്പിലുള്ളവർക്ക് മാത്രം കാണാനായി 30 അക്ഷരങ്ങൾ നീളുന്ന സന്ദേശങ്ങളാണ് ടാഗുകളായി പ്രദർശിപ്പിക്കാൻ കഴിയുക. ഇതിലൂടെ പലതരത്തിലുള്ള ഗുണങ്ങൾ ലഭിക്കും. കമ്പനി വാട്സപ്പ് ഗ്രൂപ്പുകളിൽ ഓരോ അംഗവും ആരാണെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഗ്രൂപ്പ് മോഡറേറ്റർ ആരാണെന്നും ബോസ് ആരാണെന്നുമൊക്കെ എളുപ്പത്തിൽ മനസ്സിലാക്കി പ്രതികരിക്കാനാവും. തിരക്കിലാണെങ്കിൽ മറ്റുള്ളവർ ശല്യപ്പെടുത്താതിരിക്കാൻ ബിസി എന്നോ മറ്റോ ടാഗിൽ എഴുതി പ്രദർശിപ്പിക്കാം.
Also Read: LibrePods: എയർപോഡ് എക്സ്പീരിയൻസ് ഇനി ആൻഡ്രോയ്ഡിലും; നിർണായക കണ്ടുപിടുത്തവുമായി 15 വയസുകാരൻ
യൂസർനേമുകളോ ഡിസ്പ്ലേ നേമുകളോ പോലെയല്ല ഇത്. ആവശ്യമെങ്കിൽ മാത്രം ഇത് ചേർത്താൽ മതിയാവും. ഇത് പൂർണമായും അംഗങ്ങളുടെ നിയന്ത്രണത്തിലാണ്. ഗ്രൂപ്പ് അഡ്മിന്മാർക്ക് ഇതിൽ നിയന്ത്രണമില്ല. ഈ ടാഗുകൾ എപ്പോൾ വേണമെങ്കിലും എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആവാം. ലിങ്ക്, സ്പെഷ്യൽ സിംബലുകൾ തുടങ്ങിയവ ടാഗിൽ ഉൾപ്പെടുത്താനാവില്ല. ഒരു ഗ്രൂപ്പിലേക്കായി ക്രിയേറ്റ് ചെയ്യുന്ന ടാഗുകൾ അതാത് ഗ്രൂപ്പിൽ മാത്രമേ കാണാനാവൂ. ഫാമിലി ഗ്രൂപ്പിലെ ടാഗ് ഓഫീസ് ഗ്രൂപ്പിൽ കാണാനാവില്ല. വാട്സപ്പ് റീഇൻസ്റ്റാൾ ചെയ്താലും ഫോൺ മാറിയാലും ഈ ടാഗുകൾ നിലനിൽക്കും.
ഗ്രൂപ്പ് ചാറ്റെടുത്ത് ഗ്രൂപ്പ് ഇൻഫോ സ്ക്രീൻ തുറക്കുക. മെമ്പേഴ്സ് ലിസ്റ്റിൽ നിന്ന് നിങ്ങളുടെ പേര് തിരഞ്ഞെടുക്കുക. ഇവിടെ ടാഗ് ക്രിയേറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള ഓപ്ഷനുണ്ടാവും. ഇത് ചെയ്ത് സേവ് ചെയ്താൽ ഈ ടാഗ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് കാണാൻ കഴിയും.